വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം; ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും

Update: 2026-01-08 15:20 GMT

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് (WPL) പോരാട്ടങ്ങളുടെ നാലാം എഡിഷന് നാളെ തുടക്കം. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും മുൻ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് ടൂർണമെന്റിന് കളമൊരുങ്ങുന്നത്. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഈ ബ്ലോക്ക്ബസ്റ്റർ പോരാട്ടം അരങ്ങേറുക. നവി മുംബൈക്ക് പുറമെ വഡോദരയാണ് ലീഗിന്റെ മറ്റൊരു വേദി. ഫെബ്രുവരി 5നാണ് ഫൈനൽ മത്സരം. മത്സരങ്ങൾ വൈകീട്ട് 3.30നും 7.30നും ആയിട്ടാണ് നടക്കുക.

മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയന്റ്സ്, യുപി വാരിയേഴ്സ് എന്നീ അഞ്ച് ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. ഡൽഹി, ഗുജറാത്ത്, യുപി ടീമുകൾ തങ്ങളുടെ ആദ്യ കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ടൂർണമെന്റിൽ ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റാണ് ഇത്തവണയും പിന്തുടരുന്നത്. അഞ്ച് ടീമുകളും പരസ്പരം രണ്ട് തവണ മത്സരിക്കും. പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് പ്ലേഓഫിലേക്ക് യോഗ്യത നേടുക.

ടേബിൾ ടോപ്പറായ ടീം നേരിട്ട് ഫൈനലിലേക്ക് കടക്കുമ്പോൾ, രണ്ടാം സ്ഥാനത്തുള്ളവരും മൂന്നാം സ്ഥാനത്തുള്ളവരും തമ്മിൽ എലിമിനേറ്റർ മത്സരം കളിക്കും. ഇതിലെ വിജയികളായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം. ടീം നായകന്മാരുടെ പട്ടിക ഇങ്ങനെയാണ്: മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗറും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സ്മൃതി മന്ധാനയും നയിക്കും. ഡൽഹി ക്യാപിറ്റൽസിന്റെ നായിക ജെമിമ റോഡ്രിഗ്‌സാണ്.

യുപി വാരിയേഴ്സിനെ മെഗ് ലാന്നിങും ഗുജറാത്ത് ജയന്റ്സിനെ ആഷ്‌ലി ഗാർഡ്‌നറുമാണ് നയിക്കുന്നത്. മൂന്ന് മലയാളി താരങ്ങളും ഈ സീസണിൽ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങുന്നുണ്ട്. സജീവൻ സജന മുംബൈ ഇന്ത്യൻസിലും ആശ ശോഭന യുപി വാരിയേഴ്സിലും മിന്നു മണി ഡൽഹി ക്യാപിറ്റൽസിലും ടീമിന്റെ ഭാഗമാകും. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലൂടെ തത്സമയം കാണാൻ സാധിക്കും. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ ജിയോ ഹോട്‌സ്റ്റാറിലും വെബ്‌സൈറ്റുകളിലൂടെയും തത്സമയ സ്ട്രീമിംഗ് ലഭ്യമാണ്. 

Tags:    

Similar News