വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു; പത്ത വര്‍ഷത്തിന് ശേഷം വാംഖഡെയില്‍ ജയിച്ച് കോലിയും കൂട്ടരും

Update: 2025-04-07 18:12 GMT

മുംബൈ: വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ ഇന്നിങ്‌സ് 12 റണ്‍സകലെ അവസാനിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ ആയുള്ളൂ.

നിശ്ചിത 20-ഓവറില്‍ ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണെടുത്തത്. കോലിയും നായകന്‍ രജത് പാടിദാറും അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ആര്‍സിബിയുടെ വെടിക്കെട്ടിനാണ് മുംബൈ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലിയും ദേവ്ദത്ത് പടിക്കലും പവര്‍പ്ലേയില്‍ സ്‌കോര്‍ ഉയര്‍ത്തി. ടീം സ്‌കോര്‍ 95-ല്‍ നില്‍ക്കേ പടിക്കലിനെ(37) വിഗ്‌നേഷ് പുത്തൂര്‍ കൂടാരം കയറ്റി. മൂന്നാം വിക്കറ്റില്‍ രജത് പടിദാറുമൊന്നിച്ച് കോലി വീണ്ടും സ്‌കോറുയര്‍ത്തി. പിന്നാലെ നായകനും വെടിക്കെട്ട് തുടങ്ങിയതോടെ ആര്‍സിബി 14 ഓവറില്‍ 143-2 എന്ന നിലയിലെത്തി. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 15-ാം ഓവറില്‍ രണ്ട് വിക്കറ്റ് വീണതോടെ ആര്‍സിബി പ്രതിരോധത്തിലായി. 67 റണ്‍സെടുത്ത കോലിക്ക് പിന്നാലെ ലിവിങ്സ്റ്റോണും(0) മടങ്ങി. ആര്‍സിബി 144-4 എന്ന നിലയിലേക്ക് വീണു.

അവസാനഓവറുകളില്‍ രജത് പാടിദാറും ജിതേഷ് ശര്‍മയും ചേര്‍ന്ന് വാംഖഡെയില്‍ റണ്‍സ് മഴയൊരുക്കി. 34 പന്തില്‍ 64 റണ്‍സെടുത്താണ് പാടിദാര്‍ പുറത്തായത്. ജിതേഷ് ശര്‍മ19 പന്തില്‍ നിന്ന് 40 റണ്‍സെടുത്തു. ഒടുവില്‍ നിശ്ചിത 20-ഓവറില്‍ ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. മുംബൈക്കായി ബോള്‍ട്ടും ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വീതം വിക്കറ്റെടുത്തു. 2015ലാണ് ഇതിനുമുന്‍പ് ആര്‍സിബി വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈയെ തോല്‍പിച്ചിട്ടുള്ളത്. നാലോവറില്‍ 45 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനം ആര്‍സിബി വിജയത്തില്‍ നിര്‍ണായകമായി.

29 പന്തില്‍ 56 റണ്‍സെടുത്ത തിലക് വര്‍മയാണ് മറുപടിയില്‍ മുംബൈയുടെ ടോപ് സ്‌കോറര്‍. 15 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം മുംബൈയുടെ തോല്‍വി ഭാരം കുറച്ചു.

Similar News