അവസാന രണ്ട് പന്തില്‍ വേണ്ടത് ആറ് റണ്‍സ്; ത്രില്ലര്‍ പോരിൽ ന്യൂസിലന്‍ഡിന് മൂന്ന് റണ്‍സിന്റെ ജയം; വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഒപ്പത്തിനൊപ്പം; മാർക്ക് ചാപ്മാന് വെടിക്കെട്ട് അർധസെഞ്ചുറി

Update: 2025-11-06 14:19 GMT

ഓക്‌ലൻഡ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ന്യൂസിലൻഡിന് മൂന്നു റൺസിന്റെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലൻഡ് ഒപ്പമെത്തി. ഈഡൻ പാർക്കിൽ നടന്ന മത്സരത്തിൽ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടിയപ്പോൾ, വിൻഡീസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

ന്യൂസിലൻഡിന് വേണ്ടി മാർക്ക് ചാപ്മാന്റെ വെടിക്കെട്ട് പ്രകടനമാണ് ന്യൂസിലൻഡിന് മികച്ച സ്‌കോർ നൽകിയത്. വെറും 28 പന്തുകളിൽ നിന്ന് ഏഴു സിക്സറുകളും ആറു ഫോറുമടക്കം 78 റൺസെടുത്ത ചാപ്മാനാണ് ടീമിന്റെ ടോപ് സ്കോറർ. ടിം റോബിൻസൺ 39 റൺസും ഡാരിൽ മിച്ചൽ പുറത്താകാതെ 28 റൺസും നേടി. വിൻഡീസിനായി റോസ്റ്റൺ ചേസ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. 208 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് അവസാന ഓവറിൽ 16 റൺസ് അകലെ വീണു.

നായകൻ റോവ്മാൻ പവൽ 45 റൺസെടുത്തും റൊമാരിയോ ഷെപ്പേർഡ് 34 റൺസെടുത്തും മികച്ച പ്രകടനം കാഴ്ചവെച്ചു. മാത്യൂ ഫോർഡെ 13 പന്തിൽ പുറത്താകാതെ 29 റൺസുമായി വിജയത്തിനടുത്തെത്തിച്ചെങ്കിലും അവസാന പന്തിൽ ടീമിന് ജയിക്കാൻ സാധിച്ചില്ല. കൈൽ ജെയ്മിസൺ എറിഞ്ഞ അവസാന ഓവറിൽ വിൻഡീസിന് ജയിക്കാൻ 16 റൺസായിരുന്നു വേണ്ടിയിരുന്നത്.

ആദ്യ മൂന്നു പന്തുകളിൽ രണ്ടു ബൗണ്ടറിയും ഒരു നോബോളും ഉൾപ്പെടെ 10 റൺസ് നേടിയെങ്കിലും, നാലാം പന്തിൽ പവലിനെ പുറത്താക്കിയതോടെ മത്സരം ന്യൂസിലൻഡിന് അനുകൂലമായി. ന്യൂസിലൻഡിന് വേണ്ടി മിചേൽ സാന്റ്‌നറും ഇഷ് സോധി രണ്ട് വിക്കറ്റുകൾ വീതം നേടി. ഈ വിജയത്തോടെ ഇരു ടീമുകളും പരമ്പരയിൽ 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പമെത്തി. 

Tags:    

Similar News