സെമി കാണാതെ ആതിഥേയര്‍ പുറത്ത്; പാകിസ്ഥാന്റേത് 80കളിലെ ക്രിക്കറ്റെന്ന് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി; ഇന്ത്യയുടെ ബി ടീമിനെ പോലും തോല്‍പ്പിക്കാനാവില്ലെന്ന് ഗാവസ്‌കര്‍; ഇന്ത്യയോട് തോറ്റതോടെ കടുത്ത വിമര്‍ശനം

പാകിസ്ഥാന്‍ ടീമില്‍ അഴിച്ചുപണി ആവശ്യമെന്ന് അഫ്രീദി

Update: 2025-02-25 13:26 GMT

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ആതിഥേയരായ പാകിസ്ഥാന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതോടെ കടുത്ത വിമര്‍ശനമാണ് മുന്‍ താരങ്ങളടക്കം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും താരങ്ങള്‍ക്കുമെതിരെ ഉന്നയിക്കുന്നത്. മുന്‍ താരങ്ങളായ വസിം അക്രം, ഷൊയിബ് അക്തര്‍ തുടങ്ങിയവര്‍ ടീം മാനേജ്മെന്റിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനോടും തുടര്‍ന്ന് ദുബായില്‍ ഇന്ത്യയോടും തോറ്റതോടെയാണ് സെമി വഴിയടഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശുമായി ഒരു മത്സരമാണ് ഇനി ബാക്കിയുള്ളത്. ഇതില്‍ ജയിച്ച് കളംവിടാനായിരിക്കും പാകിസ്ഥാന്‍ ശ്രമിക്കുക.

മൂന്നു പതിറ്റാണ്ട് തികയാനിരിക്കേയാണ് പാകിസ്ഥാനിലേക്ക് വീണ്ടുമൊരു ഐ.സി.സി. ടൂര്‍ണമെന്റെത്തിയത്. അതിന്റെ ആരവവും ആഘോഷവുമെല്ലാം പാകിസ്ഥാനിലുണ്ടായിരുന്നു. മറ്റ് ടീമുകളുടെ മത്സരത്തിന് പോലും നിറഞ്ഞ ഗാലറിയാണ് പാകിസ്ഥാനില്‍ കാണാന്‍ കഴിഞ്ഞത്. പക്ഷേ, ടൂര്‍ണമെന്റ് തുടങ്ങി ആറു ദിവസമായപ്പോഴേക്ക് ആതിഥേയര്‍ പുറത്തായി. പാക് താരങ്ങളുടെ ക്രിക്കറ്റ് ശൈലിയെ വിമര്‍ശിച്ചെത്തിയിരിക്കുകയാണ് മുന്‍ താരം ഷാഹിദ് അഫ്രീദി.

ക്രിക്കറ്റില്‍ ആക്രമണശൈലിക്ക് പേരുകേട്ട വ്യക്തിത്വമാണ് ഷാഹിദ് അഫ്രീദി. ഈ 2025-ലും പാകിസ്ഥാന്‍ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്ന് അഫ്രീദി കുറ്റപ്പെടുത്തി. മറ്റു ടീമുകളൊക്കെ ഇക്കാര്യത്തില്‍ വളരെ മുന്നോട്ടുപോവുകയും ആധുനികരീതി അവലംബിക്കുകയും ചെയ്തിട്ടുണ്ട്. ധാരാളം ഡോട്ട് ബോളുകള്‍ കളിച്ചതും പാകിസ്ഥാന് വിനയായെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കെതിരേ 49.4 ഓവറില്‍ 241 റണ്‍സ് നേടിയ കളിയില്‍ 152 ഡോട്ട്ബോളുകളാണ് പാകിസ്ഥാന്‍ കളിച്ചത്. ആദ്യത്തെ ആറോവറില്‍ 28 ബോളുകള്‍ ഡോട്ട് ബോളായിരുന്നു. ന്യൂസീലന്‍ഡിനെതിരേ 47.2 ഓവറില്‍ 260 നേടിയ കളിയില്‍ 162 ഡോട്ട്ബോളുകളുണ്ടായിരുന്നു. ആധുനിക ക്രിക്കറ്റ് കളിക്കാന്‍ പാകപ്പെട്ടവരല്ല നിലവിലെ പാകിസ്ഥാന്‍ താരങ്ങള്‍. ആക്രമണാത്മക ചിന്താഗതിയുള്ള ക്രിക്കറ്റ് കളിക്കാരെ സൃഷ്ടിക്കാന്‍, സിസ്റ്റത്തില്‍ ഒരഴിച്ചുപണി ആവശ്യമാണെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.

അതേ സമയം മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കറും സമാനമായ അഭിപ്രായപ്രകടനമാണ് നടത്തിയത്. ഇന്ത്യയുടെ ബി ടീമിന് ഈ പാകിസ്താന്‍ ടീമിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും ടീമിലെ പകരക്കാരുടെ നിര ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഗാവസ്‌കര്‍ തുറന്നടിച്ചു.

ഇന്ത്യയുടെ ബി ടീമിന് നിലവിലെ പാകിസ്താന്‍ ടീമിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. സി ടീമിന്റെ കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍, നിലവിലെ ടീമിന്റെ ഫോം വെച്ച് ഇന്ത്യയുടെ ബി ടീമിനെ തോല്‍പ്പിക്കുന്നത് തന്നെ വളരെയധികം ബുദ്ധിമുട്ടാണ്. - സ്പോര്‍ട്സ് ടുഡെയോട് ഗാവസ്‌കര്‍ പ്രതികരിച്ചു.

പാകിസ്ഥാന്‍ ടീമിന് കരുത്തുറ്റ പകരക്കാരുടെ നിരയില്ലാത്തത് അദ്ഭുതപ്പെടുത്തുന്നതാണ്. ടീമില്‍ എല്ലായിപ്പോഴും കഴിവുള്ള താരങ്ങള്‍ ഉണ്ടാകാറുണ്ട്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും മറ്റ് ആഭ്യന്തര ടൂര്‍ണമെന്റുകളുണ്ടായിട്ടും മികച്ച കളിക്കാരെ വാര്‍ത്തെടുക്കാനാവുന്നില്ലെന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ എങ്ങനെയാണ് ഇന്ത്യ നിരവധി യുവതാരങ്ങളെ കൊണ്ടുവന്നത്? ഐപിഎല്ലാണ് അതിന്റെ കാരണം. താരങ്ങള്‍ രഞ്ജി ട്രോഫി കളിക്കുകയും പിന്നീട് ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്യുന്നു. അത് പാകിസ്ഥാന്‍ നിരീക്ഷിക്കേണ്ടതുണ്ട്. എങ്ങനെയാണ് ടീമിന് കരുത്തുറ്റ പകരക്കാരുടെ നിരയില്ലാതായിപ്പോയതെന്ന കാര്യം കണ്ടെത്തണം.- ഗാവസ്‌കര്‍ പറഞ്ഞു.

1996-ല്‍ ഇന്ത്യയ്ക്കൊപ്പം ആതിഥേയത്വം വഹിച്ച ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ഒരു ഐസിസി ടൂര്‍ണമെന്റിന് പാകിസ്ഥാന്‍ വേദിയാകുന്നത്. എന്നാല്‍ ആ ടൂര്‍ണമെന്റിന് ഒരാഴ്ച തികയും മുമ്പുതന്നെ പാകിസ്ഥാന്‍ പുറത്തായി. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോടും രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും തോറ്റതിനു പിന്നാലെ തന്നെ പാകിസ്ഥാന്റെ വിധി തീരുമാനിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ന്യൂസീലന്‍ഡ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ പാകിസ്ഥാന്‍ ഔദ്യോഗികമായി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയായിരുന്നു. ഗ്രൂപ്പ് എയിലെ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യയും ന്യൂസീലന്‍ഡും സെമിയിലേക്ക് മുന്നേറി. ടൂര്‍ണമെന്റിലെ മോശം പ്രകടനത്തിനു പിന്നാലെ പാക് ക്രിക്കറ്റിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിനായി ഇനി സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതു പോലും ബോര്‍ഡിന് വലിയ വെല്ലുവിളിയാകും.

Tags:    

Similar News