'കളിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് അവനെ ടീമിലെടുക്കുന്നത്'; ഒരു കാരണവുമില്ലാതെ അവനെ ഒഴിവാക്കുന്നു; പ്ലേയിങ് ഇലവനിൽ ആ താരത്തെ ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി ഇർഫാന്‍ പത്താന്‍
വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്താതിരുന്നതിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കളിപ്പിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് താരത്തെ ടീമിലെടുക്കുന്നതെന്ന് പത്താൻ ചോദ്യമുയർത്തി. ജിയോ ഹോട്ട്സ്റ്റാറിലെ ചർച്ചയിലാണ് ആദ്യ ഏകദിനത്തിലെ ടോസിനുശേഷം പത്താൻ തന്റെ അതൃപ്തി വ്യക്തമാക്കിയത്.
"കളിപ്പിക്കുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അവനെ ഒരു ഓൾറൗണ്ടറായി വളർത്തിയെടുക്കുക?" പത്താൻ ചോദിച്ചു. നിതീഷിനെ എല്ലാ പരമ്പരകളിലും ടീമിൽ ഉൾപ്പെടുത്തുകയും ടീമിനൊപ്പം യാത്ര ചെയ്യിക്കുകയും ചെയ്യുന്നതായും എന്നാൽ പ്ലേയിംഗ് ഇലവനിൽ അവസരം നൽകാതിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കാരണവുമില്ലാതെ താരത്തെ ഒഴിവാക്കുന്നതിനെതിരെ രൂക്ഷമായ വിമർശനമാണ് പത്താൻ ഉന്നയിച്ചത്.
ഇത് ആദ്യമായല്ല പത്താൻ നിതീഷ് കുമാർ റെഡ്ഡിക്ക് വേണ്ടി സംസാരിക്കുന്നത്. നേരത്തെ തന്റെ യൂട്യൂബ് ചാനലിലൂടെയും പത്താൻ ഈ വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. 130 കിലോമീറ്റർ വേഗത്തിൽ പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിവുള്ള അധികം ഓൾറൗണ്ടർമാർ രാജ്യത്ത് ഇല്ലെന്ന് പത്താൻ അടിവരയിട്ടുപറഞ്ഞു. ഹാർദിക് പാണ്ഡ്യയുടെ കരിയറിന്റെ തുടക്കത്തിൽ രണ്ടോ മൂന്നോ വർഷം തുടർച്ചയായി അവസരങ്ങൾ നൽകിയതുകൊണ്ടാണ് അദ്ദേഹം ഇന്നത്തെ നിലയിലേക്ക് ഉയർന്നതെന്നും, അതുപോലെ നിതീഷിന്റെ കാര്യത്തിലും സെലക്ടർമാരും ആരാധകരും കൂടുതൽ ക്ഷമ കാണിക്കണമെന്നും പത്താൻ ആവശ്യപ്പെട്ടു.
ലഭിച്ച അവസരങ്ങളിൽ നിതീഷിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലായിരിക്കാമെന്നും, മെൽബണിൽ നേടിയ ടെസ്റ്റ് സെഞ്ചുറി മാത്രമാണ് താരത്തിന്റെ ഇതുവരെയുള്ള മികച്ച ഇന്നിംഗ്സെന്നും പത്താൻ സമ്മതിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റിൽ അവസരം ലഭിച്ചപ്പോൾ മികവ് കാട്ടാൻ താരത്തിന് സാധിച്ചിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, അദ്ദേഹത്തിന്റെ തനതായ കഴിവുകൾ പരിഗണിച്ച് കൂടുതൽ അവസരങ്ങൾ നൽകി വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും, അല്ലാത്തപക്ഷം അവന്റെ യഥാർത്ഥ പ്രതിഭ പുറത്തുകൊണ്ടുവരാനുള്ള അവസരം നഷ്ടപ്പെടുമെന്നും പത്താൻ പറഞ്ഞു.