'സഞ്ജു ഔട്ട്, ഇഷാന്‍ ഇന്‍'! വിക്കറ്റ് കീപ്പിങ്ങിലും മലയാളിതാരത്തെ വെട്ടി ബി.സി.സി.ഐ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; കാര്യവട്ടത്തെ ആ മാറ്റം വെറുമൊരു പരീക്ഷണമല്ല; ലോകകപ്പ് ഇലവന്‍ റെഡി! തിലക് വര്‍മ്മ കൂടി എത്തുന്നതോടെ സഞ്ജുവിന് സ്ഥാനം ബെഞ്ചിലോ? ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചനകള്‍ ഇങ്ങനെ!
തിരുവനന്തപുരം: സ്വന്തം തട്ടകമായ കാര്യവട്ടത്ത് ആയിരക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ സഞ്ജു സാംസണ്‍ മികച്ച ഫോമിലേക്ക് ഉയരുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കിയാണ് താരം രണ്ടക്കം പോലും കടക്കാതെ പുറത്തായത്. പൊരുതിത്തോല്‍ക്കുകയല്ല, മറിച്ച് നിരുത്തരവാദപരമായ ബാറ്റിംഗിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു വീണ്ടും ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു. സഞ്ജുവിന്റെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് ഊരിവാങ്ങി ഇഷാന്‍ കിഷന് നല്‍കിയ ടീം മാനേജ്മെന്റിന്റെ നടപടി മലയാളി താരത്തിനുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഇഷാന്‍ അടിച്ചുതകര്‍ത്തു; സഞ്ജു കാഴ്ചക്കാരന്‍!
മത്സരത്തില്‍ ഇന്ത്യയുടെ നട്ടെല്ലായത് ഇഷാന്‍ കിഷന്റെ മാസ്മരിക പ്രകടനമായിരുന്നു. വെറും 43 പന്തില്‍ നിന്ന് 10 സിക്‌സറുകളുടെ അകമ്പടിയോടെ 103 റണ്‍സ് വാരിക്കൂട്ടിയ ഇഷാന്‍ താന്‍ ലോകകപ്പിന് സജ്ജമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു. എന്നാല്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജുവാകട്ടെ, ആറു പന്തില്‍ ആറ് റണ്‍സുമായി പതിവുപോലെ കൂടാരം കയറി. ബാറ്റിംഗിലെ ഈ ദയനീയ പരാജയത്തിന് പിന്നാലെ സഞ്ജുവിനെ വിക്കറ്റ് കീപ്പിംഗില്‍ നിന്ന് മാറ്റിയത് ഗാലറിയിലെ ആരാധകരെപ്പോലും ഞെട്ടിച്ചു.
കവറില്‍ വെറുമൊരു ഫീല്‍ഡര്‍!
കഴിഞ്ഞ നാല് മത്സരങ്ങളിലും വിക്കറ്റിന് പിന്നില്‍ സഞ്ജുവായിരുന്നു. എന്നാല്‍ അഞ്ചാം മത്സരത്തില്‍ ഇഷാന്‍ കിഷന്‍ സെഞ്ചറി നേടി ഫോം തെളിയിച്ചതോടെ ടീം മാനേജ്മെന്റ് കടുത്ത തീരുമാനമെടുത്തു. സഞ്ജുവില്‍ നിന്ന് കീപ്പിംഗ് ചുമതല മാറ്റി ഇഷാന് നല്‍കി. സഞ്ജുവിനെ വെറുമൊരു ഫീല്‍ഡറാക്കി കവറില്‍ നിര്‍ത്താനായിരുന്നു ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നിര്‍ദ്ദേശം. നേരത്തെയുള്ള തീരുമാനമാണെന്ന് ക്യാപ്റ്റന്‍ വിശദീകരിക്കുന്നുണ്ടെങ്കിലും, ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സഞ്ജുവിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം തുലാസിലായിരിക്കുകയാണ്.
നേരത്തെയുള്ള തീരുമാനപ്രകാരമാണ് ഇഷാന്‍ കിഷന്‍ അഞ്ചാം ട്വന്റി20യില്‍ വിക്കറ്റ് കീപ്പറായതെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മത്സര ശേഷം വിശദീകരിച്ചു. സഞ്ജു ആദ്യ മൂന്നിലും, ഇഷാന്‍ അവസാന രണ്ടിലും വിക്കറ്റ് കീപ്പറാവാനാണ് തീരുമാനിച്ചത്. നാലാം മത്സരം ഇഷാന് നഷ്ടമായതോടെ സഞ്ജു തന്നെ വിക്കറ്റ് കീപ്പറാവുകായിരുന്നു -സൂര്യ പറഞ്ഞു.
ട്വന്റി20 ലോകകപ്പില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ നിരയിലെ വിക്കറ്റ് കീപ്പര്‍മാര്‍. സഞ്ജു പ്രധാന വിക്കറ്റ് കീപ്പറാണെങ്കിലും തകര്‍പ്പന്‍ ഫോമിലുള്ള ഇഷാനെയും ബിസിസിഐ പരിഗണിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. തിലക് വര്‍മ പരുക്കുമാറി തിരിച്ചുവരുമ്പോള്‍ ഇഷാനെയും സഞ്ജുവിനെയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഇറക്കാന്‍ സാധിക്കില്ല. ഇതു മുന്നില്‍ കണ്ടാണ് ബിസിസിഐയുടെ നീക്കമെന്നാണു റിപ്പോര്‍ട്ടുകള്‍.
അഞ്ച് കളിയില്‍ 46 റണ്‍സ്; ഇനി എന്ത് ന്യായം പറയും?
സഞ്ജുവിന് ബിസിസിഐ വേണ്ടത്ര അവസരം നല്‍കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നവര്‍ പോലും ഇപ്പോള്‍ മറുപടിയില്ലാത്ത അവസ്ഥയിലാണ്. ഈ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചു. 10, 6, 0, 24, 6 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. അഞ്ച് കളിയില്‍ നിന്ന് ആകെ നേടിയത് വെറും 46 റണ്‍സ്! പരിക്കേറ്റ തിലക് വര്‍മ്മ തിരിച്ചെത്തുന്നതോടെ വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും മിന്നിനില്‍ക്കുന്ന ഇഷാന്‍ കിഷന്‍ തന്നെയാകും ടീമിന്റെ ഒന്നാം ചോയ്സ്.
ആത്മവിശ്വാസമില്ലാത്ത ശരീരഭാഷയുമായി ക്രീസിലെത്തുന്ന സഞ്ജുവിന് ഇനിയൊരു അവസരം ലോകകപ്പില്‍ ലഭിക്കുമോ എന്നത് കണ്ടറിയണം. സ്വന്തം മണ്ണില്‍ പോലും തലതാഴ്ത്തി നില്‍ക്കേണ്ടി വന്ന സഞ്ജുവിന് ഇനി ബിസിസിഐയില്‍ നിന്ന് വലിയൊരു 'കരുണ' പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ലോകകപ്പിലെ സാധ്യത ഇലവന്‍
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നുള്ള കാര്യത്തില്‍ നിര്‍ണായക സൂചന. മോശം ഫോമിലുള്ള സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഫോമിലുള്ള കിഷനെ കൊണ്ടുവരികയായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍...
ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ ഫോമില്‍ കളിച്ച അഭിഷേക് ശര്‍മ ടീമില്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഫോമിന് വെല്ലുവിളിക്കാന്‍ പോന്ന ഒരാളും ഇന്ന് ടീമിലില്ല. ഇടങ്കയ്യന്‍ ഓപ്പണര്‍ ടീമില്‍ തുടരും. കാര്യവട്ടം ടി20യോടെ കിഷനും ടീമില്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. കിഷന്‍ സെഞ്ചുറി നേടിയതോടെ സഞ്ജുവിന്റെ സ്ഥാനവും നഷ്ടമായെന്ന് പറയാം. അതിന് സൂചനയാണ് ടീം മാനേജ്മെന്റ് ഇന്ന് നല്‍കിയത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റുകയായിരുന്നു. ലോകകപ്പിലും ഇത് തുടരും. സഞ്ജു പുറത്തിരിക്കും.
പരിക്ക് മാറി തിരിച്ചെത്തുന്ന തിലക് മൂന്നാം നമ്പറില്‍ കളിക്കും. തിലക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹ മത്സരത്തില്‍ കളിക്കുമെന്നുള്ള സൂചന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയിരുന്നു. ആദ്യ മൂന്ന് സ്ഥാനക്കാരും ഇടങ്കയ്യന്‍മാരാണ് എന്നിരിക്കെ സൂര്യയും തിലകും സ്ഥാനം മാറാനും സാധ്യതയുണ്ട്.
നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഏറെക്കാലം മോശം ഫോമിലായിരുന്ന സൂര്യ ഈ പരമ്പരയിലൂടെയാണ് ഫോമിലേക്ക് തിരിച്ചെത്തിയത്. ലോകകപ്പ് മുന്നിലിരിക്കെ അദ്ദേഹം തിരിച്ചെത്തുന്നത് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു.
ഹാര്‍ദിക്കാണ് ഇന്ത്യന്‍ ടീമിന് ബാലന്‍സ് നല്‍കുന്നത്. മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം ന്യൂ ബോളും അദ്ദേഹം പങ്കിടും. നാല് ഓവറുകളും ഹാര്‍ദിക്ക് എറിഞ്ഞേക്കും. ന്യൂസിലന്‍ഡിനെതിരെ നന്നായി കളിക്കാന്‍ ദുബെയ്ക്ക് സാധിച്ചിരുന്നു. ഫിനിഷറുടെ റോള്‍ കൃത്യമായി അദ്ദേഹം ചെയ്തു. കൂടാതെ പന്തെറിയാനും മിടുക്കന്‍. ഇന്ത്യന്‍ ടീമിലെ മറ്റൊരു ഫിനിഷര്‍. തകര്‍പ്പന്‍ ഫീല്‍ഡര്‍ കൂടെയായ റിങ്കുവിനും ടീമില്‍ സ്ഥാനമുറപ്പ്.
വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്സര്‍ പട്ടേലാണ് ടീമിലെ സ്പിന്‍ ഓള്‍റൗണ്ടര്‍. ന്യൂസിലന്‍ഡിനെതിരെ പരിക്കിനെ തുടര്‍ന്ന് മൂന്ന് മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു. എന്നാല്‍ ആശങ്കകള്‍ കാറ്റില്‍ പറത്തി അദ്ദേഹം തിരിച്ചെത്തി.
ഹര്‍ഷിത് റാണ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിച്ചേക്കും. റണ്‍ വഴങ്ങുന്നുണ്ടെങ്കിലും വിക്കറ്റെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. മറുവശത്ത് അര്‍ഷ്ദീപ് സിംഗാവട്ടെ ധാരാളം റണ്‍സും വഴങ്ങുന്നു. ഗംഭീറിന്റെ ഗുഡ് ബുക്കിലുള്ള ഹര്‍ഷിത് റാണയാണ് പ്ലേയിംഗ് ഇലവനിലെത്തുക.
പേസ് ഡിപ്പാര്‍ട്ട്മെന്റ് നയിക്കേണ്ട ചുമതലയായിരിക്കും ബുമ്രയ്ക്ക്. ഇന്ത്യയുടെ പ്രധാന ബൗളര്‍ കൂടിയായ ബുമ്രയില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷകളും. ബുമ്രയോളം പ്രധാന്യമുണ്ട് വരുണിന്റെ നാല് ഓവര്‍ സ്പിന്നില്‍. വരുണ്‍ വരുമ്പോള്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കാം.
