ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്ന് ബിസിബി; പട്ടിണി കിടക്കേണ്ടി വരുമെന്ന് തമീം ഇഖ്ബാല്‍; ഐസിസി പണം നല്‍കിയില്ലെങ്കില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് പൂട്ടുമെന്നും മുന്നറിയിപ്പ്! മുന്‍ നായകനെ 'ഇന്ത്യന്‍ ഏജന്റ്' എന്ന് വിളിച്ച് ബോര്‍ഡ് അംഗം; ബംഗ്ലാദേശ് ക്രിക്കറ്റില്‍ പൊട്ടിത്തെറി

Update: 2026-01-09 07:51 GMT

ധാക്ക: ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎലില്‍നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ട്വന്റി20 ലോകകപ്പിനായി ബംഗ്ലദേശ് ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന കടുംപിടുത്തം തുടരുന്നതിനിടെ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ (ബിസിബി) പൊട്ടിത്തെറി. ബോര്‍ഡ് അംഗങ്ങള്‍ക്കിടയിലും മുന്‍ താരങ്ങള്‍ക്കിടയിലും ഭിന്നത രൂക്ഷമായി. ബിസിബിയെ വിമര്‍ശിച്ച മുന്‍ ബംഗ്ലദേശ് താരം തമീം ഇക്ബാലിനെ 'ഇന്ത്യന്‍ ഏജന്റ്' എന്ന വിളിച്ചാക്ഷേപിച്ചിരിക്കുകയാണ് ബിസിബി ഡയറക്ടര്‍ ബോര്‍ഡിലെ പ്രമുഖ അംഗമായ എം. നജ്മുല്‍ ഇസ്ലാം. ബോര്‍ഡംഗത്തിന്റെ ഈ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യത്തിനെതിരെ തമീം ഇക്ബാല്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ബിസിബിയുടെ ഈ നിലപാടിന്റെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍ താരത്തിന്റെ വിമര്‍ശനം. എന്നാല്‍ ഇതിനെതിരെ ബിസിബി അംഗമായ നജ്മുല്‍ ഇസ്ലാം രംഗത്തുവരുകയും തമീം 'ഇന്ത്യന്‍ ഏജന്റ് ആണെന്നു തെളിയിച്ചു' എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയുമായിരുന്നു. ഇതില്‍ തമീമിന്റെ ആരാധകരടക്കം വന്‍ പ്രതിഷേധം രേഖപ്പെടുത്തി.

ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിന് മുന്‍പ് കൃത്യമായി ബോര്‍ഡിനുള്ളില്‍ ചര്‍ച്ച ചെയ്യണമെന്നും ഐസിസിയില്‍ നിന്ന് 95% സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും തമീം ഇഖ്ബാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തമീമിനെതിരേ ബോര്‍ഡ് അംഗമായ നജ്മുള്‍ ഇസ്ലാം രംഗത്തെത്തുകയായിരുന്നു. വിഷയത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റില്‍ തന്നെ ഭിന്നതയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഏതൊരു തീരുമാനമെടുക്കുമ്പോഴും അത് ബംഗ്ലാദേശിന്റെ ഭാവി താത്പര്യങ്ങള്‍ പരിഗണിച്ചായിരിക്കണമെന്ന നിര്‍ദേശമാണ് തമീം മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ ഈ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് ബിസിബി ഡയറക്ടര്‍മാരിലൊരാളായ നജ്മുള്‍ തമീമിനെതിരേ ആഞ്ഞടിച്ചത്. ഒരു ഇന്ത്യന്‍ ഏജന്റിന്റെ അഭിപ്രായപ്രകടനത്തിനാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫേസ്ബുക്കില്‍ തമീമിന്റെ ചിത്രമടക്കം പങ്കുവെച്ചാണ് പ്രതികരണം. വേദി മാറ്റത്തില്‍ ഉറച്ചുനില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് രണ്ടുതവണ കത്തയച്ചിട്ടുണ്ട്.

എല്ലാ തീരുമാനവും ബംഗ്ലാദേശ് ക്രിക്കറ്റിന് ഗുണകരമാകുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയാവണമെന്നാണ് നേരത്തേ തമീം പറഞ്ഞത്. ഞാന്‍ ബിസിബിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതുകൊണ്ട്, മറ്റേതൊരാളെയും പോലെ മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങള്‍ അറിയുന്നത്. എന്നാല്‍ ഈ കാര്യങ്ങളില്‍ ഇടപെട്ടിട്ടുള്ളവര്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ടാകും. അതിനാല്‍, വിഷയത്തില്‍ പെട്ടെന്നൊരു അഭിപ്രായം പറയുന്നില്ല. എന്നിരുന്നാലും, ഇത്തരം തീരുമാനമെടുക്കുന്നതിനുമുമ്പ് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ താത്പര്യങ്ങള്‍, ഭാവി, എന്നിവ പരിഗണിക്കണം. സംഭാഷണങ്ങളിലൂടെ എന്തെങ്കിലും പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അതാണ് നല്ലത് . - തമീം ഇഖ്ബാല്‍ പറഞ്ഞു.

'ഇത് വളരെ ഗൗരവകരമായ വിഷയമാണ്. പൊതുവായി അഭിപ്രായം പറയുന്നതിനുമുമ്പ് ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുമായിരുന്നു. കാരണം നിങ്ങള്‍ ഒരു പൊതു അഭിപ്രായം പറയുമ്പോള്‍, അത് ശരിയോ തെറ്റോ ആകട്ടെ, ആ നിലപാടില്‍ നിന്ന് പിന്മാറുന്നത് ബുദ്ധിമുട്ടാണ്. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഭാവിയാണ് എല്ലാത്തിനും മുന്നില്‍. കൂടാതെ 90 മുതല്‍ 95 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കുന്നത് ഐസിസിയില്‍ നിന്നാണ്. അതിനാല്‍ ബംഗ്ലാദേശ് ക്രിക്കറ്റിന് ഗുണകരമാകുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കണം.' തമീം പ്രതികരിച്ചു.

ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന നിലപാട് തുടരുകയാണ് ബംഗ്ലാദേശ്. ലോകകപ്പില്‍ തങ്ങളുടെ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഐസിസിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കത്തയച്ചു. നേരത്തേ ഈ ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതും ബോര്‍ഡ് കത്തയച്ചത്. തങ്ങള്‍ക്ക് ടൂര്‍ണമെന്റ് കളിക്കാന്‍ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്നാണ് അടുത്തിടെ ബംഗ്ലാദേശ് സര്‍ക്കാരിലെ സ്‌പോര്‍ട്‌സ് അഡൈ്വസറായ ആസിഫ് നസ്രുള്‍ വ്യക്തമാക്കിയത്. ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം പൂര്‍ണമായും മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കളിക്കാരുടെ സുരക്ഷ പ്രധാനമാണെന്ന് ബിസിബി പ്രസിഡന്റ് അമിനുള്‍ ഇസ്ലാമും പ്രതികരിച്ചു.

Tags:    

Similar News