ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ല രഞ്ജി ട്രോഫിയിലെ ആദ്യ മത്സരങ്ങൾ നഷ്ടമാവും; മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും

Update: 2024-10-09 12:42 GMT

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ ക്രിക്കറ്റ് കളത്തിലേക്കുള്ള മടങ്ങി വരവ് ഇനിയും വൈകും. കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഷമി ഏറെ കാലമായി കളിക്കളത്തിന് പുറത്താണ്. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുക്കാത്ത സാഹചര്യത്തില്‍ രഞ്ജി ട്രോഫിയിലെ ആദ്യ മത്സരങ്ങൾ നഷ്ടമാവുമെന്ന് ഉറപ്പായി. താരത്തിന്റെ കണങ്കാലിനേറ്റ പരിക്ക് ഭേദമാവാത്തതാണ് കാരണം. രഞ്ജിയിൽ ബംഗാളിന്റെ താരമാണ് ഷമി.

2023 ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. എന്നാൽ ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു. ശേഷം പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചില്ല.

ഈ വർഷം നടന്ന ഐ.പി.എൽ, ടി20 ലോകകപ്പ് എന്നിവയിലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെ വിശ്രമം അവസാനിപ്പിച്ച് ഷമി പരിശീലനം ആരംഭിച്ചിരുന്നു. പിന്നാലെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷമി ഇടം ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഷമി പൂർണ ആരോഗ്യവാനായിരുന്നില്ല.

Tags:    

Similar News