ദേശീയ ടീമിനായി പൊരുതും; ഐപിഎല്ലില്‍ എത്തിയാല്‍ ക്രിക്കറ്റ് മറക്കും; 'അവര്‍ ഇന്ത്യയിലെത്തിയത് അവധിക്കാലം ആഘോഷിക്കാന്‍'; മോശം ഫോം തുടരുന്ന മാക്‌സ്വെല്ലിനെയും ലിയാം ലിവിംഗ്‌സറ്റണെയും പൊരിച്ച് വീരേന്ദര്‍ സെവാഗ്
മാക്‌സ്വെല്ലിനെയും ലിയാം ലിവിംഗ്‌സറ്റണെയും പൊരിച്ച് വീരേന്ദര്‍ സെവാഗ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ കളിക്കുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിനും ലിയാം ലിവിങ്സ്റ്റണിനും എതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. മോശം ഫോമിനെ തുടര്‍ന്ന് പഞ്ചാബ് കിങ്‌സ് താരം മാക്‌സ്‌വെല്ലും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ലിവിങ്സ്റ്റണും പ്ലേയിങ് ഇലവനില്‍നിന്നു പുറത്തായിരുന്നു. ഇരുവര്‍ക്കും ഐപിഎല്‍ കിരീടം വിജയിക്കണമെന്ന് ഒരു താല്‍പര്യവുമില്ലെന്ന് സേവാഗ് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.
പല വിദേശ താരങ്ങളും ഐപിഎലിനു വരുന്നത് അവധിക്കാലം ആഘോഷിക്കാനെന്ന പോലെയാണെന്നും സേവാഗ് തുറന്നടിച്ചു. ''അവര്‍ക്കു സ്‌കോര്‍ കണ്ടെത്താനുള്ള താല്‍പര്യമൊന്നുമില്ല. മാക്‌സ്‌വെല്ലും ലിവിങ്സ്റ്റനും അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടി ഐപിഎലിനു വന്നതുപോലെയാണ്. ടീമിനോട് ഒരു താല്‍പര്യവും ഇവര്‍ക്കുണ്ടാകില്ല. ടീമിനു വേണ്ടി നന്നായി കളിക്കണമെന്നോ, കിരീടമുയര്‍ത്തണമെന്നോ ഇല്ല. വെറുതെ കളിക്കുന്നു.''- സേവാഗ് പ്രതികരിച്ചു.
''ഡേവിഡ് വാര്‍ണര്‍, എ ബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മഗ്രോ എന്നിവരെല്ലാം ടീമിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ്. ഞാന്‍ കളിച്ചിരുന്നപ്പോള്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതിന് മഗ്രോ എന്നോടു ദേഷ്യപ്പെട്ടിട്ടുണ്ട്. ഈ മൂന്നു താരങ്ങള്‍ക്കു പുറമേ ഒരുപാടു വിദേശ താരകള്‍ ഐപിഎലിലേക്കു വരികയും പോകുകയും ചെയ്തു. ഐപിഎല്‍ പ്ലേ ഓഫിലൊക്കെ തോറ്റാലും ചില വിദേശ താരങ്ങള്‍ക്ക് പാര്‍ട്ടി വേണം. അവിടെ ഇന്ത്യന്‍ താരങ്ങള്‍ മാത്രമായിരിക്കും സങ്കടപ്പെട്ട് ഇരിക്കുന്നത്. ഇക്കാര്യം ഞാന്‍ ടീമുടമകളോടും പറഞ്ഞിട്ടുള്ളതാണ്.''- സേവാഗ് വ്യക്തമാക്കി.
റണ്‍നേടാനുള്ള ദാഹമൊന്നും അവരില്‍ ഇരുവരിലും ഇപ്പോള്‍ കാണാനില്ല. എനിക്ക് തോന്നുന്നത് അവര്‍ അവധിക്കാലം ആഘോഷിക്കാനായാണ് ഇന്ത്യയില്‍ വന്നതെന്നാണ്. അവധി ആഘോഷിച്ച് അവര്‍ തിരിച്ചുപോവും. ടീമിനായി പൊരുതാനുള്ള ആഗ്രഹം അവരില്‍ തരിപോലും കാണാനില്ല. ഞാന്‍ ഒട്ടേറെ താരങ്ങളുമായി സമയം ചെലവഴിച്ചിട്ടുണ്ട്. പക്ഷെ അവരില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ശരിക്കും ടീമിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുള്ളവരെന്നും സെവാഗ് പറഞ്ഞു.
4.2 കോടിക്കാണ് മാക്‌സ്‌വെല്ലിനെ പഞ്ചാബ് കിങ്‌സ് വാങ്ങിയത്. മെഗാതാരലേലത്തില്‍ ലിയാം ലിവിങ്സ്റ്റന് 10.75 കോടിയും ലഭിച്ചു. പക്ഷേ പ്രതിഫലത്തിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ രണ്ടു താരങ്ങള്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. ഈ സീസണില്‍ ആര്‍സിബിക്കായി ആറ് ഇന്നിങ്‌സുകളില്‍നിന്ന് 87 റണ്‍സ് മാത്രമാണ് ലിയാം ലിവിങ്സ്റ്റണ്‍ നേടിയത്. രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. അഞ്ച് ഇന്നിങ്‌സുകള്‍ കളിച്ച മാക്‌സ്‌വെല്ലിന് 41 റണ്‍സും നാലു വിക്കറ്റുകളുമുണ്ട്.
പഞ്ചാബിന്റെ കഴിഞ്ഞ മത്സരങ്ങളില്‍ മാക്‌സ്വെല്ലിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മാക്‌സ്വെല്ലിന് പകരം മറ്റൊരു ഓസ്‌ട്രേലിയന്‍ താരായ മാര്‍ക്കസ് സ്റ്റോയ്‌നിസിനാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി പഞ്ചാബ് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയത്.
ആര്‍സിബിയുടെ ലിയാം ലിവിംഗ്സ്റ്റണാകട്ടെ ഒരു അര്‍ധസെഞ്ചുറി അടക്കം 87 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയത്. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തില്‍ ലിവിംഗ്സ്റ്റണെ പുറത്തിരുത്തിയ ആര്‍സിബി റൊമാരിയോ ഷെപ്പേര്‍ഡിനാണ് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയത്.