'ഇനി പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം വേണ്ട; തീവ്രവാദം തമാശയല്ല; ഓരോ വര്‍ഷവും ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത് സഹിക്കാനാവില്ല; കര്‍ശന നടപടി അനിവാര്യം': സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുമായി യാതൊരു തരത്തിലുള്ള ക്രിക്കറ്റ് ബന്ധവും തുടരേണ്ടതില്ലെന്ന നിലപാടാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐയുടെ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്. തീവ്രവാദത്തിനെതിരായ ശക്തമായ നിലപാടായി അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചു.
''ഇനി പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം വേണ്ട. തീവ്രവാദം തമാശയല്ല. ഓരോ വര്‍ഷവും ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത് സഹിക്കാനാവില്ല. കര്‍ശന നടപടി അനിവാര്യം,'' എന്നാണ് ഗാംഗുലി വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് പറഞ്ഞത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ട്വന്റി20, ഏകദിനം, ടെസ്റ്റ് പരമ്പരകള്‍ നിരവധി വര്‍ഷങ്ങളായി നടക്കാറില്ല. ഐസിസി ടൂര്‍ണമെന്റുകളും ഏഷ്യാ കപ്പും മാത്രമാണ് ഇരു രാജ്യങ്ങള്‍ക്കും ക്രിക്കറ്റ് രംഗത്ത് നേരിട്ട് ഏറ്റുമുട്ടാനുള്ള അവസരമായി നില്‍ക്കുന്നത്.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താനിലേക്ക് പര്യടനം നടത്തിയിട്ടില്ല. ഈ സംഭവത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങളും തകരുകയായിരുന്നു. അതിന്റെ പ്രതിഫലനമായി ക്രിക്കറ്റ് ബന്ധവും കുറച്ചു. അടുത്തിടെ നടന്ന പാകിസ്താനിലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കും ഇന്ത്യ അകലം പാലിച്ചിരുന്നു. ഹൈബ്രിഡ് മോഡലിലായിരുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടത്തിയത്. 2024-27 കാലഘട്ടത്തില്‍ നടക്കുന്ന ഐസിസി ടൂര്‍ണമെന്റുകള്‍ക്കായും ഹൈബ്രിഡ് മോഡല്‍ തന്നെ തുടരാനുള്ള നീക്കമാണ് ഐസിസി സ്വീകരിച്ചത്.