ജയ്പുരിലെ കോളജില്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സഞ്ജുവിനെ ആര്‍സിബിക്കായി ആര്‍പ്പുവിളിച്ച് എതിരേറ്റ് വിദ്യാര്‍ഥികള്‍; സഞ്ജുവിനായും ആര്‍പ്പുവിളികള്‍; രാജസ്ഥാന്‍ ആര്‍സിബിയെ നേരിടാനിരിക്കെ വൈറലായി ദൃശ്യങ്ങള്‍

സഞ്ജു കാറില്‍ വരുമ്പോള്‍ ആര്‍സിബിക്കായി ആര്‍പ്പുവിളിച്ച് വിദ്യാര്‍ഥികള്‍

Update: 2025-04-12 13:35 GMT

ജയ്പുര്‍: ജയ്പുരിലെ ഒരു കോളജില്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ മലയാളി താരം സഞ്ജു സാംസണിനെ, 'ആര്‍സിബി, ആര്‍സിബി' എന്ന് ആര്‍ത്തുവിളിച്ച് വരവേറ്റ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍. സഞ്ജു സാംസണുമായി കാര്‍ കോളജിലേക്ക് വരുമ്പോള്‍ വഴിയരികില്‍നിന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആര്‍സിബിക്കായി ആര്‍പ്പുവിളിക്കുന്നതാണ് ദൃശ്യങ്ങളില്‍. ഇടയ്ക്ക് സഞ്ജുവിനായും ചില വിദ്യാര്‍ഥികള്‍ ആര്‍പ്പുവിളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഈ സീസണില്‍ ജയ്പുര്‍ സവായ് മാന്‍ സിങ് സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായി (ആര്‍സിബി) സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് ഏറ്റുമുട്ടാനിരിക്കെയാണ് സംഭവം. ഈ സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ റോയല്‍സ്, രണ്ടു വിജയങ്ങള്‍ സഹിതം നാലു പോയിന്റുമായി നിലവില്‍ ഏഴാം സ്ഥാനത്താണ്. അഞ്ച് കളികളില്‍നിന്ന് മൂന്നു വിജയങ്ങള്‍ സഹിതം ആറു പോയിന്റുമായി ആര്‍സിബി നാലാം സ്ഥാനത്തും.

ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് രാജസ്ഥാന്റെ പ്രധാന ഹോം ഗ്രൗണ്ട് എങ്കിലും, സീസണിലെ അവരുടെ ആദ്യ രണ്ട് ഹോം മത്സരങ്ങള്‍ ഗുവാഹത്തിയിലാണ് നടന്നത്. ഫലത്തില്‍, ഈ സീസണില്‍ ജയ്പുരില്‍ രാജസ്ഥാന്റെ ആദ്യ മത്സരമാണ് ഞായറാഴ്ച ആര്‍സിബിക്കെതിരെ നടക്കുന്നത്.


ഈ മത്സരത്തിനു മുന്നോടിയായി ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനാണ് സഞ്ജു സാംസണ്‍ ജയ്പുരിലെ കോളജിലെത്തിയത്. കോളജിലേക്ക് എത്തുന്ന സഞ്ജുവിനെ ഒരു വിഭാഗം ആരാധകര്‍ 'ആര്‍സിബി വിളി'കളുമായി സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Similar News