'രോഹിത്, സൂര്യ, ബുമ്ര എന്നീ താരങ്ങളെ മുംബൈ നിലനിര്‍ത്തണം; ലേലത്തില്‍ വിട്ടാല്‍ തിരിച്ചുകിട്ടില്ല; ആര്‍ടിഎം കാര്‍ഡ് ഹാര്‍ദിക് പാണ്ഡ്യയ്ക്കു വേണ്ടി ഉപയോഗിക്കണമെന്ന് അജയ് ജഡേജ

തിരക്കിട്ട ചര്‍ച്ചകളില്‍ ഫ്രാഞ്ചൈസികള്‍

Update: 2024-09-29 15:21 GMT

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിലേക്ക് താരലേലം നടക്കാനിരിക്കെ നിലവിലെ ടീമിലെ ആറു പേരെ നിലനിര്‍ത്താമെന്ന് പ്രഖ്യാപിച്ചതോടെ തിരക്കിട്ട ചര്‍ച്ചകളിലേക്കു കടന്നിരിക്കുകയാണ് ഫ്രാഞ്ചൈസികള്‍. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഉടന്‍ തന്നെ ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിനു കൈമാറണം. വന്‍ താരനിരയുള്ള മുംബൈ ഇന്ത്യന്‍സില്‍ ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണം എന്ന ചര്‍ച്ചയിലാണ് ടീം അധികൃതര്‍. രോഹിത് ശര്‍മയടക്കം പ്രമുഖര്‍ ഫ്രാഞ്ചൈസി വിടുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

അതേ സമയം വരുന്ന സീസണിലേക്ക് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തേണ്ടതില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയുടെ നിലപാട്. പകരം ആര്‍ടിഎം (റൈറ്റ് ടു മാച്ച്) വഴി പാണ്ഡ്യയെ വീണ്ടും ടീമിലെത്തിക്കാമെന്നും ജഡേജ വ്യക്തമാക്കി.

''രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര എന്നീ താരങ്ങളെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തേണ്ടത്. ഈ താരങ്ങളെ ലേലത്തില്‍ വിട്ടാല്‍ തിരിച്ചുപിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമാകും. മുംബൈ ഇന്ത്യന്‍സ് അവരുടെ ആര്‍ടിഎം കാര്‍ഡ് ഹാര്‍ദിക് പാണ്ഡ്യയ്ക്കു വേണ്ടി ഉപയോഗിക്കണം. പാണ്ഡ്യയെ ലേലത്തില്‍ വിട്ടാലും തിരികെ ലഭിക്കണമെന്നില്ല. എന്നാല്‍ പാണ്ഡ്യയ്ക്കു പരുക്കേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ടീമുകള്‍ കുറച്ചെങ്കിലും പിന്നോട്ടുപോയേക്കും.'' അജയ് ജഡേജ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പ്രതികരിച്ചു.

ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ മുംബൈ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ എന്നിവര്‍ അടുത്ത സീസണിലും മുംബൈയില്‍ തന്നെ കളിച്ചേക്കും. ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ് തുടങ്ങി സൂപ്പര്‍ താരങ്ങളുടെ നിര തന്നെയുള്ള മുംബൈയ്ക്ക് ചിലരെയെങ്കിലും കൈവിടേണ്ടിവരും.

ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനെന്ന പെരുമയുമായാണ് പാണ്ഡ്യ മുംബൈയിലേക്കു മടങ്ങിയെത്തിയത്. പിന്നാലെ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്ക്കു ക്യാപ്റ്റന്‍ സ്ഥാനം നല്‍കി. എന്നാല്‍ പാണ്ഡ്യയ്ക്കു കീഴില്‍ മികച്ച പ്രകടനം നടത്താന്‍ മുംബൈയ്ക്കു സാധിച്ചില്ല. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു മുംബൈ. 14 മത്സരങ്ങളില്‍ പത്തും ടീം തോറ്റു.'രോഹിത്, സൂര്യ, ബുമ്ര എന്നീ താരങ്ങളെ മുംബൈ നിലനിര്‍ത്തണം; ലേലത്തില്‍ വിട്ടാല്‍ തിരിച്ചുകിട്ടില്ല; ആര്‍ടിഎം കാര്‍ഡ് ഹാര്‍ദിക് പാണ്ഡ്യയ്ക്കു വേണ്ടി ഉപയോഗിക്കണമെന്ന് അജയ് ജഡേജ

Tags:    

Similar News