ജഴ്‌സിയിലെ മൂന്ന് വെള്ള വരകള്‍ക്ക് പുറമെ ത്രിവര്‍ണ പതാകയുടെ നിറങ്ങളും; ടീം ഇന്ത്യയുടെ പുതിയ ഏകദിന ജഴ്‌സി പുറത്തിറക്കി അഡിഡാസ്; ത്രിവര്‍ണ നിറം തിരിച്ചുവന്നത് മനോഹരമായെന്ന് ഹര്‍മന്‍പ്രീത് കൗര്‍
ഇന്ത്യയുടെ പുതിയ ഏകദിന ജഴ്‌സി പുറത്തിറക്കി
മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയടക്കമുള്ള സുപ്രധാന ടൂര്‍ണമെന്റുകള്‍ നടക്കാനിരിക്കെ ടീം ഇന്ത്യയുടെ പുതിയ ഏകദിന ജഴ്‌സി പുറത്തിറക്കി ബിസിസിഐ. ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചേര്‍ന്നാണ് ജഴ്‌സി പുറത്തിറക്കിയത്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തായിരുന്നു ചടങ്ങ്.
വനിത ടീമിന്റെ വിന്‍ഡീസ് പരമ്പരയിലാകും ഇന്ത്യന്‍ താരങ്ങള്‍ പുതിയ ജഴ്‌സി ആദ്യമായി അണിയുക. ഇതിന് ശേഷം അയര്‍ലന്‍ഡുമായി ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ഡിസംബര്‍ 15-നാണ് പരമ്പര ആരംഭിക്കുന്നത്. പുരുഷ ടീം ചാമ്പ്യന്‍സ് ട്രോഫി കളിച്ചാല്‍ ആ ടൂര്‍ണമെന്റിലാകും പുതിയ ജഴ്‌സി ധരിക്കുക.
ഇന്ത്യന്‍ ജഴ്‌സി പുറത്തിറക്കാനായത് വലിയൊരു ബഹുമതിയാണെന്നും ഞങ്ങളാകും പുതിയ ജഴ്‌സി ആദ്യം അണിയുന്നതെന്നും ഹര്‍മന്‍ പ്രീത് കൗര്‍ പറഞ്ഞു. ജഴ്‌സിയലെ മൂന്ന് വെള്ള വരകള്‍ക്ക് പുറമെ ത്രിവര്‍ണ പതാകയുടെ നിറങ്ങളും കലര്‍ത്തിയുള്ള പുതിയ ഡിസൈനാണ് തോള്‍ ഭാഗത്ത് നല്‍കിയിരിക്കുന്നത്.
''വളരെയധികം സന്തോഷമുണ്ട്. ഈ ലുക്ക് എനിക്കിഷ്ടപ്പെട്ടു. തോളില്‍ ത്രിവര്‍ണ നിറം തിരിച്ചുവന്നത് മനോഹരമായിട്ടുണ്ട്. ഏകദിനത്തിനായി പ്രത്യേകം ജഴ്‌സിയുള്ളത് സന്തോഷം നല്‍കുന്നു''- ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു.
തോളില്‍ വെളുത്തനിറം മാറി മൂവര്‍ണ നിറം തിരിച്ചെത്തിയതാണ് കാര്യമായ വ്യത്യാസം. കൂടാതെ 1983, 2011 ലോകകപ്പ് വിജയങ്ങളെ സൂചിപ്പിക്കുന്ന രണ്ട് നക്ഷത്രങ്ങളും ജഴ്‌സിയിലുണ്ടാകും. അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയടക്കമുള്ള ഏകദിന മത്സരങ്ങളില്‍ ഇന്ത്യ ഈ ജഴ്‌സിയാകും അണിയുക. വനിത ടീമും സമാന ജഴ്‌സിയിലാകും കളത്തിലിറങ്ങുക.