മികച്ച തുടക്കം ലഭിച്ചിട്ടും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര; മൂന്നാം ഏകദിനത്തില്‍ 142 റണ്‍സ് ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ; ബാറ്റര്‍മാരും ബൗളിംഗ് നിരയും മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ ആത്മവിശ്വാസത്തോടെ രോഹിതും സംഘവും ചാമ്പ്യന്‍സ് ട്രോഫിക്ക്

മൂന്നാം ഏകദിനത്തില്‍ 142 റണ്‍സ് ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ

Update: 2025-02-12 16:04 GMT

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ 142 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ. ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന മത്സരങ്ങളിലും മികച്ച ജയം നേടിയ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള മുന്നൊരുക്കം ഗംഭീരമാക്കി. ബാറ്റിംഗില്‍ മുന്‍നിരയും മധ്യനിരയും ഫോമിലെത്തുകയും ബൗളര്‍മാരുടെ പ്രകടനം മെച്ചപ്പെടുകയും ചെയ്തതോടെ ആത്മവിശ്വാസത്തോടെയാണ് രോഹിത് ശര്‍മയും സംഘവും ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്നത്.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 34.2 ഓവറില്‍ 214 റണ്‍സിന് ഓള്‍ ഔട്ടായി.38 റണ്‍സ് വീതമെടുത്ത ടോം ബാന്റണും ഗുസ് അറ്റ്കിന്‍സണുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യക്കായി അര്‍ഷദീപ് സിംഗും ഹര്‍ഷിത് റാണയും അക്‌സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ 356ന് ഓള്‍ ഔട്ട്, ഇംഗ്ലണ്ട് 34.2 ഓവറില്‍ 214ന് ഓള്‍ ഔട്ട്.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് ആറോവറില്‍ 60 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു. എന്നാല്‍ ഏഴാം ഓവറില്‍ അര്‍ഷ്ദീപ് സിംഗ് ബെന്‍ ഡക്കറ്റിനെ(22 പന്തില്‍ 34) പുറത്താക്കിയതിന് പിന്നാലെ ഇംഗ്ലണ്ടിന് അടിതെറ്റി. പിന്നാലെ ഫില്‍ സാള്‍ട്ടിനെ(21 പന്തില്‍ 23)യും അര്‍ഷ്ദീപ് തന്നെ മടക്കി. ടോം ബാന്റണും(41 പന്തില്‍ 38) ജോ റൂട്ടും(29 പന്തില്‍ 24) ഇംഗ്ലണ്ടിനെ 100 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും ബാന്റണെ കുല്‍ദീപും റൂട്ടിനെ അക്‌സറും വീഴ്ത്തി.

ഹാരി ബ്രൂക്ക്(19) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ക്കും(6) ഒന്നും ചെയ്യാനായില്ല. ലിയാം ലിവിംഗ്സ്റ്റണെ(9) വാഷിംഗ്ട്ണ്‍ സുന്ദര്‍ പുറത്താക്കിയപ്പോള്‍ 19 പന്തില്‍ 38 റണ്‍സടിച്ച് തകര്‍ത്തടിച്ച അറ്റ്കിന്‍സണ്‍ ഇംഗ്ലണ്ടിന്റെ തോല്‍വിഭാരം കുറച്ചു. ആദില്‍ റഷീദിനെയും മാര്‍ക്ക് വുഡിനെയും മടക്കം ഹാര്‍ദ്ദിക് പാണ്ഡ്യ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിപ്പിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയുടെയും(112), വിരാട് കോലി(52), ശ്രേയസ് അയ്യര്‍(64 പന്തില്‍ 78) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കെഎല്‍ രാഹുല്‍(29 പന്തില്‍ 40), ഹാര്‍ദ്ദിക് പാണ്ഡ്യ(9 പന്തില്‍ 17) ബാറ്റിംഗ് മികവിലാണ് മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(1) നിരാശപ്പെടുത്തിയപ്പോള്‍ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യയുടെ ഫിനിഷിംഗിനെ ബാധിച്ചു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാലു വിക്കറ്റെടുത്തു.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ടുമത്സരങ്ങളും നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് ആത്മവിശ്വാസത്തോടെ ഇന്ത്യക്ക് കളിക്കാം. ഫെബ്രുവരി 19-നാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് തുടക്കമാവുന്നത്.

വെടിക്കെട്ടോടെ തുടക്കം, പിന്നെ തകര്‍ന്നടിഞ്ഞു

ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും ബെന്‍ ഡക്കറ്റും വെടിക്കെട്ടോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്. ടീം ആറോവറില്‍ 60-റണ്‍സിലെത്തി. പിന്നാലെ ബെന്‍ ഡക്കറ്റ് പുറത്തായി. 22 പന്തില്‍ നിന്ന് 34 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഫിലിപ് സാള്‍ട്ടിനെയും(23) പുറത്താക്കി അര്‍ഷ്ദീപ് സിങ് രണ്ടാം വിക്കറ്റ് വീഴ്ത്തി. ടോം ബാന്റണ്‍(38), ജോ റൂട്ട് (24),ഹാരി ബ്രൂക്ക്(19) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ പിന്നീടിറങ്ങിയവരെ വേഗം കൂടാരം കയറ്റിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ടീമിനെ വിജയത്തിലെത്തിച്ചു. ഗസ് ആറ്റ്ക്കിന്‍സണ്‍(38) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്.

ഗില്ലിന്റെ സെഞ്ചുറി, കോലിയുടെ തിരിച്ചുവരവ്

നേരത്തേ ഇന്ത്യ നിശ്ചിത 50-ഓവറില്‍ ഇന്ത്യ 356 റണ്‍സിന് പുറത്തായിരുന്നു. ഗില്ലിന്റെ സെഞ്ചുറിയും കോലി, ശ്രേയസ് അയ്യര് എന്നിവരുടെ അര്‍ധസെഞ്ചുറികളുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മയെ വേഗത്തില്‍ നഷ്ടമായി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ രോഹിത്തിന് അഹമ്മദാബാദില്‍ ആകെ ഒരു റണ്‍ മാത്രമാണ് നേടാനായത്. എന്നാല്‍ ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടന്നു. ഇരുവരും അര്‍ധസെഞ്ചുറിയും തികച്ചു. എന്നാല്‍ ടീം സ്‌കോര്‍ 122 ല്‍ നില്‍ക്കേ കോലിയെ ആദില്‍ റാഷിദ് മടക്കി. 55 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്സുമടക്കം 52 റണ്‍സാണ് കോലി നേടിയത്. സെഞ്ചുറിയുമായി ഗില്ലും(112) അര്‍ധസെഞ്ചുറിയുമായി ശ്രേയസ് അയ്യരും(78) മൈതാനത്ത് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.

Tags:    

Similar News