കെസിഎയ്ക്ക് പുതിയ ഭാരവാഹികൾ; പ്രസിഡന്റായി ശ്രീജിത്ത് വി. നായർ; വിനോദ് എസ്. കുമാറും ബിനീഷ് കോടിയേരിയും സ്ഥാനങ്ങളിൽ തുടരും; കൊച്ചിയിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം നിർമിക്കും
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) പുതിയ പ്രസിഡന്റായി ശ്രീജിത്ത് വി. നായരെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി വിനോദ് എസ്. കുമാർ, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി എന്നിവർക്ക് സ്ഥാനം നിലനിർത്തിക്കൊണ്ട് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഈ തീരുമാനം. കേരളത്തിലെ ക്രിക്കറ്റ് മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ ഒരു രാജ്യാന്തര സ്റ്റേഡിയം ഉൾപ്പെടെ ഒരു വർഷത്തെ സമഗ്ര വികസന കർമപദ്ധതിയും കെസിഎ പ്രഖ്യാപിച്ചു.
കെസിഎ ട്രഷററായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള ശ്രീജിത്ത് വി. നായർ ജയേഷ് ജോർജിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. അപെക്സ് കൗൺസിൽ അംഗമായിരുന്ന കെ. സതീശൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ടി. അജിത് കുമാർ ആണ് പുതിയ ട്രഷറർ. കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി. മുഹമ്മദ് നൗഫൽ അപെക്സ് കൗൺസിലിലേക്കുള്ള ജനറൽ ബോഡി പ്രതിനിധിയായി ചുമതലയേൽക്കും.
പുതിയ നേതൃത്വത്തിന്റെ കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിനും താരങ്ങളുടെ ശാക്തീകരണത്തിനും ഊന്നൽ നൽകുന്നതാണ് പ്രഖ്യാപിച്ച സമഗ്ര വികസന കർമപദ്ധതി. കായിക മേഖലയ്ക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് സ്കീമിന്റെയും ഭൂനിയമത്തിൽ അനുവദിച്ച പ്രത്യേക ഇളവുകളുടെയും അടിസ്ഥാനത്തിൽ വിപുലമായ പദ്ധതികളാണ് കെസിഎ വിഭാവനം ചെയ്യുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ ഒരു പുതിയ രാജ്യാന്തര സ്റ്റേഡിയം നിർമിക്കുന്നതിനും 14 ജില്ലകളിലും ക്രിക്കറ്റ് ഗ്രൗണ്ടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനും കെസിഎ ലക്ഷ്യമിടുന്നു. ക്രിക്കറ്റ് ഗ്രൗണ്ടിനോട് അനുബന്ധിച്ച് മറ്റു കായിക ഇനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും. എല്ലാ ജില്ലകളിലും ഏകീകൃത നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളും അത്യാധുനിക പ്ലെയർ അമെനിറ്റീസും ഉറപ്പാക്കി ഗുണനിലവാരമുള്ള സൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യം.
