ഇംഗ്ലീഷ് ടീം മദ്യപിച്ച് ലക്കുകെട്ടു; ഓസീസ് ടീം ഖവാജയ്ക്ക് വേണ്ടി മദ്യം വേണ്ടെന്ന് വെച്ചു! ഉസ്മാന്‍ ഖവാജക്ക് വേണ്ടി ഷാംപെയ്ന്‍ ഇല്ലാതെ ആഷസ് വിജയം ആഘോഷിച്ച് ഓസ്‌ട്രേലിയ; ലോക ക്രിക്കറ്റിലെ അപൂര്‍വ്വ കാഴ്ച; ഓസിസ് താരത്തിന് ഗംഭീര യാത്രയയപ്പ്!

Update: 2026-01-08 17:43 GMT

സിഡ്നി: ആഷസ് പരമ്പരയിലെ ഗംഭീര ജയത്തോടെ ഉസ്മാന്‍ ഖവാജയ്ക്ക് യാത്രയയപ്പ് നല്‍കി ഓസ്‌ട്രേലിയന്‍ ടീം. കരിയറിലെ അവസാന മത്സരം കളിച്ച ഉസ്മാന്‍ ഖവാജയ്ക്കായി ഷാംപെയ്ന്‍ ആഘോഷം ഒഴിവാക്കിയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ഒപ്പംനിന്നത്. ടീമിനുള്ളിലും പുറത്തും പലപ്പോഴും വംശീയ അധിക്ഷേപവും മാറ്റിനിര്‍ത്തലും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന ഖവാജയുടെ തുറന്നുപറച്ചില്‍ നേരത്തെ വിവാദമായിരുന്നു. എന്നാല്‍ ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരത്തിന് ഉചിതമായ യാത്രയയപ്പാണ് ഓസിസ് ടീം നല്‍കിയത്. താരത്തെ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടിയാണ് ഓസീസ് ടീം തങ്ങളുടെ സ്വതസിദ്ധമായ ഷാംപെയ്ന്‍ ആഘോഷം വേണ്ടെന്നുവെച്ചത്.

നേരത്തേ 2022-ലെ ആഷസില്‍ ഓസ്ട്രേലിയ 4-0ന്റെ വിജയം ആഘോഷിക്കുമ്പോള്‍ ഖവാജയ്ക്കു മേല്‍ മദ്യം തളിക്കാതിരിക്കാന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇടപെടുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഷാംപെയ്ന്‍ കുപ്പികള്‍ മാറ്റിവെച്ച ശേഷം കമ്മിന്‍സ്, ഖവാജയെ ടീമിനൊപ്പം വിജയം ആഘോഷിക്കാന്‍ വേദിയിലേക്ക് ക്ഷണിക്കുന്നതായിരുന്നു ഈ വീഡിയോ. പാകിസ്താന്‍ വംശജനും ഇസ്ലാം മതവിശ്വാസിയുമായ ഖവാജ മതപരമായ കാരണങ്ങളാല്‍ മദ്യം ഉള്‍പ്പെടുന്ന ആഘോഷങ്ങളിലൊന്നും പങ്കെടുക്കാറില്ല.

ഇത്തവണ ആഷസില്‍ ഇംഗ്ലണ്ടിനെ 4-1ന് തകര്‍ത്ത ശേഷം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഓസീസ് ടീമും ഷാംപെയ്ന്‍ കുപ്പികള്‍ പൊട്ടിക്കാതെ വിജയം ആഘോഷിക്കുകയായിരുന്നു. ഖവാജ ടീമിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം വേദിയിലേക്ക് കയറി ട്രോഫിയുമായി വിജയം ആഘോഷിക്കുകയും ചെയ്തു.

88 ടെസ്റ്റില്‍ നിന്ന് 6,229 റണ്‍സുമായി ഓസ്ട്രേലിയയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ 15-ാമത്തെ കളിക്കാരനായാണ് ഖവാജ തന്റെ ഓസീസ് കരിയര്‍ അവസാനിപ്പിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇംഗ്ലണ്ട് ടീം അവസാന മത്സരത്തില്‍ താരത്തെ സ്വീകരിച്ചത്. 2011-ല്‍ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

അതേസമയം സിഡ്നി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഓസ്ട്രേലിയ ആഷസ് പരമ്പര 4-1ന് ആധികാരികമായി സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ്, 31.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

Similar News