ദേശ്പാണ്ഡെയുടെ പന്ത് തട്ടി ഗെയ്ക്വാദിന് പരിക്ക്; അടുത്ത മത്സരത്തില്‍ വിശ്രമം നല്‍കിയേക്കും; ചെന്നൈയെ വീണ്ടും നയിക്കാന്‍ ധോനി; ത്രില്ലടിച്ച് 'തല' ആരാധകര്‍

ചെന്നൈയെ വീണ്ടും നയിക്കാന്‍ ധോനി

Update: 2025-04-04 14:52 GMT

ചെന്നൈ: ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റ സാഹചര്യത്തില്‍ എം.എസ് ധോനി ചെന്നൈ സൂപ്പര്‍ കിങ്സിനെ വീണ്ടും നയിക്കാന്‍ സാധ്യത. ശനിയാഴ്ച ചെന്നൈയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാകും ധോനി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരികെയെത്തുക. ക്യാപ്റ്റന്‍ മാറാന്‍ സാധ്യതയുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസി അറിയിച്ചു.

രാജസ്ഥാന്‍ റോയല്‍സിനെതിരായ അവസാന മത്സരത്തിനിടെ തുഷാര്‍ ദേശ്പാണ്ഡെയുടെ പന്ത് തട്ടിയാണ് ഋതുരാജിന്റെ വലതു കൈത്തണ്ടയില്‍ പരിക്കേറ്റത്. ഇതോടെ അടുത്ത മത്സരത്തില്‍ താരത്തിന് കളിക്കാന്‍ സാധിക്കുമോ എന്നതില്‍ വ്യക്തതയില്ല. പരിക്കേറ്റ ശേഷം ഋതുരാജ് പരിശീലനം നടത്തിയിട്ടില്ല. നെറ്റ്സിലെ പരിശീലനത്തിലെ ഋതുരാജിന്റെ പ്രകടനം നോക്കിയേ താരം കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് സൂപ്പര്‍ കിങ്സിന്റെ ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസ്സി പ്രതികരിച്ചത്.

ഋതുരാജ് കളിച്ചില്ലെങ്കില്‍ പിന്നെ ചെന്നൈക്ക് മറ്റ് ക്യാപ്റ്റന്‍സി ഓപ്ഷനുകളൊന്നുംതന്നെയില്ല. ഇതോടെ താരം കളിക്കാന്‍ ഫിറ്റ് അല്ലെങ്കില്‍ ധോനിതന്നെ മത്സരത്തില്‍ ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നേക്കും.

ശനിയാഴ്ച രാത്രി എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈ ഡല്‍ഹി പോരാട്ടം. ധോണിയുടെ ക്യാപ്റ്റന്‍സി ഒരിക്കല്‍ കൂടി കാണാമെന്ന മോഹത്തിലാണ് ചെന്നൈയിലെ 'തല' ആരാധകര്‍.

ഒരു 'യങ് വിക്കറ്റ് കീപ്പര്‍' ടീമിനെ നയിക്കുമെന്ന് ബാറ്റിങ് പരിശീലകന്‍ പറഞ്ഞിരുന്നു. ഇത് ധോണിയെ ഉദ്ദേശിച്ചാണെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 226 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചിട്ടുള്ള ധോണി, അഞ്ച് ഐപിഎല്‍ കിരീടങ്ങളും, രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും വിജയിച്ചിട്ടുണ്ട്.

Similar News