രാജ്യാന്തര ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി വിരാട് കോലി; അതിവേഗം 28,000 റൺസ് തികച്ച സച്ചിന്റെ റെക്കോർഡും തകർത്തു; റൺവേട്ടയിൽ കുമാർ സംഗക്കാരയെ മറികടന്ന് താരം
വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറിനഷ്ടമായെങ്കിലും ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 28,000 റൺസ് നേടുന്ന താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് കോഹ്ലി മറികടന്നു. കൂടാതെ, രാജ്യാന്തര റൺവേട്ടയിൽ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെ പിന്തള്ളി കോലി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
624 ഇന്നിങ്‌സുകളിൽ നിന്നാണ് കോലി 28,000 രാജ്യാന്തര റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ഈ നേട്ടം കൈവരിക്കാൻ സച്ചിൻ ടെണ്ടുൽക്കർക്ക് 644 ഇന്നിങ്‌സുകൾ വേണ്ടിവന്നു. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിനു മുൻപ് 27,975 റൺസാണ് കോഹ്ലിയുടെ പേരിലുണ്ടായിരുന്നത്. മത്സരത്തിൽ 25 റൺസ് നേടിയതോടെ താരം റെക്കോർഡ് സ്വന്തമാക്കുകയായിരുന്നു. സച്ചിനും കുമാർ സംഗക്കാരയ്ക്കും (666 ഇന്നിങ്‌സുകൾ) ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് കോഹ്ലി.
മത്സരത്തിൽ 91 പന്തുകൾ നേരിട്ട കോലി 93 റൺസെടുത്ത് പുറത്തായി. സെഞ്ച്വറിക്ക് 7 റൺസ് അകലെ വെച്ച് 39-ാം ഓവറിൽ കൈൽ ജാമിസന്റെ പന്തിൽ മിച്ചൽ ബ്രേസ്‍വെല്ലിന് ക്യാച്ച് നൽകുകയായിരുന്നു. പുരുഷ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ 28,068 റൺസുമായി കോലി ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. 34,357 റൺസോടെ സച്ചിൻ ടെണ്ടുൽക്കർ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 28,016 റൺസുമായി കുമാർ സംഗക്കാര മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
37 വയസ്സുകാരനായ കോലി കരിയറിൽ ഇതുവരെ 309 ഏകദിനങ്ങളും, 125 ടി20 മത്സരങ്ങളും, 123 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച കോഹ്ലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് കോഹ്ലി ആഗ്രഹിക്കുന്നത്.