വിജയ് ഹസാരെ ട്രോഫിയില്‍ തീപ്പൊരി പ്രകടനം; പിന്നാലെ മിഡില്‍ സ്റ്റംപ് വായുവില്‍ പറത്തി പരിശീലനം; ചാമ്പ്യന്‍സ് ട്രോഫിയില്‍ പന്തെറിയാന്‍ മുഹമ്മദ് ഷമി; ബുമ്രയുടെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഉള്‍പ്പെടുത്തിയേക്കും
ചാമ്പ്യന്‍സ് ട്രോഫിയില്‍ പന്തെറിയാന്‍ മുഹമ്മദ് ഷമി
മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്ക് കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ഫിറ്റ്നെസ് വീണ്ടെടുത്ത മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ്.
പരിക്കുമൂലം ഒരു വര്‍ഷത്തിലധികമായി ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന മുഹമ്മദ് ഷമി വീണ്ടും കഠിന പരിശീലനം പുനരാരംഭിച്ചു. നെറ്റ്‌സില്‍ പഴയ വേഗത്തിലും താളത്തിലും പന്തെറിയുന്ന മുഹമ്മദ് ഷമിയുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്. നെറ്റ്‌സില്‍ പരിശീലനത്തിനിടെ ഒരു പന്ത് മിഡില്‍ സ്റ്റംപിളക്കുന്നതും വീഡിയോയില്‍ കാണാം.
പരിക്കിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെയാണ് ഷമി പരിശീലനം നടത്തുന്നത്. ഈ മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കഠിന പരിശീലനം നടത്തുന്ന വീഡിയോ ഷമി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
2023ലെ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ഷമി പിന്നീട് കാല്‍ക്കുഴയിലേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്ന ഷമി പരീശിലനം പുനരാരംഭിക്കുകയും മുഷ്താഖ് അലിയിലും രഞ്ജി ട്രോഫിയിലും ബംഗാളിനായി കളിക്കുകയും ചെയ്‌തെങ്കിലും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് ഷമിയെ പരിഗണിച്ചില്ല.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം ഷമിയെ ടീമിലെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാല്‍മുട്ടില്‍ വീണ്ടും വേദന അനുഭവപ്പെട്ടതിനാലാണ് ടീമിലുള്‍പ്പെടുത്താത് എന്നായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിശദീകരണം.
എന്നാല്‍ ഏകദിന ലോകകപ്പ് ഫൈനലിനിടെ ഉണ്ടായ പരിക്കിന് ശേഷം കഴിഞ്ഞ രണ്ട് മാസമായി ഷമി ആഭ്യന്തര ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ്. രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയില്‍ ബംഗാളിന് വേണ്ടി കളിച്ചിരുന്നു. ഷമിയുടെ അഭാവം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് തിരിച്ചടിയാകുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 32 വിക്കറ്റുമായി ഇന്ത്യക്കായി ഒറ്റയാള്‍ പോരാട്ടം നടത്തിയത് ജസ്പ്രീത് ബുമ്രയായിരുന്നു.
എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റിനിടെ ബുമ്രക്ക് പരിക്കേറ്റതോടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20-ഏകദിന പരമ്പരകളില്‍ ബുമ്രക്ക് വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ മുഹമ്മദ് ഷമിയെ ഇന്ത്യ ടീമിലുള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 22നാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.
അതേ സമയം ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഈ മാസം 12ന് മുമ്പ് പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതിനിടെ രോഹിത് ശര്‍മ ക്യാപ്റ്റനായി തുടരുമെന്നുള്ള വാര്‍ത്തകളും പുറത്തുവന്നു. ഒരു വേളയില്‍ രോഹിത്തിനെ ഒഴിവാക്കുമെന്നും പകരം ഹാര്‍ദിക് പാണ്ഡ്യ നയിക്കുമെന്നും സംസാരമുണ്ടായി. എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിച്ച സീനിയര്‍ താരങ്ങളെല്ലാം ടീമീനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്. വിരാട് കോലി, ഋഷഭ് പന്ത് എന്നിവരെല്ലാം ടീമിനൊപ്പം തുടരും. പരിക്കേറ്റ ജസ്പ്രിത് ബുമ്രയുടെ കാര്യത്തില്‍ ആശങ്കകളുണ്ട്. പരിശോധനയ്ക്ക് ശേഷം ബുമ്രയുടെ കാര്യത്തില്‍ തീരുമാനമെടുക്കും.