'പേരും പെരുമയുമെല്ലാം എം എസ് ധോണി കളയുകയാണ്; 2023ല്‍ ഐപിഎല്‍ ട്രോഫി വിജയിച്ചപ്പോള്‍ വിരമിക്കണമായിരുന്നു; ആരാധകര്‍ക്കു ധോണിയെ ഇങ്ങനെ കാണാന്‍ താല്‍പര്യമില്ല'; രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

എം.എസ്. ധോണിക്കെതിരെ മുന്‍ ഇന്ത്യന്‍ താരം

Update: 2025-04-06 09:52 GMT

ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെട്ടതിന് പിന്നാലെ വെറ്ററന്‍ കീപ്പറും മുന്‍ നായകനുമായ എം. എസ്. ധോണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. വര്‍ഷങ്ങളായി എം.എസ്. ധോണി ഉണ്ടാക്കിയെടുത്ത ബഹുമാനം മുഴുവന്‍ ഐപിഎലില്‍ കളിച്ച് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് മനോജ് തിവാരി തുറന്നടിച്ചു. 2023 ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കിരീടത്തിലെത്തിച്ചതിനു പിന്നാലെ ധോണി വിരമിക്കുന്നതായിരുന്നു നല്ലതെന്നും തിവാരി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.

43 വയസ്സുകാരനായ ധോണിയാണ് ഇപ്പോഴും ചെന്നൈയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. വിക്കറ്റിനു പിന്നില്‍ ഗംഭീര പ്രകടനം തുടരുമ്പോഴും ബാറ്റിങ്ങില്‍ തിളങ്ങാന്‍ ധോണിക്കു സാധിക്കുന്നില്ല. ''ധോണിക്ക് വിരമിക്കാന്‍ പറ്റിയ സമയം 2023 ആയിരുന്നു. ഐപിഎല്‍ ട്രോഫി വിജയിച്ചപ്പോള്‍ തന്നെ അതു ചെയ്യണമായിരുന്നു. ക്രിക്കറ്റില്‍ അദ്ദേഹം നേടിയ പേരും പെരുമയും ബഹുമാനവുമെല്ലാം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ മോശം കളികള്‍ കാരണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആരാധകര്‍ക്കു ധോണിയെ ഇങ്ങനെ കാണാന്‍ താല്‍പര്യമില്ല. ചെന്നൈയുടെ അവസാന മത്സരത്തിനു ശേഷം റോഡിലിറങ്ങിയ ആരാധകര്‍ ധോണിക്കെതിരെ മാധ്യമങ്ങളിലൂടെ സംസാരിക്കുകയാണ്. അതുതന്നെ ഒരു സൂചനയാണ്.'' മനോജ് തിവാരി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.

''ധോണിക്ക് പത്തോവറില്‍ കൂടുതല്‍ ബാറ്റു ചെയ്യാന്‍ സാധിക്കില്ലെന്നാണ് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് പറയുന്നത്. എന്നാല്‍ അദ്ദേഹം 20 ഓവര്‍ ഫീല്‍ഡ് ചെയ്യുന്നുണ്ടല്ലോ. ടീമിനു വേണ്ടിയുള്ള തീരുമാനങ്ങളല്ല ചെന്നൈയില്‍ എടുക്കുന്നത്. ധോണിയുടെ കാര്യത്തില്‍ ശക്തമായ തീരുമാനം ഉണ്ടാകണം. എന്നാല്‍ അതു സംഭവിക്കാന്‍ പോകുന്നില്ല.'' തിവാരി വ്യക്തമാക്കി.

മത്സരം നടക്കുന്ന ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ ധോണിയുടെ മാതാപിതാക്കളും ഭാര്യയും സന്നിധരായിരുന്നു. ധോണിയുടെ അച്ഛന്‍, അമ്മ, ഭാര്യ സാക്ഷി, മകള്‍ സിവ എന്നിവരാണ് മത്സരം കാണാനെത്തിയത്. സാധാരണ താരത്തിന്റെ മാതാപിതാക്കള്‍ മത്സരം കാണാനെത്താറില്ല. ധോണി അരങ്ങേറിയ മത്സരത്തിന് ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സൂപ്പര്‍ കിങ്‌സ് മത്സരം കാണാനെത്തിയത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ധോണിയുടെ വിരമിക്കലായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 26 പന്തുകള്‍ ബാറ്റു ചെയ്ത ധോണി 30 റണ്‍സാണു നേടിയത്. മത്സരത്തില്‍ ഡല്‍ഹി 25 റണ്‍സിനു വിജയിച്ചതോടെയാണു ധോണിക്കെതിരായ വിമര്‍ശനം ശക്തമായത്. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്.

Tags:    

Similar News