ജസ്പ്രീത് ബുംറയെയും ഹാര്‍ദിക് പാണ്ഡ്യയെയും ഇന്ത്യന്‍ ടീമിലെത്തിച്ച അതേ മുംബൈ ഇന്ത്യന്‍സ് സ്‌കൗട്ടിംഗ് ടീമിന്റെ 'കണ്ടെത്തല്‍'; അരങ്ങേറ്റം അവിസ്മരണീയമാക്കിയ 'മലയാളി ചെക്കന്' മുംബൈ ഡ്രസിംഗ് റൂമില്‍ വന്‍വരവേല്‍പ്പ്; വിഘ്‌നേഷ് പുത്തൂരിന് 'ബെസ്റ്റ് ബൗളര്‍' അവാര്‍ഡ് സമ്മാനിച്ചത് നിത അംബാനി നേരിട്ടെത്തി; സാമൂഹ്യ മാധ്യമങ്ങളിലും ഒറ്റദിവസം കൊണ്ട് കുതിച്ചുയര്‍ന്ന് താരമൂല്യം
നിത അംബാനിയില്‍ നിന്നും 'ബെസ്റ്റ് ബൗളര്‍' അവാര്‍ഡ് ഏറ്റുവാങ്ങി വിഘ്‌നേഷ് പുത്തൂര്‍
മുംബൈ: ഇന്ത്യന്‍ ടീമിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയുമടക്കം 'കണ്ടെത്തിയ' മുംബൈ ഇന്ത്യന്‍സ് സ്‌കൗട്ടിംഗ് ടീമിന്റെ യുവ പ്രതിഭകളുടെ നിരയിലേക്ക് ഏറ്റവും ഒടുവില്‍ എഴുതിച്ചേര്‍ത്ത പേരാണ് മലയാളി താരം വിഘ്‌നേഷ് പുത്തൂരിന്റേത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി സ്പിന്നര്‍ വിഘ്നേഷ് പുത്തൂര്‍ ഇന്നലെ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മൂന്ന് വിക്കറ്റ് നേടിയാണ് വിഘ്നേഷ് അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പന്തേല്‍പിച്ച ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്. അതും തകര്‍പ്പന്‍ ഫോമില്‍ കളിക്കുകയായിരുന്ന സി എസ് കെ നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റേത്. തൊട്ടടുത്ത ഓവറില്‍ ശിവം ദുബേ. മൂന്നാം ഓവറില്‍ ദീപക് ഹൂഡ..... അതുവരെ വിജയലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രതിരോധത്തിലായ നിമിഷങ്ങള്‍.
ചെന്നൈയില്‍ സിഎസ്‌കെയ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇംപാക്റ്റ് പ്ലെയറായാണ് രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി വിഘ്നേഷ് എത്തിയത്. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. 26 പന്തില്‍ 53 റണ്‍സെടുത്ത് മിന്നും ഫോമില്‍ നിന്ന നായകന്‍ ഋതുരാജ് ഗെയ്ക്വാദിനെ വീഴ്ത്തിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നിലയുറപ്പിക്കും മുന്‍പെ ശിവം ദുബെയെയും ദീപക് ഹൂഡയെയും പുറത്താക്കി വിഘ്‌നേഷ് തന്റെ വരവറിയിക്കുകയും ചെയ്തു. മത്സരം ശേഷം വിഘ്‌നേഷിനെ തേടി ഒരുപാട് അഭിനന്ദനമെത്തിയിരുന്നു.
മത്സരശേഷം വന്‍ വരവേല്‍പ്പാണ് മുംബൈ ഇന്ത്യന്‍സ് ഡ്രസിംഗ് റൂമില്‍ വിഘ്‌നേഷ് പുത്തൂരിന് ലഭിച്ചത്. മുംബൈ ഡ്രസ്സിംഗ് റൂമില്‍, ഉടമ നിത അംബാനി 'ബെസ്റ്റ് ബൗളര്‍' അവാര്‍ഡ് വിഘ്‌നേഷ് പുത്തൂരിന് സമ്മാനിച്ചു. വികാരഭരിതമായ നിമിഷത്തില്‍ അവരുടെ കാല്‍ തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങി.
നിത അംബാനിയില്‍ നിന്ന് മുംബൈയുടെ 'ബെസ്റ്റ് ബൗളര്‍' അവാര്‍ഡ് സ്വീകരിച്ച ശേഷം, വിഘ്‌നേഷ് എളിമയോടെ നന്ദി പറഞ്ഞു, 'എനിക്ക് മത്സരം കളിക്കാന്‍ അവസരം നല്‍കിയതിന് മുംബൈ ഫ്രാഞ്ചൈസിക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തില്‍ ഒരിക്കലും ഈ കളിക്കാരോടൊപ്പം കളിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ വളരെ സന്തോഷവാനാണ്. ടീം, ഞങ്ങള്‍ക്ക് ജയിക്കാമായിരുന്നു. വളരെ നന്ദി, പ്രത്യേകിച്ച് നമ്മുടെ ക്യാപ്റ്റന്‍ സൂര്യ ഭായ് വളരെ പിന്തുണ നല്‍കി. അതുകൊണ്ടാണ് എനിക്ക് ഒരിക്കലും ഇത്ര സമ്മര്‍ദ്ദം തോന്നിയിട്ടില്ല. എന്നെ പിന്തുണച്ച എന്റെ എല്ലാ സഹതാരങ്ങള്‍ക്കും നന്ദി.'
മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലെത്തിയാണ് നിത അംബാനി പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. പുരസ്‌കാരം സ്വീകരിച്ച ശേഷം നിത അംബാനിയുടെ കാല്‍കളില്‍ തൊട്ടുവന്ദിച്ച വിഘ്‌നേഷ് പുത്തൂരിന്റെ എളിയ ശൈലിക്ക് കയ്യടിച്ച് ഒട്ടേറെ ആരാധകരാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
അഭിനന്ദിച്ച് മുന്‍താരങ്ങളും
മത്സര ശേഷം വിഘ്‌നേഷിനെ ഇതിഹാസഹങ്ങളുമായി താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. അദ്ദേഹം വളരെ പതിയെയാണ് പന്ത് എറിയുന്നതെന്നും ഇതിഹാസ താരങ്ങളായ ബിഷന്‍ സിങ് ബേദിയെയും എരപ്പള്ളി പ്രസന്നയെ അനുസ്മരിപ്പിച്ചെന്നും സിദ്ദു പറഞ്ഞു.
'വിഘനേശ് വിക്കറ്റുകള്‍ക്ക് വേണ്ടി ശ്രമിച്ചുകൊണ്ടേയിരുന്നു, സ്ലോ ബോളുകള്‍ ആണ് അവന്റെ പ്രധാന ആയുധം. നിലവിലെ സ്പിന്നര്‍മാര്‍ സാധാരണയായി ഉപയോഗിക്കുന്ന തന്ത്രമല്ല വിഘ്‌നേഷിന്റേത്. വ്യത്യസ്തനാണ്, ഇതിഹാസ സ്പിന്നര്‍മാരെ പോലെയാണ് അവന്‍ പന്തെറിയുന്നത്.
വിഘ്‌നേ് ബിഷന്‍ സിങ് ബേദിയെയും എരപ്പള്ളി പ്രസന്നയെയും ഓര്‍മിപ്പിച്ചു. നെറ്റ്‌സില്‍ പോലും ബിഷന്‍ സിങ് ബേദിയെ കളിക്കാന്‍ എളുപ്പമായിരുന്നില്ല,' നവ്‌ജോത് സിങ് സിദ്ദു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് വിഘ്നേഷ് പന്തെറിയുന്നതെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ നിരീക്ഷിച്ചു, കുല്‍ദീപ് യാദവ് ആദ്യമായി രംഗപ്രവേശം ചെയ്തപ്പോള്‍ അദ്ദേഹം കാണിച്ച അതേ വേഗതയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് തന്റെ കഴിവും നിഗൂഢതയും പരമാവധി പ്രയോജനപ്പെടുത്താന്‍ നോക്കുമ്പോള്‍, 2025 സീസണിലുടനീളം എല്ലാ കണ്ണുകളും ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നറായ വിഘ്‌നേഷിലേക്കായിരിക്കും, ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.
മത്സരശേഷം ചെന്നൈയുടെ സൂപ്പര്‍ താരം എം.എസ്. ധോണി വിഘ്‌നേഷിനടുത്തെത്തി തോളില്‍ തട്ടി അഭിനന്ദിച്ചത് വൈകാരിക നിമിഷങ്ങളായി. കളിക്കാര്‍ പരസ്പരം കൈകൊടുക്കുന്നതിനിടെ വിഘ്‌നേഷിന്റെ തോളത്ത് തട്ടി ധോണി അഭിനന്ദിച്ചു. ഈ സമയത്ത് വിഘ്‌നേഷ് ധോണിയോട് തന്റെ ആരാധനയും വെളിപ്പെടുത്തി. സ്‌നേഹത്തോടെ ധോണി താരത്തെ ചേര്‍ത്തുപിടിക്കുന്നതും കാണാനായി. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കേരളത്തിന്റെ ചൈനമാന്‍
കുല്‍ദീപ് യാദവിന്റെ മാതൃകയില്‍ ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നറായ വിഘ്നേഷ് അരങ്ങേറ്റ മത്സരത്തില്‍ ഒരു പരിഭ്രമവും കൂടാതെയാണ് പന്തെറിഞ്ഞത്. കേരളത്തിനായി സീനിയര്‍ ലെവല്‍ ക്രിക്കറ്റ് ഇതുവരെ കളിച്ചിട്ടില്ലാത്ത ഈ യുവതാരം അരങ്ങേറ്റ മത്സരത്തില്‍ തന്റെ മികവ് പുറത്തെടുത്തു. കേരളത്തിനുവേണ്ടി അണ്ടര്‍ 23 ഉള്‍പ്പെടെയുള്ള പ്രായപരിധിയിലുള്ള ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കിലും, സീനിയര്‍ തലത്തില്‍ അദ്ദേഹത്തിന് ഇതുവരെ സംസ്ഥാനത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
മലപ്പുറം സ്വദേശിയാണ് വിഘ്നേഷ്. അച്ഛന്‍ സുനില്‍ കുമാര്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്, അമ്മ കെ പി ബിന്ദു വീട്ടമ്മയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും, കുടുംബം അദ്ദേഹത്തിന്റെ ക്രിക്കറ്റ് യാത്രയില്‍ ഒരു പിന്തുണയായി കൂടെ നില്‍ക്കുന്നു. ക്രിക്കറ്റ് സ്വപ്നങ്ങള്‍ തേടി വിഘ്നേഷ് മലപ്പുറത്ത് നിന്ന് തൃശൂരിലേക്ക് താമസം മാറി. കോളേജ് തല ക്രിക്കറ്റില്‍ മീഡിയം പേസറായി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് കരിയറില്‍ സ്പിന്‍ ബൗളിംഗിലേക്ക് മാറി.
തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിനു വേണ്ടി കളിക്കുമ്പോഴാണ് വിഘ്നേഷ് പ്രാധാന്യം നേടിയത്, അവിടെ അദ്ദേഹം സാഹിത്യത്തില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ബിരുദം നേടി. കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ പതിപ്പില്‍ ആലപ്പി റിപ്പിള്‍സിനു വേണ്ടി അദ്ദേഹം നടത്തിയ പ്രകടനങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധാകേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. തമിഴ്നാട് പ്രീമിയര്‍ ലീഗിലും അദ്ദേഹം ഒരു കാലയളവ് കളിച്ചിരുന്നു.
വിഘ്‌നേഷിനെ കണ്ടെത്തിയത് ഇങ്ങനെ
കേരള ക്രിക്കറ്റ് ലീഗില്‍ കളിച്ചപ്പോഴാണ് മുംബൈ ഇന്ത്യന്‍സ് വിഘ്നേഷിന്റെ കഴിവ് തിരിച്ചറിഞ്ഞത്. 2025 ലെ ഐപിഎല്‍ ലേലത്തില്‍ മുംബൈ 30 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തെ വാങ്ങിയത്. ഈ വര്‍ഷം ആദ്യം, മുംബൈ അദ്ദേഹത്തെ SA20 യുടെ മൂന്നാം സീസണിനായി ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചിരുന്നു. അവിടെ അദ്ദേഹം MI കേപ് ടൗണിനായി നെറ്റ് ബൗളറായി സേവനമനുഷ്ഠിച്ചു. അവിടെ, T20 ക്രിക്കറ്റിലെ ഏറ്റവും മികച്ച റിസ്റ്റ് സ്പിന്നര്‍മാരില്‍ ഒരാളായ റാഷിദ് ഖാനൊപ്പം പരിശീലനം നടത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.
പരിശീലന ക്യാംപിലും നെറ്റ്സിലും ഹാര്‍ദിക് പണ്ഡ്യ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ക്കെതിരെ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ സീസണിലെ ആദ്യമത്സരത്തില്‍ തന്നെ 23കാരന് അവസരം. രോഹിത് ശര്‍മ്മയ്ക്ക് പകരം ഇംപാക്ട് പ്ലെയറയാണ് വിഘ്നേഷ് ടീമിലെത്തുന്നത്. പെരിന്തല്‍മണ്ണ പിടിഎം കോളേജിലെ എം എ വിദ്യാര്‍ഥിയാണ് വിഘ്നേഷ് പുത്തൂര്‍.