ഫാഫ് ഡു പ്ലെസിന് പിന്നാലെ മുൻ ഇംഗ്ലണ്ട് താരവും പാക്കിസ്ഥാൻ സൂപ്പർ ലീഗിലേക്ക്; അടുത്ത ഐപിഎൽ സീസണുണ്ടാകില്ലെന്ന് മോയിൻ അലി; തീരുമാനം താരത്തെ കെകെആർ ഒഴിവാക്കിയതിന് പിന്നാലെ

Update: 2025-12-01 16:10 GMT

ഡൽഹി: 2026ലെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോയിൻ അലി. ഇതോടെ വരും സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) താരം കളിക്കില്ലെന്ന് ഉറപ്പായി. ഐപിഎൽ ഒഴിവാക്കി പിഎസ്എൽ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ വിദേശ താരമാണ് 38 വയസ്സുകാരനായ മോയിൻ അലി. കഴിഞ്ഞ ആഴ്ച ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഫഫ് ഡു പ്ലെസിസും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു.

ഇംഗ്ലണ്ടിനായി 92 ടി20 മത്സരങ്ങളിൽ കളിച്ച മോയിൻ അലി, 2018 മുതൽ എല്ലാ ഐപിഎൽ സീസണുകളിലും സജീവ സാന്നിധ്യമായിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ മൂന്ന് പ്രമുഖ ടീമുകൾക്കായി അദ്ദേഹം ഇതുവരെ 73 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു ഓൾറൗണ്ടർ എന്ന നിലയിൽ, ഐപിഎല്ലിൽ 1167 റൺസ് നേടുകയും 41 വിക്കറ്റുകൾ വീഴ്ത്തുകായും ചെയ്തിട്ടുണ്ട്.

2025 ലെ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നെങ്കിലും ആറ് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് കളിക്കാനായത്. മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതിരുന്നതിനെ തുടർന്ന്, അടുത്ത മിനി-ലേലത്തിന് മുന്നോടിയായി ടീം താരത്തെ ഒഴിവാക്കിയിരുന്നു. പിഎസ്എല്ലിൽ മോയിൻ അലിക്ക് മുൻപരിചയമുണ്ട്. മുൾട്ടാൻ സുൽത്താൻസിനായി ഒരു സീസണിൽ ഒമ്പത് മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്.

Tags:    

Similar News