മുന്‍നിര വീണപ്പോള്‍ രക്ഷകരായി ശ്രേയസ്-അക്ഷര്‍ കൂട്ടുകെട്ട്; അവസാന ഓവറുകളില്‍ പൊരുതി ഹാര്‍ദ്ദിക്; കിവീസിന് 250 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

കിവീസിന് 250 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

Update: 2025-03-02 12:49 GMT

ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ 250 റണ്‍സ് വിജയക്ഷ്യമുയര്‍ത്തി ഇന്ത്യ. അപ്രതീക്ഷിതമായി മുന്‍നിര തകര്‍ന്നതോടെ നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ - അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ടാണ് രക്ഷകരായത്. അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ഹാര്‍ദ്ദിക് പാണ്ഡ്യ 45 റണ്‍സടിച്ചു. 98 പന്തില്‍ നിന്ന് രണ്ടു സിക്സും നാല് ഫോറുമടക്കം 79 റണ്‍സെടുത്ത അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 61 പന്തുകള്‍ നേരിട്ട അക്ഷര്‍ ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 42 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 98 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 249 റണ്‍സെടുത്തത്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരെ ഏഴോവറിനുള്ളില്‍ നഷ്ടമായി 30-3 എന്ന സ്‌കോറിലേക്ക് വീണ ഇന്ത്യയെ ശ്രേയസ് അയ്യരും അക്‌സര്‍ പട്ടേലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 98 റണ്‍സാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മാറ്റ് ഹെന്റിയാണ് ബൗളിംഗില്‍ തിളങ്ങിയത്.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മിന്നും ഫോമിലുള്ള വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഏഴ് പന്തില്‍ രണ്ട് റണ്‍സെടുത്ത് മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്രതീക്ഷ നല്‍കിയെങ്കിലും അതിന് അധികം ആയുസുണ്ടായില്ല. 17 പന്തില്‍ ഒരു ഫോറും ഒരു സിക്‌സും പറത്തി 15 റണ്‍സെടുത്ത രോഹിത്തിനെ ജമൈസണിന്റെ പന്തില്‍ വില്‍ യംഗ് ക്യാച്ചെടുത്ത് പുറത്താക്കി.

കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ സെഞ്ചുറിയുമായി വിജയശില്‍പിയായ വിരാട് കോലി രണ്ട് ബൗണ്ടറി അടിച്ചാണ് തുടങ്ങിയതെങ്കിലും ഗ്ലെന്‍ ഫിലിപ്‌സിന്റെ അതിശയ ക്യാച്ചില്‍ പുറത്തായി. മാറ്റ് ഹെന്റിയുടെ പന്തില്‍ പോയന്റിലൂടെ ബൗണ്ടറി നേടാന്‍ ശ്രമിച്ച കോലിയെ ഫിലിപ്‌സ് പറന്നുപിടിച്ചതോടെ ഇന്ത്യ 30-3ലേക്ക് വീണ് കൂട്ടത്തകര്‍ച്ചയിലായി. എന്നാല്‍ സാവധാനം കളിയില്‍ പിടിമുറുക്കിയ ശ്രേയസ്- അക്‌സര്‍ കൂട്ടുകെട്ട് പതിയെ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പതിനാറാം ഓവറില്‍ 50 കടന്ന ഇന്ത്യ 25-ാം ഓവറില്‍ 100 കടന്നു.

75 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ശ്രേയസും അക്‌സറും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 98റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 61 പന്തില്‍ 42 റണ്‍സെടുത്ത അക്‌സറിനെ രചിന്‍ രവീന്ദ്രയുടെ പന്തില്‍ കെയ്ന്‍ വില്യംസണ്‍ പിടികൂടി. പിന്നീടെത്തിയ കെ എല്‍ രാഹുലിനൊപ്പം മറ്റൊരു മികച്ച കൂട്ടുകെട്ടിന് ശ്രേയസ് അടിത്തറയിട്ടെങ്കിലും 37-ാം ഓവറില്‍ 79 റണ്‍സടിച്ച ശ്രേയസിനെ വില്യം ഔറൂര്‍ക്കെ പുറത്താക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. നാലു ഫോറും രണ്ട് സിക്‌സും പറത്തിയാണ് ശ്രേയസ് 79 റണ്‍സടിച്ചത്. ശ്രേയസിന് പിന്നാലെ രാഹുലും(23) മടങ്ങിയതോടെ ഇന്ത്യ വീണ്ടും തകര്‍ച്ചയിലായി. ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തി. പിന്നാലെ ജഡേജ(16) വില്യംസണിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങിയത് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തു.

49-ാം ഓവറില്‍ കെയ്ല്‍ ജമൈസണെ രണ്ട് ഫോറും സിക്‌സും പറത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ 250 ന് അടുത്തെത്തിച്ചത്. അവസാന ഓവറില്‍ ഹാര്‍ദ്ദിക്കും(45) ഷമിയും(5) മടങ്ങിയതോടെ ഇന്ത്യ 249ല്‍ ഒതുങ്ങി. ഒരു റണ്ണുമായി കുല്‍ദീപ് യാദവ് പുറത്താകാതെ നിന്നു. നേരത്തെ പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ ഇന്ത്യ ഹര്‍ഷിത് റാണക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെ പ്ലേയിംഗ് ഇലവനിലെടുത്തു.

Tags:    

Similar News