ഐസിസി ചെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചു; ഒടുവില്‍ നടപടി എടുത്ത് ഐസിസി; സിറാജിന് 20 ശതമാനം മാച്ച് ഫീയുടെ പിഴയും, ഡീമെറിറ്റ് പോയിന്റും; ഹെഡിന് പിഴയില്ല ഡീമെറിറ്റ് പോയിന്റ് മാത്രം

Update: 2024-12-09 16:12 GMT

ട്രാവിസ് ഹെഡിനും മുഹമ്മദ് സിറാജിനുമെതിരെ ഒടുവില്‍ നടപടി എടുത്ത് ഐസിസി. ബോര്‍ഡര്‍ ഗവാസ്‌കള്‍ ട്രോഫിയുടെ രണ്ടാം ടെസ്റ്റിന്റെ മത്സരത്തിനിടെ ഗ്രൗണ്ടില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തിനാണ് മറുപടി. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തിയത്. അതേസമയം ഹെഡിന് പിഴയില്ല. സിറാജിനും ഹെഡിനും ഓരോ ഡീമെറിറ്റ് പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. ഐസിസി ചെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഐസിസി അറിയിച്ചു.

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ഓസീസ് ബാറ്റിങ്ങിന്റെ നെടുംതൂണായി മാറിയ താരമായിരുന്നു ട്രാവിസ് ഹെഡ്. ഇന്ത്യന്‍ പേസര്‍ സിറാജിന്റെ പന്തില്‍ ഹെഡ് ക്ലീന്‍ ബൗള്‍ഡായതോടെയാണ് വാക്കേറ്റം ആരംഭിച്ചത്.

141 പന്തില്‍ 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ കിടിലന്‍ ഇന്‍സ്വിങ് യോര്‍ക്കറിലൂടെ പുറത്താക്കിയ ശേഷമുള്ള സിറാജിന്റെ ആവേശകരമായ ആഘോഷം വിവാദമായിരുന്നു. ആഘോഷത്തിനിടെ ട്രാവിസ് ഹെഡിനോട് ഡ്രസ്സിംഗ് റൂമിലേക്ക് പോകാന്‍ മുഹമ്മദ് സിറാജ് കൈചൂണ്ടി കാണിക്കുകയും ചെയ്തു. മറുപടിയായി വാക്കുകള്‍ കൊണ്ട് ട്രാവിസ് ഹെഡ് പ്രതികരിച്ചതോടെ രം?ഗം കൊഴുക്കുകയായിരുന്നു. ഹെഡിനെ സ്ലെഡ്ജ് ചെയ്ത മുഹമ്മദ് സിറാജിനെ നോക്കി ഓസീസ് ആരാധകര്‍ കൂവിവിളിക്കുകയും ചെയ്തിരുന്നു.

അഡലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസീസ് താരം മാര്‍നസ് ലബുഷെയ്നുമായി സിറാജ് വാക്കേറ്റത്തിലേര്‍പ്പെട്ടതും വിവാദമായിരുന്നു. സിറാജ് റണ്‍അപ് പൂര്‍ത്തിയാക്കിയതിന് ശേഷം ലബുഷെയ്ന്‍ ബാറ്റിങ്ങില്‍ നിന്ന് പിന്‍വാങ്ങിയതാണ് സിറാജിനെ ചൊടിപ്പിച്ചത്. പിന്നാലെ സിറാജ് ദേഷ്യത്തോടെ പന്ത് ലബുഷെയ്ന് നേരെ വലിച്ചെറിയുകയായിരുന്നു.

Tags:    

Similar News