ഐസിസിയുടെ താക്കീത്; ചാംപ്യന്‍സ് ട്രോഫിയില്‍ 'ഹൈബ്രിഡ്' മോഡലിന് വഴങ്ങി പാക്കിസ്ഥാന്‍; ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍? രണ്ട് നിബന്ധനകളുമായി പിസിബി; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍

ഐസിസിക്ക് മുന്നില്‍ 2 നിബന്ധനകളുമായി പിസിബി

Update: 2024-11-30 17:23 GMT

ദുബായ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് 'ഹൈബ്രിഡ്' മോഡലില്‍ സംഘടിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഒടുവില്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടക്കാനാണ് സാധ്യത. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്താനുള്ള 'ഹൈബ്രിഡ് മോഡല്‍' നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റ് പാക്കിസ്ഥാനില്‍നിന്നു മാറ്റുമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) താക്കീത് നല്‍കിയതോടെയാണ് പിസിബി വഴങ്ങിയതെന്നാണ് സൂചന.

എന്നാല്‍ 'ഹൈബ്രിഡ്' മോഡലിനായി രണ്ടു നിബന്ധനകളും പിസിബി മുന്നോട്ടുവച്ചതായാണ് വിവരം. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ലാഹോറില്‍ നടത്തണമെന്നാണ് പാക്കിസ്ഥാന്റെ ഒരാവശ്യം. ലാഹോറിലെ വേദി റിസവര്‍വായി വയ്ക്കണം. ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചില്ലെങ്കില്‍ ഇവിടെ തന്നെ മത്സരം നടത്തണമെന്നുമാണ് ആവശ്യം.

ഭാവിയില്‍ ഇന്ത്യ ഐസിസി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുമ്പോഴും ഹൈബ്രിഡ് മാതൃക പിന്തുടരണമെന്നാണ് മറ്റൊരു ആവശ്യം. ഇന്ത്യയ്ക്ക് പാക്കിസ്ഥാനില്‍ വന്ന് കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാക്ക് ടീമും ഇന്ത്യയില്‍ പോയി കളിക്കില്ലെന്ന് പിസിബി വ്യക്തമാക്കി. ഭാവിയില്‍ ഇന്ത്യ നടത്തുന്ന ഐസിസി ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്റെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടത്തണമെന്ന് പിസിബി ആവശ്യപ്പെട്ടു.

2025ലെ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് പാക്കിസ്ഥാനാണ് ആതിഥ്യം വഹിക്കുന്നത്. പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിലെ അയക്കില്ലെന്ന് ബിസിസിഐയും കേന്ദ്രസര്‍ക്കാരും നിലപാട് എടുത്തതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഇക്കാര്യത്തില്‍ ഐസിസിയും ബിസിസിഐക്കൊപ്പമാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനില്‍ ഇന്ത്യ ക്രിക്കറ്റ് കളിച്ചിട്ടില്ല. 2017ന് ശേഷം ആദ്യമായാണ് ചാംപ്യന്‍സ് ട്രോഫി സംഘടിപ്പിക്കുന്നത്. 2017ല്‍ പാക്കിസ്ഥാനാണ് ചാംപ്യന്‍സ് ട്രോഫി കിരീടം ചൂടിയത്.

ഇന്ത്യ മുന്നോട്ടുവെച്ച ഹൈബ്രിഡ് മാതൃക പ്രയോഗികമെന്ന് മറ്റ് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളും നിലപാട് എടുത്തതോടെ ഐസിസിയില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു. തിങ്കളാഴ്ചയ്ക്കകം മത്സരക്രമം പ്രസിദ്ധീകരിക്കാനാണ് ശ്രമമെന്ന് ഐസിസി വൃത്തങ്ങള്‍ അറിയിച്ചു.

പാകിസ്ഥാനില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. എന്നാല്‍, രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ ടൂര്‍ണമെന്റ് കളിക്കാന്‍ ഇന്ത്യ തയ്യാറല്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി പാകിസ്ഥാനിലേയ്ക്ക് പോകാന്‍ ഇന്ത്യ തയ്യാറല്ലെന്ന് ഈ മാസം 9ന് തന്നെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഐസിസിയുടെ താക്കീത്; ചാംപ്യന്‍സ് ട്രോഫിയില്‍ 'ഹൈബ്രിഡ്' മോഡലിന് വഴങ്ങി പാക്കിസ്ഥാന്‍; ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍? രണ്ട് നിബന്ധനകളുമായി പിസിബി; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍

Tags:    

Similar News