വാങ്കഡെയില്‍ ആദ്യജയം ലക്ഷ്യമിട്ട് മുംബൈ; പൊരുതാനുറച്ച് കൊല്‍ക്കത്ത; ടോസിലെ ഭാഗ്യം ഹാര്‍ദ്ദികിന്; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു; വിഘ്‌നേഷ് പുത്തൂര്‍ ടീമില്‍; അശ്വിനി കുമാര്‍ അരങ്ങേറും; കൊല്‍ക്കത്ത ടീമില്‍ ഒരു മാറ്റം

മുംബൈ ഇന്ത്യന്‍സ് ടീമില്‍ മൂന്ന് മാറ്റങ്ങള്‍

Update: 2025-03-31 13:57 GMT

മുംബൈ: ഐപിഎല്‍ 18ാം സീസണില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ഹോം ഗ്രൗണ്ടില്‍ പോരാട്ടത്തിന് ഒരുങ്ങി മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. സീസണിലെ ആദ്യ മത്സരത്തില്‍ ഇംപാക്ട് സബ് ആയി എത്തി മൂന്നു വിക്കറ്റ് വീഴ്ത്തിയ മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. മുംബൈ നിരയില്‍ അശ്വനി കുമാര്‍ അരങ്ങേറ്റ മത്സരം കളിക്കും. വില്‍ ജാക്‌സ് ടീമില്‍ മടങ്ങിയെത്തി.

പരുക്കു മൂലം കഴിഞ്ഞ മത്സരം നഷ്ടമായ സുനില്‍ നരെയ്ന്‍ തിരിച്ചെത്തുന്നത് കൊല്‍ക്കത്തയ്ക്ക് സന്തോഷം പകരുന്ന കാര്യമാണ്. ഓപ്പണര്‍ ക്വിന്റന്‍ ഡികോക്ക് തന്റെ പഴയ ടീമിനെതിരെ കളത്തിലിറങ്ങുമ്പോള്‍ താരത്തിന്റെ പ്രകടനം ശ്രദ്ധപൂര്‍വം വീക്ഷിക്കപ്പെടും. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഈ സീസണില്‍ ഇതാദ്യമായാണ് മുംബൈ വാങ്കഡെയില്‍ ഇറങ്ങുന്നത്.

ഈ സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. മുംബൈ മാത്രമാണ് ഇനി പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറക്കാനുള്ളത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും മുംബൈയ്ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. മൂന്നാം മത്സരത്തില്‍ കൂടെ വിജയിക്കാനായില്ലെങ്കില്‍ മുംബൈയ്ക്ക് മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാകും. രോഹിത് ശര്‍മ്മയും തിലക് വര്‍മ്മയും ഫോമിലേയ്ക്ക് ഉയരാത്തതാണ് മുംബൈയ്ക്ക് തലവേദനയാകുന്നത്. റണ്‍സൊഴുകുന്ന വാങ്കഡെയിലെ പിച്ചില്‍ ഇരുവരും ഫോമിലേയ്ക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം, ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത 2 പോയിന്റുകള്‍ സ്വന്തമാക്കി. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഐപിഎല്‍ ചരിത്രത്തിലെ മുഖാമുഖങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന് കൊല്‍ക്കത്തയ്ക്കു മേല്‍ വ്യക്തമായ മേധാവിത്തമുണ്ട്. ഇതുവരെ കണ്ടുമുട്ടിയ മത്സരങ്ങളില്‍ 23 തവണയും ജയം മുംബൈയ്ക്കൊപ്പം നിന്നു. കൊല്‍ക്കത്തയുടെ പേരിലുള്ളത് 11 വിജയങ്ങള്‍ മാത്രം. അതേസമയം, ഏറ്റവും ഒടുവില്‍ കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും ജയിച്ചത് കൊല്‍ക്കത്തയായിരുന്നു എന്നതും ശ്രദ്ധേയം. ഇതിനു മുന്‍പ് ഇരു ടീമുകളും വാങ്കഡെയില്‍ കണ്ടുമുട്ടിയപ്പോള്‍ 12 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഈ വേദിയില്‍ ജയിക്കാനും കൊല്‍ക്കത്തയ്ക്കായി.

ടീമുകള്‍ ഇങ്ങനെ

മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കിള്‍ട്ടന്‍, വില്‍ ജാക്‌സ് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, അശ്വിനി കുമാര്‍, വിഘ്‌നേഷ് പുത്തൂര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ക്വിന്റന്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്‍ക്രിഷ് രഘുവംശി, ആന്ദ്രെ റസ്സല്‍, രമണ്‍ദീപ് സിങ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

Tags:    

Similar News