നാല് വിക്കറ്റുമായി അരങ്ങേറ്റം അവിസ്മരണീയമാക്കി അശ്വനികുമാര്‍; പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് സമ്മാനിച്ച് കൊല്‍ക്കത്ത ബാറ്റര്‍മാര്‍; 116 റണ്‍സിന് പുറത്ത്; മുംബൈ ഇന്ത്യന്‍സിന് 117 റണ്‍സ് വിജയലക്ഷ്യം
മുംബൈ ഇന്ത്യന്‍സിന് 117 റണ്‍സ് വിജയലക്ഷ്യം
മുംബൈ: ഐപിഎല്ലില്‍ ആദ്യ രണ്ട് മത്സരങ്ങളിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ പോരാട്ടവീര്യം വീണ്ടെടുത്ത് മുംബൈ ഇന്ത്യന്‍സ്. ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എറിഞ്ഞിട്ട മുംബൈ ഇന്ത്യന്‍സിന് 117 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 16.2 ഓവറില്‍ 116 റണ്‍സിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തില്‍ പോലും കൊല്‍ക്കത്തയ്ക്ക് മുംബൈയെ ഭയപ്പെടുത്താനായില്ല. മുംബൈയ്ക്ക് വേണ്ടി പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് സമ്മാനിച്ച കൊല്‍ക്കത്ത ബാറ്റര്‍മാര്‍ 22 പന്തുകള്‍ ബാക്കി നില്‍ക്കെ കൂടാരം കയറി.
ആദ്യ മത്സരത്തില്‍ വിസ്മയമൊളിപ്പിച്ചുവച്ച പന്തുമായി മുംബൈ ഇന്ത്യന്‍സ് കളത്തിലേക്ക് പറഞ്ഞുവിട്ടത് വിഘ്‌നേഷ് പുത്തൂര്‍ എന്ന മലയാളി താരത്തെയാണെങ്കില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മൂന്നാം മത്സരത്തില്‍ അത് മൊഹാലിയില്‍ നിന്നുള്ള 23കാരന്‍ അശ്വനി കുമാറായി മാറി. അരങ്ങേറ്റ മത്സരത്തിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ അസാമാന്യ ബോളിങ് പ്രകടനവുമായി വിസ്മയിപ്പിച്ച അശ്വനി കുമാര്‍ ആദ്യ മത്സരത്തില്‍ വീഴ്ത്തിയത് നാലു വിക്കറ്റ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ കൊല്‍ക്കത്ത, 16.2 ഓവറിലാണ് 116 റണ്‍സിന് പുറത്തായത്. 16 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്ത ആന്‍ക്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. അശ്വനി കുമാര്‍ മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ രണ്ട് ഓവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും (1) സുനില്‍ നരെയ്‌നും (0) ആദ്യ രണ്ട് ഓവറിനുള്ളില്‍ തന്നെ മടങ്ങിയതാണ് കൊല്‍ക്കത്തയുടെ കൂട്ടത്തകര്‍ച്ചയിലേയ്ക്ക് നയിച്ചത്. മൂന്നാമനായെത്തിയ അജിങ്ക്യ രഹാനെ 11 റണ്‍സുമായി മടങ്ങി. അംഗ്ക്രിഷ് സൂര്യവന്‍ഷി 26 റണ്‍സും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മനീഷ് പാണ്ഡെ 19 റണ്‍സും റിങ്കു സിംഗ് 17 റണ്‍സും നേടി. വെങ്കടേഷ് അയ്യര്‍ (3), ആന്ദ്രെ റസല്‍ (5) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. 12 പന്തില്‍ 22 റണ്‍സ് നേടിയ രമണ്‍ദീപ് സിംഗിന്റെ അവസാന നിമിഷത്തെ പ്രകടനമാണ് കൊല്‍ക്കത്തയെ മൂന്നക്കം കടത്തിയത്.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ 4 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വനി കുമാറാണ് മുംബൈയുടെ താരം. അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍ എന്നിവരുടെ വിക്കറ്റുകളാണ് അശ്വനി കുമാര്‍ സ്വന്തമാക്കിയത്. 2 ഓവറില്‍ 19 റണ്‍സ് വഴങ്ങിയ ദീപക് ചഹര്‍ 2 വിക്കറ്റുകള്‍ നേടി. ട്രെന്‍ഡ് ബോള്‍ട്ട്, ഹര്‍ദ്ദിക് പാണ്ഡ്യ, വിഘ്‌നേഷ് പുത്തൂര്‍, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കൊല്‍ക്കത്ത നിരയില്‍ രഘുവംശിക്കു പുറമേ രണ്ടക്കം കണ്ടത് ആകെ നാലു പേരാണ്. ഏഴു പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, 14 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 17 റണ്‍സെടുത്ത റിങ്കു സിങ്, 14 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 19 റണ്‍സെടുത്ത ഇംപാക്ട് സബ് മനീഷ് പാണ്ഡെ, അവസാന നിമിഷങ്ങളില്‍ തകര്‍ത്തടിച്ച് 12 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 22 റണ്‍സെടുത്ത രമണ്‍ദീപ് സിങ് എന്നിവര്‍.
അരങ്ങേറ്റത്തിലെ ആദ്യ പന്തില്‍ത്തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ അജിന്‍ക്യ രഹാനെയുടെ വിക്കറ്റെടുത്ത് സ്വപ്നതുല്യമായ തുടക്കമായിരുന്നു അശ്വനി കുമാറിന്റേത്. ഏഴു പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 11 റണ്‍സുമായി ആക്രമണം മുംബൈ ക്യാംപിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് രഹാനെ മടങ്ങിയത്. തിലക് വര്‍മ ക്യാച്ചെടുത്തു. ഒരു പന്തിന്റെ ഇടവേളയ്ക്കു ശേഷം അശ്വനി കുമാര്‍ രണ്ടാം വിക്കറ്റിന് തൊട്ടരികെ എത്തിയെങ്കിലും വെങ്കടേഷ് അയ്യര്‍ നല്‍കിയ അവസരം മിച്ചല്‍ സാന്റ്‌നര്‍ ബാക്ക്വാഡ് പോയിന്റില്‍ വിട്ടുകളഞ്ഞത് തിരിച്ചടിയായി. മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റത്തില്‍ വിക്കറ്റെടുക്കുന്ന നാലാമത്തെ താരം കൂടിയായി അശ്വനി കുമാര്‍. തൊട്ടടുത്ത ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വെങ്കടേഷ് അയ്യര്‍ തന്നെ നല്‍കിയ അവസരം അശ്വനി കുമാറും വിട്ടുകളഞ്ഞു.
ഈ മത്സരത്തില്‍ ഇംപാക്ട് പ്ലെയറായി അവസരം ലഭിച്ച മനീഷ് പാണ്ഡെ ഐപിഎലിന്റെ ഇതുവരെയുള്ള 18 സീസണുകളിലും കളിക്കുന്ന നാലാമത്തെ മാത്രം താരമായി മാറി. എം.എസ്. ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ഇക്കാര്യത്തില്‍ പാണ്ഡെയുടെ മുന്‍ഗാമികള്‍.