ഇന്ത്യ - പാക്ക് ക്രിക്കറ്റ് മത്സരത്തിന് ആരാധകര്‍ ഏറെ; ഐസിസിക്ക് പൊന്മുട്ടയിടുന്ന താറാവ്; ഇനി ഉണ്ടാകുമോ ചിരവൈരികളുടെ ക്രിക്കറ്റ് പോരാട്ടം? പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് ബിസിസിഐ; ഐസിസിയ്ക്ക് കത്ത് നല്‍കി
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് ബിസിസിഐ
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ നിരപരാധികളായ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ കായിക മേഖലയിലുള്‍പ്പെടെ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ബിസിസിഐ കത്ത് നല്‍കി. ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ ഇനി പാകിസ്ഥാനോടൊപ്പം ഒരേ ഗ്രൂപ്പില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തരുതെന്ന് വ്യക്തമാക്കിയാണ് ബിസിസിഐ കത്ത് നല്‍കിയിരിക്കുന്നത്.
ഇന്ത്യ - പാക് മത്സരങ്ങള്‍ ലോകത്ത് എവിടെ നടക്കുകയാണെങ്കിലും അതിന് കാഴ്ചക്കാര്‍ ഏറെയാണ്. ഐസിസിക്ക് ഇന്ത്യ - പാക് മത്സരങ്ങള്‍ പൊന്മുട്ടയിടുന്ന താറാവാണ്. അതിനാല്‍ തന്നെ ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യയേയും പാക്കിസ്ഥാനേയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയേയും പാക്കിസ്ഥാനേയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് ബിസിസിഐ, ഐസിസിക്ക് കത്തെഴുതിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം പുരുഷ ടീമിന് ഐസിസി ടൂര്‍ണമെന്റുകള്‍ ഒന്നും തന്നെയില്ല. ഇന്ത്യയില്‍ പക്ഷേ സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ വനിതാ ലോകകപ്പ് നടക്കാനുണ്ട്. പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റിലെ ഇന്ത്യ - പാക് മത്സരങ്ങള്‍ നേരത്തേ തീരുമാനിച്ചതു പോലെ നിഷ്പക്ഷ വേദിയിലാണ് നടക്കുക. അടുത്ത ഏഷ്യാ കപ്പാണ് ഇനി ഇന്ത്യ - പാക് പുരുഷ ടീമുകള്‍ നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുള്ള ടൂര്‍ണമെന്റ്. ആതിഥേയര്‍ ഇന്ത്യയായതിനാല്‍ ഈ ടൂര്‍ണമെന്റും നിഷ്പക്ഷ വേദിയിലാകും നടക്കുക.
''ഞങ്ങള്‍ ഇരകളോടൊപ്പമാണ്, ഞങ്ങള്‍ അതിനെ അപലപിക്കുന്നു. സര്‍ക്കാര്‍ എന്തുപറയുന്നോ ഞങ്ങള്‍ അതുപോലെ ചെയ്യും. സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് ഞങ്ങള്‍ പാകിസ്താനുമായി ഉഭയകക്ഷി പരമ്പര കളിക്കാത്തത്. ഭാവിയിലും അവരുമായി പരമ്പര കളിക്കില്ല. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍, ഐസിസി ഇടപെടലിനെ തുടര്‍ന്ന് ഞങ്ങള്‍ കളിക്കും. എന്താണ് സംഭവിക്കുന്നതെന്ന് ഐസിസിക്കും അറിയാം.'' - ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ - പാക് ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചിരുന്നു. 2012-13 കാലത്താണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാന ഉഭയകക്ഷി പരമ്പര നടന്നത്. അതിനു ശേഷം പിന്നീട് ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നത്. പ്രധാന ടൂര്‍ണമെന്റുകളില്‍ പോലും പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഇതോടെ ഏഷ്യാ കപ്പ്, കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലെല്ലാം നിഷ്പക്ഷ വേദികളിലാണ് ഇന്ത്യ - പാക് മത്സരങ്ങള്‍ അരങ്ങേറിയത്.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം കാരണം പാകിസ്ഥാനുമായി യാതൊരു വിധത്തിലും സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഐസിസിയ്ക്ക് മുന്നില്‍ ബിസിസിഐ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.
2026ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പാണ് ഇനി ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് പങ്കെടുക്കുന്ന പ്രധാന ഐസിസി ടൂര്‍ണമെന്റ്. വനിതകളുടെ ഏകദിന ലോകകപ്പും ഇന്ത്യയിലാണ് നടക്കുന്നത്. ബിസിസിഐയുടെ കത്തിന്റെ പശ്ചാത്തലത്തില്‍ വനിത ലോകകപ്പിന്റെ മത്സരക്രമങ്ങള്‍ പുറത്തുവരുമ്പോള്‍ ഐസിസി എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
നേരത്തെ, പാകിസ്ഥാനില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കാന്‍ ഇന്ത്യ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. പാകിസ്ഥാനിലേയ്ക്ക് ഇന്ത്യന്‍ ടീമിനെ അയക്കില്ല എന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ഇതേ തുടര്‍ന്ന് നീണ്ട ചര്‍ച്ചകള്‍ നടന്നിരുന്നു. അവസാനം ഇന്ത്യയിലും പാകിസ്ഥാനിലും നടക്കുന്ന ഐസിസി ടൂര്‍ണമെന്റുകള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താം എന്ന് ബിസിസിഐയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും തീരുമാനിച്ചു. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ദുബായിലാണ് നടത്തിയത്.