പന്ത് മിഡ് ഓണിലേക്കു തട്ടിയിട്ട് റണ്ണിനായി കുതിച്ച് ജയ്‌സ്വാള്‍; 'തിരിഞ്ഞുനോക്കി' പിന്‍വാങ്ങി വിരാട് കോലി; ആ റണ്‍ഔട്ട് കൊഹ്ലിയുടെ പിഴവെന്ന് മഞ്ജരേക്കര്‍; നിഷേധിച്ച് ഇര്‍ഫാന്‍; ചര്‍ച്ചയ്ക്കിടെ പരസ്പരം തര്‍ക്കിച്ച് മുന്‍താരങ്ങള്‍

ആ റണ്‍ഔട്ട് കൊഹ്ലിയുടെ പിഴവെന്ന് മഞ്ജരേക്കര്‍

Update: 2024-12-27 11:38 GMT

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ തുടക്കത്തിലെ തിരിച്ചടിയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത് ഇന്ത്യന്‍ യുവതാരം യശ്വസി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സായിരുന്നു. സഹതാരം വിരാട് കോലിയുമായുണ്ടായ ആശയക്കുഴപ്പത്തിനൊടുവില്‍. 82 റണ്‍സെടുത്തു സെഞ്ചുറി പ്രതീക്ഷയുമായി നില്‍ക്കെ ജയ്‌സ്വാള്‍ 41ാം ഓവറിലെ അവസാന പന്തിലാണു പുറത്തായത്. സ്‌കോട് ബോളണ്ടിന്റെ പന്ത് മിഡ് ഓണിലേക്കു തട്ടിയിട്ട് ജയ്‌സ്വാള്‍ റണ്ണിനായി മുന്നോട്ടു കുതിച്ചെങ്കിലും കോലി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ക്രീസില്‍ തന്നെ തുടരുകയായിരുന്നു.

ജയ്‌സ്വാളിന്റെ നീക്കം പ്രതീക്ഷിക്കാതിരുന്ന കോലി, നോണ്‍ സ്‌ട്രൈക്കറായി ക്രീസില്‍ തന്നെ തുടരുകയായിരുന്നു. കോലി ആദ്യം മുന്നോട്ടിറങ്ങിയിരുന്നു. എന്നാല്‍ അപകട സാധ്യതയുള്ളതിനാല്‍ പിന്‍വാങ്ങി. ജയ്‌സ്വാള്‍ ഓടുന്നതും കോലി ശ്രദ്ധിച്ചില്ല. അപ്പോഴേക്കും ജയ്‌സ്വാള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെത്തിയിരുന്നു. മിഡ് ഓണില്‍ നില്‍ക്കുകയായിരുന്ന ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്റെ നേരിട്ടുള്ള ത്രോ വിക്കറ്റില്‍ കൊണ്ടിരുന്നില്ല. പിന്നീട് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി പന്തെടുത്ത് ജയ്‌സ്വാളിനെ പുറത്താക്കി.

പെര്‍ത്ത് ടെസ്റ്റില്‍ 161 റണ്‍സെടുത്ത, ജയ്‌സ്വാള്‍ മെല്‍ബണില്‍ വീണ്ടും സെഞ്ചറി തികയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. അപ്രതീക്ഷിതമായ പുറത്താകലില്‍ നിരാശനായി ജയ്‌സ്വാള്‍ ഡ്രസിങ് റൂമിലേക്കു മടങ്ങി. അതേസമയം ജയ്‌സ്വാള്‍ പുറത്താകാന്‍ കാരണം വിരാട് കോലിയാണെന്നു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുകയാണ്. 83 പന്തില്‍ 35 റണ്‍സെടുത്താണ് ആദ്യ ഇന്നിങ്‌സില്‍ വിരാട് കോലി പുറത്താകുന്നത്.

ജയ്‌സ്വാളിന്റെ റണ്ണൗട്ടിന്റെ പേരില്‍ ഇന്ത്യയുടെ രണ്ട് മുന്‍ താരങ്ങള്‍ തമ്മില്‍ ലൈവ് ടെലികാസ്റ്റിനിടെ തര്‍ക്കിക്കുന്നതും ഇന്ന് ആരാധകര്‍ സാക്ഷിയായി. മുന്‍ ഇന്ത്യന്‍ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും ഇര്‍ഫാന്‍ പഠാനുമാണ് തമ്മില്‍ തര്‍ക്കിച്ചത്. റണ്‍ഔട്ടിന് കാരണം കൊഹ്ലി വരുത്തിയ നിസാര പിഴവാണ് എന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്. കൊഹ്ലിയ്ക്ക് ഓടാമായിരുന്നു.

എന്നാല്‍ പഠാന്‍ ഇതിനെ എതിര്‍ത്തു. മിഡ് ഓണിലേക്ക് ജയ്സ്വാള്‍ കളിച്ച ഷോട്ടില്‍ ബാള്‍ അതിവേഗമാണ് സഞ്ചരിച്ചതെന്നും അതുകൊണ്ട് നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ കൊഹ്ലി ഓടിയാല്‍ അദ്ദേഹവും റണ്‍ഔട്ടാകാന്‍ ഇടയുണ്ടെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞത്.'ബോള്‍ വളരെ സാവധാനമാണ് പോയത്. അതൊരു റിസ്‌കുള്ള ഓട്ടമായിരുന്നു എന്നാലും കൊഹ്ലി റണ്‍ഔട്ട് ആകുമെന്ന് എനിക്ക് തോന്നുന്നില്ല. വിരാടില്‍ നിന്നുമുണ്ടായത് ഒരു മണ്ടത്തരമാണ്. ജയ്സ്വാളിന്റേത് തെറ്റായ തീരുമാനം ആയിരുന്നെങ്കില്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ അയാള്‍ റണ്‍ഔട്ട് ആകുമായിരുന്നു.' എന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്.

എന്നാല്‍ ഇതിനെതിരെ പറഞ്ഞ പഠാന്‍ തന്റെ അഭിപ്രായം സ്ഥാപിക്കാന്‍ ബോള്‍ പോയിന്റ് റീജ്യണില്‍ പോയിരുന്നെങ്കില്‍ അത് നോണ്‍ സ്ട്രൈക്കര്‍ക്ക് അനുകൂലമായേനെ എന്ന് പറഞ്ഞു. ഇതോടെ ശരിയായ ഉദാഹരണമല്ല പഠാന്‍ സൂചിപ്പിക്കുന്നത് എന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഇത് ശരിയും തെറ്റുമല്ല എന്റെ അഭിപ്രായമാണ് എന്ന് പഠാന്‍ മറുപടി നല്‍കി.

ഇതോടെ ഇരുവരും തമ്മില്‍ സംസാരിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ തര്‍ക്കമായി. ഒടുവില്‍ ഇത് റണ്‍ഔട്ടായാലും അല്ലെങ്കിലും ഇര്‍ഫാന്റെ അഭിപ്രായം കോച്ചിംഗ് മാനുവലില്‍ ചേര്‍ക്കേണ്ടതാണെന്ന് മഞ്ജരേക്കര്‍ കമന്റ് ചെയ്തു. റണ്‍ഔട്ട് സംഭവത്തോടെ ശ്രദ്ധ പോയ കൊഹ്ലി ഉടനെ പുറത്തായതും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News