വൈഭവ് സൂര്യവംശി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റോ? എട്ടാം ക്ലാസില്‍ പഠിക്കുന്ന വൈഭവ് പത്തില്‍ തോറ്റെന്ന് പ്രചാരണം; ഐപിഎല്‍ 'കളിച്ചുനടന്ന്'പരീക്ഷ തോറ്റാല്‍ ഡിആര്‍എസ് പ്രകാരം ജയിപ്പിക്കണമെന്ന് ആരാധകര്‍
വൈഭവ് സൂര്യവംശി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റോ?
ജയ്പൂര്‍: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ വൈഭവ് സൂര്യവംശി ശരിക്കും പരാജയപ്പെട്ടോ? ഉത്തരക്കടലാസുകള്‍ ഡിആര്‍എസ് നിയമപ്രകാരം പുനഃപരിശോധിക്കാന്‍ സിബിഎസ്ഇയോട് ബിസിസിഐ ആവശ്യപ്പെട്ടോ? സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയ രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ പത്താം ക്ലാസ് പരീക്ഷയുടെ കഥ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
1.10 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ വൈഭവ്, ഐപിഎലില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ചറി നേടിയ വൈഭവ് രാജസ്ഥാന്റെ പ്ലേയിങ് ഇലവനിലും ഇടം ഉറപ്പാക്കിക്കഴിഞ്ഞു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം... ഐപിഎല്‍ സെഞ്ചുറി നേടിയ പ്രായം കുറഞ്ഞ താരം.. തുടങ്ങി നിരവധി റെക്കോഡുകള്‍ കൊയ്ത് 'ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുത ബാലന്‍' എന്ന വിശേഷണം എടുത്തണിഞ്ഞ 14കാരന്‍ വൈഭവ് സൂര്യവംശി പത്തില്‍ തോറ്റുപോയെന്നാണ് പുതിയ പ്രചരണം.
സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയുടെ ഫലം വന്നതോടെ 'കളിച്ചുനടന്ന' വൈഭവിന്റെ റിസള്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. വൈഭവ് 10ല്‍ തന്നെയാണോ പഠിക്കുന്നത്? വൈഭവ് പരീക്ഷ എഴുതിയിരുന്നോ? എക്‌സ് പ്ലാറ്റ്‌ഫോമിലെ ഒരു അക്കൗണ്ടിലാണ് വൈഭവിന്റെ പരീക്ഷാ ഫലത്തെക്കുറിച്ച് ആദ്യമായി അഭ്യൂഹങ്ങള്‍ വന്നത്. പിന്നീട് മറ്റുള്ളവരും ഇത് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ വൈഭവ് പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടില്ലെന്നതാണു സത്യം. താജ്പുരിലെ മോഡസ്റ്റി സ്‌കൂളില്‍ എട്ടാം ക്ലാസിലാണ് വൈഭവ് ഇപ്പോള്‍ പഠിക്കുന്നത്. മേയ് 17ന് ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനായി ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ തിളങ്ങാനുള്ള തയാറെടുപ്പിലാണ് വൈഭവ്.
സീസണില്‍ അഞ്ചു മത്സരങ്ങള്‍ കളിച്ച താരം 155 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎലില്‍ പൂര്‍ത്തിയായ 12 മത്സരങ്ങളില്‍ മൂന്നെണ്ണം ജയിക്കാന്‍ മാത്രമാണ് രാജസ്ഥാന് ഇതുവരെ സാധിച്ചിട്ടുള്ളത്. ആറു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് രാജസ്ഥാന്‍ ഉള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ബിഹാറിന്റെ താരമാണ് വൈഭവ് സൂര്യവംശി.
രാജസ്ഥാന്‍ റോയല്‍സുമായുള്ള കരാറിന് മുമ്പ് തന്നെ തന്റെ വൈഭവം തെളിയിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 35 പന്തില്‍ 100 തികച്ചതോടെ ക്രിക്കറ്റ് ലോകം വീണ്ടും തരിച്ചുനിന്നു. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ തോറ്റതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെ പഠനവും കളിയും ഒരുമിച്ച് കൊണ്ടുപോവുക പ്രയാസമാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി. മഴ മൂലം കളി തടസ്സപ്പെട്ടാല്‍ വിജയികളെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഡക്ക്വര്‍ത്ത് ലൂയിസ് നിയമം (ഡിഎല്‍എസ് മെത്തേഡ്) ഉപയോഗിച്ച് 'പാവത്തിനെ ജയിപ്പിക്കണം' എന്ന് ചില ആരാധകര്‍ തമാശ പങ്കിട്ടു.