തിലകിനും പന്തിനും പിന്നാലെ വാഷിങ്ടൺ സുന്ദറിനും പരിക്ക്; ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്; ഇന്ത്യക്ക് തിരിച്ചടി
വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദർ വാരിയെല്ലിനേറ്റ പരിക്കിനെ തുടർന്ന് പുറത്തായി. ഇത് ഇന്ത്യൻ ടീമിന് തുടർച്ചയായ തിരിച്ചടിയായി. നേരത്തെ, തിലക് വർമയും ഋഷഭ് പന്തും പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായിരുന്നു. ഒന്നാം ഏകദിനത്തിൽ കളത്തിലിറങ്ങിയ സുന്ദർ അഞ്ചോവർ പന്തെറിഞ്ഞ ശേഷം അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു.
പിന്നീട് മത്സരത്തിൽ താരം കളിക്കാനിറങ്ങിയില്ല. ബാറ്റിങ്ങിൽ എട്ടാം സ്ഥാനത്താണ് സുന്ദർ ഇറങ്ങിയത്. വാരിയെല്ലിനേറ്റ പരിക്ക് കാരണം താരത്തിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. പരമ്പര ആരംഭിക്കുന്നതിന് മുൻപാണ് തിലക് വർമയും പിന്നാലെ ഋഷഭ് പന്തും പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായത്. ഇരുവരുടെയും വയറിനാണ് പരിക്കേറ്റത്.
അതേസമയം, ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു. ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് പന്തുകൾ ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടി ലക്ഷ്യം മറികടന്നു. വിരാട് കോഹ്‌ലിയുടെയും നായകൻ ശുഭ്മൻ ഗില്ലിന്റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.
91 പന്തിൽ ഒരു സിക്സും എട്ട് ഫോറുമടക്കം 93 റൺസെടുത്ത കോഹ്‌ലി, അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 28,000 റൺസ് പിന്നിടുന്ന ബാറ്ററെന്ന റെക്കോർഡും സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. 624 ഇന്നിങ്സുകളിൽനിന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്, സചിൻ 644 ഇന്നിങ്സുകളിൽനിന്നാണ് 28,000 റൺസിലെത്തിയത്.