അഗാര്‍ക്കര്‍ ഈ മികവ് കാണുന്നുണ്ടോ? ആറ് ഇന്നിങ്‌സിനിടെ അഞ്ചാം സെഞ്ചറി; വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയെ സെമിയിലെത്തിച്ച് കരുണ്‍ നായര്‍; ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ മലയാളി താരം; ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയെ സെമിയിലെത്തിച്ച് കരുണ്‍ നായര്‍
വഡോദര: വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ മിന്നും സെഞ്ചുറിയുമായി വിദര്‍ഭയെ സെമി ഫൈനലില്‍ എത്തിച്ച് മലയാളി താരം കരുണ്‍ നായര്‍. വഡോദരയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒമ്പത് വിക്കറ്റിനായിരുന്നു രാജസ്ഥാനെതിരെ വിദര്‍ഭയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ 292 റണ്‍സ് വിജലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 62 റണ്‍സ് നേടിയ കാര്‍ത്തിക് ശര്‍മയാണ് ടോപ് സ്‌കോറര്‍. യഷ് താക്കൂര്‍ നാല് വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ വിദര്‍ഭ 43.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ കരുണ്‍ നായര്‍ (82 പന്തില്‍ 122), ധ്രുവ് ഷോരെ (131 പന്തില്‍ 118) എന്നിവരാണ് വിദര്‍ഭയെ വിജയത്തിലേക്ക് നയിച്ചത്. 16ന് നടക്കുന്ന സെമി ഫൈനലില്‍ മഹാരാഷ്ട്രയാണ് വിദര്‍ഭയുടെ എതിരാളി.
വലിയ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് വിദര്‍ഭയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷോറെ - യാഷ് റാത്തോഡ് (39) സഖ്യം 92 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ 19-ാം ഓവറില്‍ കുക്ന അജയ്, വിദര്‍ഭയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.
എന്നാല്‍ ശരിക്കുമുള്ള വെടിക്കെട്ട് വരാനിരിക്കുന്നേ ഉണ്ടായിന്നുള്ളൂ. മലയാളി താരം കരുണ്‍, ഷോറേയ്ക്കൊപ്പം ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 82 പന്തുകള്‍ മാത്രം നേരിട്ട കരുണ്‍ അഞ്ച് സിക്സും 13 ഫോറും നേടി. ഷോറെ 131 പന്തുകള്‍ കളിച്ചു. മൂന്ന് സിക്സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഇരുവരും 200 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
നേരത്തെ കാര്‍ത്തിക് ശര്‍മയ്ക്ക് പുറമെ ശുഭം ഗര്‍വാള്‍ (59), ദീപക് ഹൂഡ (45) എന്നിവരുടെ ഇന്നിംഗ്സുകളാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മഹിപാല്‍ ലോംറോര്‍ (32), ദീപക് ചാഹര്‍ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. യഷ് താക്കൂര്‍ വിദര്‍ഭയ്ക്ക് വേണ്ടി നാല് വിക്കറ്റ് നേടി.
ഗുജറാത്തിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഹരിയാനയും സെമയില്‍ കടന്നു. ഗുജറാത്ത് മുന്നോട്ടുവച്ച് 197 റണ്‍സ് വിജയലക്ഷ്യം ഹരിയാന എട്ട് വിക്കറ്റ് നഷ്ടത്തില്‍ 44.2 ഓവറില്‍ മറികടന്നു. 66 റണ്‍സ് നേടിയ ഹിമാന്‍ഷു റാണയാണ് ടോപ് സ്‌കോറര്‍. രവി ബിഷ്ണോയ് നാല് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ മൂന്ന് വീതം വിക്കറ്റ് നേടിയ അനുജ് തക്രാള്‍, നിശാന്ത് സിന്ധു എന്നിവരാണ് തകര്‍ത്തത്. 45.2 ഓവറില്‍ ഗുജറാത്ത് എല്ലാവരും പുറത്താവുകയായിരുന്നു. 54 റണ്‍സെടുത്ത ഹെമാങ് പട്ടേലാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ അക്സര്‍ പട്ടേല്‍ (3) നിരാശപ്പെടുത്തി.
ആറ് ഇന്നിംഗ്‌സിനിടെ അഞ്ചാം സെഞ്ചുറി
മലയാളി വേരുകളുള്ള കരുണ്‍ നായര്‍ വിജയ് ഹസാരെ ട്രോഫിയില്‍ ആറ് ഇന്നിങ്‌സിനിടെ അഞ്ചാം സെഞ്ചറിയാണ് കുറിച്ചത്. ഇത്തവണ ടൂര്‍ണമെന്റില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ആറ് ഇന്നിങ്‌സുകളില്‍നിന്ന് അഞ്ചാം സെഞ്ചറി കുറിച്ച കരുണ്‍ നായരാണ് രാജസ്ഥാനെതിരെ വിദര്‍ഭയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.
വിജയ് ഹസാരെ ട്രോഫിയില്‍ ആറ് ഇന്നിങ്‌സുകളില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കരണ്‍ നേടുന്ന അഞ്ചാം സെഞ്ചറിയാണ് ക്വാര്‍ട്ടറില്‍ രാജസ്ഥാനെതിരെ പിറന്നത്. ഈ ആറ് ഇന്നിങ്‌സുകളില്‍ കരുണ്‍ പുറത്തായത് ഒരേയൊരു ഇന്നിങ്‌സില്‍ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്. ജമ്മു കശ്മീരിനെതിരെ 112*, ഛത്തീസ്ഗഡിനെതിരെ 44*, ചണ്ഡിഗഡിനെതിരെ 163*, തമിഴ്‌നാടിനെതിരെ 111*, ഉത്തര്‍പ്രദേശിനെതിരെ 112 എന്നിങ്ങനെയാണ് മറ്റു മത്സരങ്ങളില്‍ കരുണിന്റെ സ്‌കോര്‍. മിസോറമിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല.