ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര; ഋഷഭ് പന്ത് പ്ലേയിങ് ഇലവനില്‍ വേണ്ട; സഞ്ജു സാംസണ്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു; മലയാളി താരത്തെ പിന്തണച്ച് സഞ്ജയ് ബംഗാര്‍

ഋഷഭ് പന്ത് വേണ്ട; സഞ്ജു സ്ഥാനമുറപ്പിച്ചെന്ന് സഞ്ജയ് ബംഗാര്‍

Update: 2025-01-07 17:44 GMT

മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഋഷഭ് പന്തിന് ഇനി സാധ്യതകളില്ലെന്നു പ്രവചിച്ച് ടീം ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ മികച്ച ഫോമിലുള്ള സഞ്ജു സാംസണ്‍ തന്നെയാകും ഇന്ത്യന്‍ ടീമിന്റെ കീപ്പറെന്നും ബംഗാര്‍ പ്രതികരിച്ചു. ട്വന്റി20യില്‍ സഞ്ജു തന്റെ സ്ഥാനം ഏകദേശം ഉറപ്പിച്ചു കഴിഞ്ഞെന്നും ബംഗാര്‍ വ്യക്തമാക്കി.

''ഇന്ത്യന്‍ ടീമില്‍ ഒരു വിക്കറ്റ് കീപ്പര്‍ക്കാണു സ്ഥാനമുള്ളത്. തനിക്കു ലഭിച്ച അവസരങ്ങളില്‍ ഇത്രയും വലിയ പ്രകടനം നടത്തുകയാണ് സഞ്ജു. കഴിഞ്ഞ പരമ്പര തന്നെ അതിനു തെളിവാണ്. രണ്ടു വിക്കറ്റ് കീപ്പര്‍മാരെ പരമ്പരയില്‍ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടാണ്. ഇടം കൈ ബാറ്ററായ തിലക് വര്‍മ സ്‌ക്വാഡില്‍ ഉണ്ടാകും. അദ്ദേഹവും മികച്ച ഫോമിലാണ്. അതുകൊണ്ടു തന്നെ ഇടം കൈ ബാറ്ററെന്ന പരിഗണന വന്നാലും ടീമില്‍ അങ്ങനെയുള്ള താരങ്ങള്‍ ഇഷ്ടം പോലെയുണ്ട്.'' സഞ്ജയ് ബംഗാര്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയില്‍ പറഞ്ഞു.

ടീമിലെ മത്സരം നോക്കിയാല്‍ പന്തിന് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റിംഗിന് ഇടം ലഭിക്കില്ല.അതുപോലെ ഇടം കൈയനാണെന്ന പരിഗണനയും ഇനി പന്തിന് ലഭിക്കില്ല. ഇടം കൈയനായ തിലക് വര്‍മ ടീമിലുള്ളതിനാല്‍ പന്തിന് ആ ആനുകൂല്യവും ലഭിക്കില്ല. തിലകിന് പുറമെ റിങ്കു സിംഗും ശിവം ദുബെയുമെല്ലാം ഇടം കൈയന്‍മാരായി ടീമിലുണ്ട്. അതിനാല്‍ ടി20 ടീമില്‍ ഇടം ലഭിക്കുക എന്നത് പന്തിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നും ബംഗാര്‍ പറഞ്ഞു.

അവസാനം കളിച്ച അഞ്ച് ടി20 മത്സരങ്ങളില്‍ സഞ്ജു മൂന്ന് സെഞ്ചുറികള്‍ നേടിയപ്പോള്‍ അവസാനം കളിച്ച രണ്ട് ടി20 മത്സരങ്ങളിലും തിലക് വര്‍മ രണ്ട് സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് ടീമിലിടം കിട്ടിയെങ്കിലും സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. എല്ലാം മത്സരങ്ങളിലും പന്തായിരുന്നു വിക്കറ്റ് കീപ്പറായി കളിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ പന്തിന് വിശ്രമം നല്‍കി സഞ്ജുവിന് അവസരം നല്‍കിയെങ്കിലും തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായി സഞ്ജു നിരാശപ്പെടുത്തി.

പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അവസരം ലഭിച്ച സഞ്ജു ഓപ്പണറായി ഇറങ്ങി ആദ്യ രണ്ട് കളികളിലും തിളങ്ങിയില്ലെങ്കിലും മൂന്നാം മത്സരത്തില്‍ സെഞ്ചുറി അടിച്ച് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലിടം നേടി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയ സഞ്ജു പിന്നീട് തുടര്‍ച്ചയായി രണ്ട് കളികളില്‍ പൂജ്യത്തിന് പുറത്തായെങ്കിലും നാലാം മത്സരത്തിലും സെഞ്ചുറി നേടി ഒരു വര്‍ഷം മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി റെക്കോര്‍ഡിട്ടിരുന്നു.

ട്വന്റി20 ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് സഞ്ജു സാംസണ്‍ കളിക്കുന്നത്. ഒടുവില്‍ കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ മൂന്ന് സെഞ്ചറികള്‍ മലയാളി താരം നേടി. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20യില്‍ 47 പന്തില്‍ 111 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ മത്സരത്തില്‍ 107 റണ്‍സും അവസാന മത്സരത്തില്‍ 109 റണ്‍സും നേടി സഞ്ജു വിമര്‍ശകര്‍ക്കു മറുപടി നല്‍കുകയും ചെയ്തു.

Tags:    

Similar News