ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍; ഇന്ത്യയുടെ മത്സരങ്ങള്‍ ദുബൈയില്‍; 2026ലെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ കൊളംബോയില്‍; ന്യൂട്രല്‍ വേദി അംഗീകരിച്ച് ബിസിസിഐയും പിസിബിയും; തലവേദന ഒഴിഞ്ഞ് ഐ.സി.സി

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍

Update: 2024-12-13 16:02 GMT

ദുബായ്: അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനം. പാകിസ്താന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് വേദിയാകും. ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ പാകിസ്താനിലും നടക്കും. ഇന്ത്യ സെമിയിലും ഫൈനലിലും പ്രവേശിച്ചാല്‍ ആ മത്സരം ദുബായില്‍ നടക്കും. അല്ലാത്തപക്ഷം പാകിസ്ഥാന്‍ നോക്കൗട്ട് മത്സരത്തിന് വേദിയാകും.

പാകിസ്താനില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) അറിയിച്ചതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. ടൂര്‍ണമെന്റ് പൂര്‍ണമായും പാകിസ്താനില്‍ തന്നെ നടത്തണമെന്ന് പി.സി.ബിയും വാശിപിടിച്ചു. 'ഹൈബ്രിഡ്' മോഡല്‍ അംഗീകരിക്കണമെങ്കില്‍, ഭാവിയില്‍ ഇന്ത്യ വേദിയാകുന്ന ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പാകിസ്താന്റെ മത്സരങ്ങളും ന്യൂട്രല്‍ വേദിയിലേക്ക് മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചതോടെയാണ് ഒടുവില്‍ അനിശ്ചിതത്വം നീങ്ങിയത്.

ഇതോടെ 2026ല്‍ ഇന്ത്യ വേദിയാകുന്ന ട്വന്റി20 ലോകകപ്പില്‍ പാകിസ്താന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലെ കൊളംബോയിലാണ് നടക്കുക. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുക. മത്സരക്രമവും തീയതിയും വരുംദിവസങ്ങില്‍ ഐ.സി.സി പ്രഖ്യാപിക്കും. 2008 മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും പരസ്പരമുള്ള ഉഭയകക്ഷി പരമ്പരകള്‍ നിര്‍ത്തിവെക്കുകയുമായിരുന്നു. ഐ.സി.സി, ഏഷ്യാ കപ്പ് ടൂര്‍ണമെന്റുകളില്‍ മാത്രമാണ് പിന്നീട് ഇരു ടീമുകളും ഏറ്റുമുട്ടിയത്.

കഴിഞ്ഞ വര്‍ഷം പാകിസ്താന്‍ വേദിയായ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളും ഹൈബ്രിഡ് മോഡലിലാണ് നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയായത് ശ്രീലങ്കയാണ്. 1996 ഏകദിന ലോകകപ്പിനുശേഷം രാജ്യത്ത് വിരുന്നെത്തുന്ന ആദ്യത്തെ ഐ.സി.സി ടൂര്‍ണമെന്റെന്ന നിലയില്‍ കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി കോടികളാണ് പി.സി.ബി മുടക്കിയത്.

Tags:    

Similar News