മോശം ഫോമിനും തോല്‍വിക്കും പുറമേ ലക്ഷങ്ങള്‍ പിഴയും; ഋഷഭ് പന്തിന് കനത്ത തിരിച്ചടി; കുറഞ്ഞ ഓവര്‍ നിരക്കിന് 24 ലക്ഷം രൂപ പിഴ ചുമത്തി; ഇംപാക്ട് പ്ലേയര്‍ അടക്കം പിഴയടക്കണം
ഋഷഭ് പന്തിന് കനത്ത തിരിച്ചടി
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമിന്റെ പേരില്‍ പഴി കേല്‍ക്കുന്ന ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന് അടുത്ത തിരിച്ചടി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 54 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിനു പിന്നാലെ ഋഷഭ് പന്തിന് ബിസിസിഐ 24 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഇന്ത്യന്‍സിനെതിരായ സ്‌ലോ ഓവര്‍ റേറ്റിന്റെ പേരിലാണു നടപടി. ലക്‌നൗ ടീമിലെ ഇംപാക്ട് പ്ലേയര്‍ അടക്കം മറ്റു താരങ്ങളെല്ലാം ആറു ലക്ഷം രൂപയോ, മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി അടയ്‌ക്കേണ്ടിവരും.
മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടു പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് നാലു റണ്‍സ് മാത്രമെടുത്തു പുറത്തായിരുന്നു. വില്‍ ജാക്‌സിന്റെ പന്തില്‍ കരണ്‍ ശര്‍മ ക്യാച്ചെടുത്താണ് ലക്‌നൗ ക്യാപ്റ്റനെ മടക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തപ്പോള്‍, ലക്‌നൗ 20 ഓവറില്‍ 161 റണ്‍സെടുത്തു പുറത്തായി. പത്തു മത്സരങ്ങളില്‍നിന്ന് അഞ്ച് വിജയങ്ങളും അത്ര തന്നെ തോല്‍വികളുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ലക്‌നൗ ഉള്ളത്. ലക്‌നൗവിന് നിലവില്‍ 10 പോയിന്റുണ്ട്.
പ്ലേ ഓഫ് ഉറപ്പിക്കാന്‍ ലക്‌നൗവിന് ഇനിയുള്ള മത്സരങ്ങളും വിജയിക്കേണ്ടിവരും. പത്തു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു അര്‍ധ സെഞ്ചറി നേടാന്‍ മാത്രമാണ് ഋഷഭ് പന്തിന് ഇതുവരെ സാധിച്ചത്. 10 മല്‍സരത്തില്‍ നിന്നായി ഇതുവരെ 110 റണ്‍സാണ് പന്ത് നേടിയത്. ആറു തവണ താരം രണ്ടക്കം കടക്കാതെ പുറത്തായി. 27 കോടി രൂപയ്ക്ക് ലക്‌നൗ വാങ്ങിയ താരം ബാറ്റിങ്ങില്‍ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമാണ് പന്ത്.
ഈ സീസണില്‍ രണ്ടാം മല്‍സരത്തിലാണ് ടീം കുറഞ്ഞ ഓവര്‍ നിരക്കില്‍ ശിക്ഷിക്കപ്പെടുന്നതെന്ന് ഐപിഎല്‍ വ്യക്തമാക്കി. 24 ലക്ഷം രൂപയാണ് ക്യാപ്റ്റന്‍ പന്ത് പിഴയായി അടയ്‌ക്കേണ്ടത്. ഇലവനിലുണ്ടായിരുന്ന താരങ്ങളും ഇംപാക്ട് പ്ലെയറും പിഴ അടയ്ക്കണം. മാച്ച് ഫീസിന്റെ 25 ശതമാനമോ ആറു ലക്ഷം രൂപയോ (ഏതാണോ കുറവ്) പിഴയായി ഈടാക്കും.
215 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് 161 റണ്‍സിന് ലഖ്‌നൗ ടീമിനെ പുറത്താക്കുകയായിരുന്നു.22 പന്തില്‍ 35 റണ്‍സെടുത്ത ആയുഷ് ബദോനിയാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷ് (24 പന്തില്‍ 34), നിക്കോളാസ് പുരാന്‍ (15 പന്തില്‍ 27), ഡേവിഡ് മില്ലര്‍ (16 പന്തില്‍ 24) എന്നിവരും മികച്ച പ്രകടനം നടത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. റയാന്‍ റിക്കിള്‍ട്ടന്റെ 58 റണ്‍സും സൂര്യകുമാര്‍ യാദവിന്റെ 54 റണ്‍സുമാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.