കളിച്ചുതെളിഞ്ഞത് ധാരാവിയിലെ 'ചേരിക്രിക്കറ്റില്‍'; വനിതാ പ്രിമിയര്‍ ലീഗിലെ മൂല്യമേറിയ താരമായി സിമ്രാന്‍ ഷെയ്ഖ് ഗുജറാത്ത് ടീമില്‍; 1.60 കോടി രൂപയ്ക്ക് 16കാരി കമാലിനി മുംബൈയില്‍; മലയാളിതാരം ജോഷിത ആര്‍സിബിയില്‍

മലയാളിതാരം ജോഷിത ആര്‍സിബിയില്‍

Update: 2024-12-15 13:12 GMT

ബെംഗളൂരു: വനിതാ പ്രിമിയര്‍ ലീഗിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് കോടിക്കിലുക്കം. ബെംഗളൂരുവില്‍ നടക്കുന്ന മിനി താരലേലത്തില്‍ മൂല്യമേറിയ താരമായി മാറിയത് ധാരാവിയിലെ ചേരിയില്‍ കളിച്ചുതെളിഞ്ഞ് ദേശീയ ശ്രദ്ധയിലേക്കെത്തിയ ഇരുപത്തിരണ്ടുകാരി സിമ്രാന്‍ ഷെയ്ഖാണ്. 1.90 കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്‌സാണ് താരത്തെ സ്വന്തമാക്കിയത്.

പ്രഥമ സീസണില്‍ 10 ലക്ഷം രൂപയ്ക്ക് യുപി വോറിയേഴ്‌സ് സ്വന്തമാക്കിയ സിമ്രാന്‍, ഒന്‍പതു മത്സരങ്ങളും കളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിനി താരലേലത്തില്‍ 10 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന സിമ്രാന്‍ 1.90 കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്‌സിന്റെ ഭാഗമാകുന്നത്. മലയാളി താരം ജോഷിതയെ അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്ക് ആര്‍സിബി സ്വന്തമാക്കി.

മുംബൈ ഇന്ത്യന്‍സ് 1.60 കോടി രൂപയ്ക്ക് സ്വന്തമാക്കിയ തമിഴ്‌നാട്ടില്‍ നിന്നുള്ള പതിനാറുകാരിയായ ഓള്‍റൗണ്ടര്‍ ജി.കമാലിനിയാണ് താരലേലത്തില്‍ വന്‍ നേട്ടം കൊയ്ത മറ്റൊരു താരം. 10 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന കമാലിനിയെ ഡല്‍ഹി ക്യാപിറ്റല്‍സുമായി കടുത്ത പോരാട്ടം നടത്തിയാണ് 1.60 കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയത്. ആഭ്യന്തര ടൂര്‍ണമെന്റുകളിലെ മിന്നുന്ന പ്രകടനമാണ് താരത്തെ ടീമുകളുടെ പ്രിയങ്കരിയാക്കിയത്.

ഒക്ടോബറില്‍ നടന്ന വനിതകളുടെ അണ്ടര്‍ 19 ട്വന്റി20 ട്രോഫിയില്‍ തമിഴ്‌നാടിന് കിരീടം നേടിക്കൊടുക്കുന്നതില്‍ കമാലിനിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. എട്ടു മത്സരങ്ങളില്‍നിന്ന് 311 റണ്‍സാണ് ഇടംകൈ ബാറ്ററായ കമാലിനി സ്വന്തമാക്കിയത്. ബോളറായും വിക്കറ്റ് കീപ്പറായും തിളങ്ങാനാകുന്ന താരമാണ് കമാലിനി. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അക്കാദമിയിലാണ് പരിശീലനം.

10 ലക്ഷം രൂപ അടിസ്ഥാന വിലയുമായെത്തി കോടിപതിയായ മറ്റൊരു താരം പ്രേമ റാവത്താണ്. ഉത്തരാഖണ്ഡ് പ്രിമിയര്‍ ലീഗില്‍ മസ്സൂറി തണ്ടേഴ്‌സിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരത്തെ, 1.20 കോടി രൂപയ്ക്ക് നിലവിലെ ചാംപ്യന്‍മാരായ സ്മൃതി മന്ഥനയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. താരലേലത്തിലേക്ക് ആദ്യം എത്തിയ വെസ്റ്റിന്‍ഡീസ് താരം ദിയേന്ദ്ര ഡോട്ടിനെ 1.70 കോടി രൂപയ്ക്ക് ഗുജറാത്ത് ജയന്റ്‌സ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ, യുപി വോറിയേഴ്‌സുമായി നടത്തിയ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഗുജറാത്ത് സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ നാദിന്‍ ഡി ക്ലെര്‍ക് 40 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സിലെത്തി. ഇരുപതുകാരി എന്‍. ചരണി 55 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ചേര്‍ന്നു. യുവതാരം നന്ദിനി കശ്യപ് 10 ലക്ഷം രപൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി.

ആരുഷി ഗോയല്‍ 10 ലക്ഷം രൂപയ്ക്ക് യുപി വോറിയേഴ്‌സിലെത്തിയപ്പോള്‍ ക്രാന്തി ഗൗത് 10 ലക്ഷം രൂപയ്ക്ക് യുപി വോറിയേഴ്‌സിനൊപ്പം ചേര്‍ന്നു. സംസ്‌കൃതി ഗുപ്തയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതും അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്കാണ്.

സാറാ ബ്രൈസ് 10 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. ഓസ്‌ട്രേലിയന്‍ താരം അലാന കിങ് 30 ലക്ഷം രൂപയ്ക്ക് യുപി വോറിയേഴ്‌സിനൊപ്പം ചേര്‍ന്നു. രാഘവി ബിഷ്ത് , ജാഗ്രവി പവാര്‍ എന്നിവര്‍ 10 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ആര്‍സിബിയില്‍ ഇടംപിടിച്ചു.

നിക്കി പ്രസാദിനെ 10 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. അക്ഷിത മഹേശ്വരി 20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സിലെത്തിയപ്പോള്‍ ഡാനിയേല ഗിബ്‌സന്‍ 30 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ജയന്റ്‌സിനൊപ്പം ചേര്‍ന്നു. പ്രകാശിക നായിക്ക് 10 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ജയന്റ്‌സിലെത്തി.

അഞ്ച് ടീമുകളിലുമായി ആകെയുണ്ടായിരുന്ന 18 ഒഴിവുകളിലേക്ക് 124 താരങ്ങളാണ് പോരടിച്ചത്. ഇതില്‍ 91 ഇന്ത്യന്‍ താരങ്ങളും 29 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. 18 താരങ്ങളെ സ്വന്തമാക്കുന്നതിനായി അഞ്ച് ടീമുകളുടെയും പഴ്‌സുകളിലായി ആകെയുണ്ടായിരുന്നത് 15 കോടി രൂപ. ഇത്തവണ ലേലത്തിനു മുന്നോടിയായി മിക്ക ടീമുകളും കഴിഞ്ഞ തവണത്തെ താരങ്ങളെ ഏറെക്കുറെ പൂര്‍ണമായും നിലനിര്‍ത്തിയതോടെയാണ് ആകെ ഒഴിവ് പത്തൊന്‍പതും പഴ്‌സിലെ തുക 15 കോടിയുമായി ഒതുങ്ങിയത്.കളിച്ചുതെളിഞ്ഞത് ധാരാവിയിലെ 'ചേരിക്രിക്കറ്റില്‍'; വനിതാ പ്രിമിയര്‍ ലീഗിലെ മൂല്യമേറിയ താരമായി സിമ്രാന്‍ ഷെയ്ഖ് ഗുജറാത്ത് ടീമില്‍; 1.60 കോടി രൂപയ്ക്ക് 16കാരി കമാലിനി മുംബൈയില്‍; മലയാളിതാരം ജോഷിത ആര്‍സിബിയില്‍

Tags:    

Similar News