'ക്രിക്കറ്റ് മടുക്കുമ്പോൾ വിരമിക്കും'; ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളി തുടരുമെന്നും മുഹമ്മദ് ഷമി
കൊൽക്കത്ത: ക്രിക്കറ്റ് ആസ്വദിക്കുന്ന കാലത്തോളം കളിക്കളത്തിൽ സജീവമായിരിക്കുമെന്ന് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. അടുത്ത കാലത്തൊന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളി തുടരുമെന്നും അദ്ദേഹം അറിയിച്ചു. ന്യൂസ് 24 ന് നൽകിയ അഭിമുഖത്തിലാണ് ഷമി ഇക്കാര്യം വ്യക്തമാക്കിയത്.
34-കാരനായ ഷമിയുടെ ഭാവി സംബന്ധിച്ച് അടുത്തിടെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തെ പരിഗണിക്കാതിരുന്നത് ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെത്തുടർന്നാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. 'ഞാൻ വിരമിക്കാത്തതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തുറന്നുപറയട്ടെ. എനിക്ക് ക്രിക്കറ്റ് മടുക്കുമ്പോൾ മാത്രം വിരമിക്കും. ടീമിൽ ഇടം ലഭിച്ചില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കും, എവിടെയായാലും കളിച്ചുകൊണ്ടേയിരിക്കും' - ഷമി പറഞ്ഞു.
ഇന്ത്യയ്ക്കായി ഏകദിന ലോകകപ്പ് കിരീടം നേടുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും, 2023 ൽ അതിനടുത്തുവരെ എത്തിയെങ്കിലും ഫൈനലിൽ ഭാഗ്യം തുണച്ചില്ലെന്നും ഷമി പറയുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഷമിക്ക് ഇടം ലഭിച്ചിരുന്നില്ല. വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഷമി.