'ഇത് പാക്കിസ്ഥാനല്ല മോനേ, ഓസ്‌ട്രേലിയയാണ്! 23 പന്തില്‍ 26 റണ്‍സുമായി ഏകദിനം കളിച്ച റിസ്വാനെ പിടിച്ചുപുറത്താക്കി മെല്‍ബണ്‍ ക്യാപ്റ്റന്‍; റിട്ടേര്‍ഡ് ഔട്ടാവാന്‍ ആവശ്യപ്പെട്ടത് പാക്ക് സൂപ്പര്‍ താരത്തിന് നാണക്കേട്; ബിഗ് ബാഷിലെ നാടകീയ രംഗങ്ങളുടെ ദൃശ്യം പുറത്ത്

Update: 2026-01-12 14:42 GMT

സിഡ്‌നി: ബിഗ് ബാഷ് ലീഗില്‍ നാണംകെട്ട് പാക്കിസ്ഥാന്‍ സൂപ്പര്‍താരം മുഹമ്മദ് റിസ്വാന്‍. മെല്‍ബണ്‍ റെനെഗഡ്‌സിനായി നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ റിസ്വാന്‍ 23 പന്തില്‍ 26 റണ്‍സെടുത്തു നില്‍ക്കെ പതിനെട്ടാം ഓവറില്‍ ടീം റിട്ടേയേര്‍ഡ് ഔട്ടായി മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. റിസ്വാനെ മെല്‍ബണ്‍ ക്യാപ്റ്റന്‍ വില്‍ സതര്‍ലാന്‍ഡ് തിരിച്ചുവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ടൂര്‍ണമെന്റില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ റിസ്വാന്‍ ആദ്യ സിക്‌സ് നേടിയ മത്സരത്തില്‍ അവസാന രണ്ടോവറില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ വേണ്ടിയാണ് പാക് താരത്തെ തിരിച്ചുവിളിച്ചത്.


പതിനെട്ടാം ഓവറില്‍ മെല്‍ബണ്‍ റെനെഗഡ്‌സ് 154-5 എന്ന സ്‌കോറില്‍ നില്‍ക്കുമ്പോഴായിരുന്നു 23 പന്തില്‍ 26 റണ്‍സെടുത്ത റിസ്വാനോട് മെല്‍ബണ്‍ ക്യാപ്റ്റന്‍ വില്‍ സതര്‍ലാന്‍ഡ് റിസ്വാനോട് റിട്ടയേര്‍ഡ് ഔട്ടാവാന്‍ ആവശ്യപ്പെട്ടത്. അവസാന രണ്ട് ഓവറില്‍ അടിച്ചു തകര്‍ക്കാനാണ് സതര്‍ലാന്‍ഡ് റിസ്വാനോട് റിട്ടേര്‍ഡ് ഔട്ടാവാന്‍ ആവശ്യപ്പെട്ടതെങ്കിലും റിസ്വാന് പകരം ക്രീസിലിറങ്ങിയ സതര്‍ലാന്‍ഡ് ഒരു റണ്ണെടുത്ത് റണ്ണൗട്ടായി. അവസാന രണ്ടോവറില്‍ 16 റണ്‍സ് മാത്രമാണ് റെനെഗഡ്‌സിന് നേടാനായത്. 31 പന്തില്‍ 46 റണ്‍സെടുത്ത ഹസന്‍ ഖാനാണ് റെനെഗഡ്‌സിന്റെ ടോപ് സ്‌കോററായത്. മഴമൂലം ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം സിഡ്‌നി തണ്ടേഴ്‌സിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 140 റണ്‍സായി പുനര്‍നിര്‍ണയിച്ചു.15.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിയ സിഡ്‌നി 4 വിക്കറ്റ് ജയം സ്വന്തമാക്കി.

തോല്‍വിയോടെ മെല്‍ബണ്‍ റെനെഗഡ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അസ്മിച്ചു. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ലീഗില്‍ ഏഴാം സ്ഥാനത്താണ് നിലവില്‍ റെനഗഡ്‌സ്. ജയത്തോടെ നാലാം സ്ഥാനത്തേക്ക് കയറിയ സിഡ്‌നി തണ്ടേഴ്‌സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കുകയും ചെയ്തു. ബിഗ് ബാഷ് ലീഗില്‍ എട്ട് മത്സരങ്ങള്‍ കളിച്ച മുഹമ്മദ് റിസ്വാന്‍ 101 സ്‌ട്രൈക്ക് റേറ്റില്‍ 167 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയത്. 18 ഫോറും ഒരു സിക്‌സും മാത്രമാണ് റിസ്വാന്‍ ടൂര്‍ണമെന്റില്‍ നേടിയത്. റിസ്വാനൊപ്പം ബിഗ് ബാഷില്‍ സിഡ്‌നി സിക്‌സേഴ്‌സിനായി കളിക്കുന്ന മുന്‍ പാക് നായകന്‍ ബാബര്‍ അസമിനാകട്ടെ എട്ട് മത്സരങ്ങളില്‍ 104 പ്രഹരശേഷിയില്‍ 154 റണ്‍സ് മാത്രമാണ് ഇതുവരെ നേടാനായത്. 12 ഫോറും മൂന്ന് സിക്‌സുമാണ് ബാബര്‍ ഇതുവരെ നേടിയത്.

Similar News