ക്വാര്‍ട്ടര്‍ പോരാട്ടത്തിലും തകര്‍ത്തടിച്ച് ദേവ്ദത്ത് പടിക്കലും കരുണ്‍ നായരും; മലയാളിക്കരുത്തില്‍ മുംബൈയെ കീഴടക്കി കര്‍ണാടക; വിജയ് ഹസാരെ ട്രോഫിയില്‍ യുപിയെ കീഴടക്കി സൗരാഷ്ട്രയും സെമിയില്‍
മുംബൈ: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ മുംബൈയെ കീഴടക്കി കര്‍ണാടകയും ഉത്തര്‍പ്രദേശിനെ കീഴടക്കി സൗരാഷ്ട്രയും സെമിയില്‍. ഇന്ന് നടന്ന ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുംബൈയെ വിജെഡി നിയമപ്രകാം 55 റണ്‍സിന് തകര്‍ത്താണ് കര്‍ണാടക സെമിയിലെത്തിയത്. വെളിച്ചക്കുറവുമൂലം കളി രണ്ടാം ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കാനാവാഞ്ഞതോടെയാണ് വിജെഡി നിയമപ്രകാരം കര്‍ണാടകയെ വിജയികളായി പ്രഖ്യാപിച്ചത്. മഴ കാരണം തടസ്സപ്പെട്ട മറ്റൊരു മത്സരത്തില്‍ യുപിയെ സൗരാഷ്ട്ര വിജെഡി നിയമപ്രകാം 17 റണ്‍സിന് പരാജയപ്പെടുത്തി.
മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലും കരുണ്‍ നായരും അപരാജിത അര്‍ധസെഞ്ചുറികളുമായി കര്‍ണാടകക്കായി തിളങ്ങി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും സര്‍ഫറാസ് ഖാനും സൂര്യകുമാര്‍ യാദവും യശസ്വി ജയ്‌സ്വാളുമെല്ലാം വിട്ടുനിന്ന മത്സരത്തില്‍ കര്‍ണാടകക്കെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. 86 റണ്‍സെടുത്ത ഷംസ് മുലാനിയായിരുന്നു മുംബൈയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സിദ്ദേശ് ലാഡ്(38), സായ്രാജ് ബി പാട്ടീല്‍(33*), അംഗ്രിഷ് രഘുവംശി(27) എന്നിവരും മുംബൈക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുഷീര്‍ ഖാന്‍ 7 റണ്‍സെടുത്ത് പുറത്തായി നിരാശപ്പെടുത്തി. കര്‍ണാടകക്കായി വിദ്യാഥിര്‍ പട്ടേല്‍ മൂന്നും വിദ്വത് കവരപ്പുയും അഭിലാഷ് ഷെട്ടിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
255 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടകക്ക് തുടക്കത്തിലെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ(12) നഷ്ടമായെങ്കിലും മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലും(95 പന്തില്‍ 81*), കരുണ്‍ നായരും(80 പന്തില്‍ 74*) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 143 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കര്‍ണാടകെ 33 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സിലെത്തിച്ചപ്പോഴാണ് വെളിച്ചക്കുറവുമൂലം കളി നിര്‍ത്തിയത്. തുടര്‍ന്ന് കര്‍ണാടകയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ 721 റണ്‍സടിച്ച ദേവ്ദത്ത് പടിക്കല്‍ ആയിരുന്നു കര്‍ണാടകയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്.
മറ്റൊരു മത്സരത്തില്‍ യുപിയെ സൗരാഷ്ട്ര പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍ പ്രദേശ് 310 റണ്‍സ് അടിച്ചെടുത്തു. 88 റണ്‍സ് വീതം നേടിയ അഭിഷേക് ഗോസ്വാമി, സമീര്‍ റിസ്വി എന്നിവരാണ് ഉത്തര്‍ പ്രദേശിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. പ്രിയം ഗാര്‍ഗ് (35), പ്രശാന്ത് വീര്‍ (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ റിങ്കു സിംഗ് (13) നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ 40.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 238 റണ്‍സ് എന്ന നിലയില്‍ മഴ മത്സരം തടസ്സപ്പെടുത്തുകയായിരുന്നു. ഹാര്‍വിക് ദേശായി സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. പ്രേരക് മങ്കാദ് അര്‍ധ സെഞ്ചുറി നേടി.
