സെഞ്ചുറിയുമായി നായകന്‍ മുഹമ്മദ് അമാന്‍; റണ്‍മല ഉയര്‍ത്തി ഇന്ത്യന്‍ യുവനിര; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ജപ്പാനെ 211 റണ്‍സിന് കീഴടക്കി ഇന്ത്യ

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ജപ്പാനെ 211 റണ്‍സിന് കീഴടക്കി ഇന്ത്യ

Update: 2024-12-02 12:49 GMT

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനോടു പരാജയപ്പെട്ട ഇന്ത്യയ്ക്ക്, രണ്ടാം മത്സരത്തില്‍ ജപ്പാനെതിരെ പടുകൂറ്റന്‍ വിജയം. താരതമ്യേന ദുര്‍ബലരായ ജപ്പാനെ 211 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 339 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ജപ്പാന്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു.

ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ യുഎഇയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ യുഎഇയെ 69 റണ്‍സിന് തോല്‍പിച്ച പാകിസ്ഥാനാണ് ഒന്നാമത്. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ 339-6, ജപ്പാന്‍ 50 ഓവറില്‍ 128-8.

ക്യാപ്റ്റന്‍ മുഹമ്മദ് അമാന്റെ തകര്‍പ്പന്‍ സെഞ്ചറിയുടെ കരുത്തിലാണ് ഇന്ത്യ ജപ്പാനെതിരെ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 118 പന്തുകള്‍ നേരിട്ട അമാന്‍ ഏഴു ഫോറുകളോടെ 122 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ ആയുഷ് മാത്രെ (29 പന്തില്‍ 54), കാര്‍ത്തികേയ (49 പന്തില്‍ 57), ഹാര്‍ദിക് രാജ് (12 പന്തില്‍ പുറത്താകാതെ 25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഐപിഎല്‍ താരലേലത്തില്‍ 1.10 കോടി രൂപയ്ക്ക് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയ പതിമൂന്നുകാരന്‍ വൈഭവ് സൂര്യവംശി 23 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. ആന്ദ്രെ സിദ്ധാര്‍ഥ് (48 പന്തില്‍ 35), നിഖില്‍ കുമാര്‍ (17 പന്തില്‍ 12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു രണ്ടു പേര്‍. ജപ്പാനായി ഹ്യൂഗോ കെല്ലി, കീഫര്‍ ലേക് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജപ്പാന്‍ ക്ഷമയോടെയാണ് തുടങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യ എത്തിപ്പിടിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ജപ്പാന്‍ പരമാവധി നേരം ക്രീസില്‍ നില്‍ക്കാനാണ് ശ്രമിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹ്യൂഗോ കെല്ലിയും നിഹാര്‍ പാര്‍മറും(14) ചേര്‍ന്ന് 13.4 ഓവറില്‍ 50 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. 82 പന്തിലാണ് ഇരുവരും അര്‍ധസെഞ്ചറി കൂട്ടുകെട്ട് തീര്‍ത്തത്.

പിന്നീട് 44 റണ്‍സിനിടെ 5 വിക്കറ്റ് നഷ്ടമാക്കി ജപ്പാന്‍ തകര്‍ന്നു. ഹ്യൂഗോ കെല്ലി 111 പന്തില്‍ ആറു ഫോറുകളോടെ 50 റണ്‍സുമായി ജപ്പാന്റെ ടോപ് സ്‌കോററായി. കെല്ലിക്കു പുറമേ രണ്ടക്കം കണ്ടത് ഓപ്പണര്‍ നിഹാര്‍ (31 പന്തില്‍ 14), ചാള്‍സ് ഹിന്‍സെ (68 പന്തില്‍ പുറത്താകാതെ 35) എന്നിവര്‍ മാത്രം. ഇന്ത്യയ്ക്കായി കാര്‍ത്തികേയ, ഹാര്‍ദിക് രാജ്, ചേതന്‍ ശര്‍മ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. യുദ്ധജിത് ഗുഹയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

Tags:    

Similar News