വാംഖഡെയില്‍ ഹിറ്റ്മാന്‍ ഷോ! വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി രോഹിത് ശര്‍മ; അര്‍ധ സെഞ്ചുറിയും സെഞ്ചുറി കൂട്ടുകെട്ടുമായി സൂര്യകുമാര്‍ യാദവും; ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ ചെന്നൈയെ ഒന്‍പത് വിക്കറ്റിന് കീഴടക്കി മുംബൈ മുന്നോട്ട്

ചെന്നൈയെ ഒന്‍പത് വിക്കറ്റിന് കീഴടക്കി മുംബൈ മുന്നോട്ട്

Update: 2025-04-20 17:31 GMT

മുംബൈ: ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒന്‍പത് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് മുന്നോട്ട്. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 26 പന്തുകള്‍ ശേഷിക്കെ മറികടന്നു. 45 പന്തില്‍ ആറ് സിക്‌സറുകളും നാല് ബൗണ്ടറികളുമുള്‍പ്പടെ 76 റണ്‍സ് എടുത്ത മുന്‍ നായകന്‍ രോഹിത് ശര്‍മയുടെയും 30 പന്തില്‍ അഞ്ച് സിക്‌സും ആറ് ബൗണ്ടറിയുമടക്കം 68 റണ്‍സ് എടുത്ത സൂര്യകുമാര്‍യാദവിന്റെയും ബാറ്റിംഗ് മികവിലാണ് മുംബൈ വിജയതീരത്ത് എത്തിയത്. ഇരുവരും ചേര്‍ന്ന സെഞ്ചുറി കൂട്ടുകെട്ട് പടുത്തിയര്‍ത്തി. റിയാന്‍ റിക്കില്‍ട്ടന്‍ 19 പന്തില്‍ 24 റണ്‍സ് എടുത്ത് പുറത്തായി.

സ്വന്തം തട്ടകമായ വാംഖഡെയില്‍ വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കിയാണ് രോഹിത് ശര്‍മ മുംബൈയെ ജയത്തിലെത്തിച്ചത്. രോഹിത്തിനെ തടയാന്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് സാധിക്കാതെ വന്നതോടെ മുംബൈ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. അര്‍ധസെഞ്ചുറി തികച്ച രോഹിത്തും സൂര്യകുമാറുമാണ് മുംബൈ ജയം അനായാസമാക്കിയത്.

ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയുടേത് ഉജ്ജ്വല തുടക്കമായിരുന്നു. ടൂര്‍ണമെന്റിലിതുവരെ നിരാശപ്പെടുത്തിയ പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മ തകര്‍ത്തടിക്കുന്ന കാഴ്ചയാണ് വാംഖഡെയില്‍ കണ്ടത്. റിയാന്‍ റിക്കല്‍ട്ടണും അടിച്ചുകളിച്ചതോടെ ടീം ആറോവറില്‍ 62 ലെത്തി. പിന്നാലെ റിക്കല്‍ട്ടണെ നഷ്ടമായെങ്കിലും സൂര്യകുമാറുമൊത്ത് രോഹിത് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും വെടിക്കെട്ട് തുടര്‍ന്നതോടെ 11-ാം ഓവറില്‍ മുംബൈ സ്‌കോര്‍ നൂറ് കടന്നു.

സൂര്യകുമാര്‍ യാദവും ചെന്നൈ ബൗളര്‍മാരെ നന്നായി പ്രഹരിച്ചതോടെ ചെന്നൈ പ്രതിരോധത്തിലായി. രോഹിത്തും പിന്നാലെ സൂര്യകുമാറും അര്‍ധസെഞ്ചുറി തികച്ചതോടെ മുംബൈ ജയത്തിലേക്കടുത്തു. ഒടുക്കം 15.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി. രോഹിത് ശര്‍മ 45 പന്തില്‍ നിന്ന് നാല് ഫോറും ആറ് സിക്സറുമുള്‍പ്പെടെ 76 റണ്‍സെടുത്തു. സൂര്യകുമാര്‍ 30 പന്തില്‍ നിന്ന് 68 റണ്‍സും അടിച്ചെടുത്തു.

ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 176 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി തികച്ച ശിവം ദുബെയും രവീന്ദ്ര ജഡേജയുമാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സ്‌കോര്‍ പതിവുപോലെ സാവധാനമാണ് ഉയര്‍ന്നത്. ആദ്യ മൂന്നോവറില്‍ 16 റണ്‍സാണ് ടീമിന് കണ്ടെത്താനായത്. പിന്നാലെ രചിന്‍ രവീന്ദ്ര(5) പുറത്തായി. മൂന്നാമനായി ഇറങ്ങിയ ആയുഷ് മാത്രെ വെടിക്കെട്ട് പുറത്തെടുത്തതോടെ ചെന്നൈ സ്‌കോര്‍ ചലിച്ചു. 15 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സറുമുള്‍പ്പെടെ 32 റണ്‍സെടുത്താണ് ആയുഷ് മടങ്ങിയത്. അപ്പോഴേക്കും സ്‌കോര്‍ അമ്പത് കടന്നിരുന്നു.

ഓപ്പണര്‍ ഷെയ്ക് റഷീദ്(19) പുറത്തായതോടെ ടീം 63-3 എന്ന നിലയിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച രവീന്ദ്ര ജഡേജയും ശിവം ദുബെയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 142-ല്‍ നില്‍ക്കേ ജസ്പ്രീത് ബുംറ കൂട്ടുകെട്ട് പൊളിച്ചു. 32 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ശിവം ദുബെയെ ബുംറ കൂടാരം കയറ്റി.

ആറാമനായി നായകന്‍ ധോനി ഇറങ്ങിയെങ്കിലും വെറും നാല് റണ്‍സ് മാത്രമേ താരത്തിന് കണ്ടെത്താനായുള്ളൂ. അവസാന ഓവറുകളിലെ ജഡേജയുടെ വെടിക്കെട്ടാണ് ടീം സ്‌കോര്‍ 170 കടത്തിയത്. ജഡേജ 35 പന്തില്‍ നിന്ന് 53 റണ്‍സെടുത്തു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ സ്‌കോര്‍ 176-ലെത്തി. മുംബൈക്കായി ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.

Similar News