ഷമിയുടെ തിരിച്ചുവരവ് വൈകും; രഞ്ജിയില്‍ ബംഗാളിനൊപ്പമുള്ള രണ്ട് മത്സരങ്ങള്‍ കൂടി നഷ്ടമാകും; ഷമ്മിയുടെ തിരിച്ച് വരവ് വൈകുന്നതില്‍ ബോര്‍ഡര്‍ ഗവാസ്കറിന് മുന്‍പ് ഇന്ത്യക്കും തിരിച്ചടി
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വീണ്ടും വൈകുന്നു. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനല്ലാത്ത മുഹമ്മദ് ഷമിയെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രണ്ട് മത്സരങ്ങള്‍ക്കുള്ള ബംഗാളിന്റെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കര്‍ണാടകയ്ക്കും മധ്യപ്രദേശിനുമെതിരായ രഞ്ജി മത്സരങ്ങളാണ് ഷമിക്ക് നഷ്ടപ്പെടുക. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി പരമ്പരയ്ക്ക് മുന്നോടിയായി രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ ഷമിക്ക് താല്‍പ്പര്യമുണ്ടെന്ന് ബംഗാള്‍ ടീമിന്റെ കോച്ച് ലക്ഷ്മി രത്തന്‍ ശുക്ലയും വെളിപ്പെടുത്തിയിരുന്നു. കായികക്ഷമത തെളിയിച്ചാല്‍ ഉള്‍പ്പെടുത്തുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോലം തിരിച്ചടിയാണിത്.
കണങ്കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്നതിനാല്‍ പേസറെ ബോര്‍ഡര്‍ - ഗവാസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയിരുന്നു. ഇപ്പോള്‍ മധ്യപ്രദേശിനും കര്ണാടകക്കുമെതിരായ ബംഗാള്‍ ടീമില്‍ നിന്നും ഷമിയെ ഒഴിവാക്കി. 2023 ഏകദിന ലോകകപ്പിലാണ് ഷമി ഇന്ത്യക്ക് അവസാനമായി കളിച്ചത്. പിന്നീട് പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ കൃത്യസമയത്ത് ഫിറ്റ്നസ് ലഭിക്കാത്തതിന് തന്റെ ആരാധകരോടും ബിസിസിഐയോടും ഷമി ക്ഷമാപണം നടത്തിയിരുന്നു.
അടുത്തിടെ താരം ജിമ്മില്‍ പരിശീലനം നടത്തുന്ന വീഡിയോ പങ്കിട്ടിരുന്നു. എല്ലാ ദിവസവും ബൗളിംഗ് ഫിറ്റ്നസ് നേടുന്നതിനായി താന്‍ പ്രവര്‍ത്തിക്കുകയാണെന്നും ഉടന്‍ തന്നെ ആഭ്യന്തര റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ തിരിച്ചെത്തുമെന്നും ഷമി വ്യക്താക്കി. ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ സ്വന്തം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലേക്ക് തിരിച്ചുവരുമെന്ന് സൂചന ലഭിച്ചിരുന്നുവെങ്കിലും കാല്‍മുട്ടിന് നീര്‍ക്കെട്ടുണ്ടായി. പിന്നാലെയാണ് തിരിച്ചുവരവ് വൈകുകയായിരുന്നു.