'അവൻ തിരിച്ചെത്തണം, അത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്'; അവന്റെ കണ്ണുകൾ എല്ലാം പറയുന്നു; കോലി ആ തീരുമാനം എടുക്കേണ്ട സമയമായെന്ന് റോബിൻ ഉത്തപ്പ

Update: 2026-01-09 11:35 GMT

ബെംഗളൂരു: വിരമിക്കൽ പിൻവലിച്ച് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ മടങ്ങിയെത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. സമീപകാലത്ത് ഏകദിന ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഫോമിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഉത്തപ്പയുടെ ഈ നിർദേശം. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി പരിശീലനം നടത്തുന്ന വിരാട് കോലിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഉത്തപ്പയുടെ പ്രതികരണം.

"അവന്റെ കണ്ണുകൾ എല്ലാം പറയുന്നു, തീർച്ചയായും വിരമിക്കൽ പിൻവലിച്ച് കോലി ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചെത്തേണ്ട സമയമാണിത്. അവൻ ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചെത്തുന്നത് കാണാൻ ഞാൻ കാത്തിരിക്കുന്നു," ഉത്തപ്പ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. കഴിഞ്ഞ വർഷം മെയിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു വിരാട് കോലിയും രോഹിത് ശർമയും അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

സമീപകാലത്തെ മോശം ഫോമിനെത്തുടർന്നായിരുന്നു കോലിയുടെ ഈ തീരുമാനം. 10,000 ടെസ്റ്റ് റൺസ് എന്ന നാഴികക്കല്ല് മറികടക്കാനാവാതെയാണ് കോലി അന്ന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പിന്മാറിയത്. എന്നാൽ, പിന്നീട് ഏകദിന ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച കോലി, മൂന്ന് സെഞ്ച്വറികളോടെ മികച്ച ഫോം വീണ്ടെടുത്തിരുന്നു.

കോലിയുടെ വിരമിക്കൽ തീരുമാനം തിടുക്കത്തിലായിരുന്നെന്നും എന്തായിരുന്നു അതിനു പിന്നിലെ യഥാർത്ഥ കാരണം എന്നത് കോലിക്ക് മാത്രമേ പറയാനാവൂ എന്നും ഉത്തപ്പ കുറച്ചുദിവസം മുമ്പ് പറഞ്ഞിരുന്നു. മുൻതാരം സഞ്ജയ് മഞ്ജരേക്കറും കോലിയുടെ ഈ തീരുമാനത്തെ വിമർശിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ഉയരങ്ങൾ താണ്ടുമ്പോൾ കോലി ടെസ്റ്റ് ഉപേക്ഷിച്ച് "എളുപ്പമുള്ള ഫോർമാറ്റ്" തിരഞ്ഞെടുത്തത് ശരിയായില്ലെന്നായിരുന്നു മഞ്ജരേക്കരുടെ അഭിപ്രായം.

Tags:    

Similar News