'ലൈക്കിനും ഷെയറിനും അപ്പുറത്ത് ജീവിതങ്ങളുണ്ട്, മകനെ ഓർത്തെങ്കിലും ഇത് നിർത്തണം'; മൂന്നാം വിവാഹവാർത്തകളിൽ പ്രതികരിച്ച് ഷുഹൈബ് മാലിക്; നിയമനടപടി സ്വീകരിക്കുമെന്നും താരം
കറാച്ചി: താൻ മൂന്നാമതും വിവാഹിതനാകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ പാക് നടി സന ജാവേദിനെ മാലിക് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധവും തകർച്ചയിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കാണ് താരം ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
വെറും ലൈക്കിനും ഷെയറിനും വേണ്ടി മാധ്യമങ്ങൾ കെട്ടിച്ചമച്ച നുണകളാണ് പ്രചരിപ്പിക്കുന്നതെന്ന് മാലിക് പറഞ്ഞു. തന്റെ മൗനം പലരും മുതലെടുക്കുകയാണെന്നും ഭാര്യ സന ജാവേദിനെതിരെയുള്ള സൈബർ ആക്രമണങ്ങൾ സഹിക്കാനാവില്ലെന്നും താരം വ്യക്തമാക്കി.
"വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. 2023-ൽ ആദ്യ വിവാഹബന്ധം (സാനിയ മിർസയുമായുള്ളത്) പരസ്പര സമ്മതത്തോടെയാണ് അവസാനിപ്പിച്ചത്. മകന്റെ കാര്യത്തിൽ സംയുക്ത ഉത്തരവാദിത്തം ഏറ്റെടുക്കാനും തീരുമാനിച്ചു. അതിന് ശേഷമാണ് വീണ്ടും വിവാഹിതനായത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അതിരുകടക്കുന്നു"- മാലിക് പറഞ്ഞു.
Shoaib Malik decline all the rumors about his marriage and also announce a legal action against false propagation 🚨 pic.twitter.com/mfNaEFFIOT
— Ali (@FAheemAli_14) February 28, 2026
തന്റെ മകന് കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രായമായെന്നും ഇത്തരം വാർത്തകൾ അവനെ വേദനിപ്പിക്കുമെന്നും താരം ചൂണ്ടിക്കാട്ടി. "കുറച്ചു പണത്തിനുവേണ്ടി കെട്ടിച്ചമയ്ക്കുന്ന ഈ വാർത്തകൾ എന്റെ മകനും വായിക്കും. ഞാൻ സ്നേഹിക്കുന്നവരെയെല്ലാം ഇത് വേദനിപ്പിക്കുന്നുണ്ട്. ഇനിയും വേട്ടയാടൽ തുടർന്നാൽ നിയമനടപടി സ്വീകരിക്കും." ലൈക്കിനും ഷെയറിനും അപ്പുറത്ത് ചില ജീവിതങ്ങൾ കൂടിയുണ്ടെന്ന് ഓർക്കണമെന്നും അല്പം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അഭ്യർത്ഥിച്ചാണ് ഷുഹൈബ് മാലിക് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
