ഇന്ത്യ - പാക്ക് സംഘര്‍ഷത്തിനിടെ നാട്ടിലേക്ക് മടങ്ങി; സുരക്ഷ കാരണത്താല്‍ ഇനി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ശ്രീലങ്കന്‍ താരം; പിഎസ്എല്‍ വിട്ട താരം ഐപിഎലിലേക്ക്; പിസിബിക്ക് നാണക്കേട്
സുരക്ഷ കാരണത്താല്‍ ഇനി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ശ്രീലങ്കന്‍ താരം
മുംബൈ: പാക്കിസ്ഥാനിലെ സുരക്ഷാ സംവിധാനങ്ങളില്‍ ആശങ്കകള്‍ ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് വിട്ട ശ്രീലങ്കന്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസ് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ലെന്ന് അറിയിച്ചതോടെയാണ് പകരക്കാരനായി കുശാല്‍ മെന്‍ഡിസിനെ ഗുജറാത്ത് റാഞ്ചിയത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് കുശാല്‍ മെന്‍ഡിസ് കളിച്ചിരുന്നത്.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര കളിക്കാനുള്ള ഇംഗ്ലണ്ട് ടീമില്‍ ബട്‌ലറുമുണ്ട്. 29 ന് പരമ്പര തുടങ്ങുന്നതിനാല്‍ ബട്ലറെ ഐപിഎല്‍ പ്ലേഓഫ് മത്സരങ്ങള്‍ക്കു കിട്ടില്ല. ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിവച്ചപ്പോള്‍ താരം നാട്ടിലേക്കു മടങ്ങിയിരുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങുമെങ്കിലും പാക്കിസ്ഥാനിലേക്കു പോകാന്‍ മെന്‍ഡിസ് തയാറായില്ല. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണു താരത്തിന്റെ പിന്‍മാറ്റം.
എന്നാല്‍ തൊട്ടുപിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് കുശാല്‍ മെന്‍ഡിസിനെ 'സൈന്‍' ചെയ്തതായി പ്രഖ്യാപിച്ചു. ഗുജറാത്തിനായി പ്ലേ ഓഫില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ തന്നെ മെന്‍ഡിസ് ഇറങ്ങിയേക്കും. മെന്‍ഡിസിനു പുറമേ ഇന്ത്യന്‍ താരങ്ങളായ അനൂജ് റാവത്ത്, കുമാര്‍ കുശാഗ്ര എന്നിവരാണ് ഗുജറാത്തില്‍ വിക്കറ്റ് കീപ്പര്‍മാരായുള്ളത്. ഗ്ലാഡിയേറ്റേഴ്‌സിനായി അഞ്ച് മത്സരങ്ങള്‍ കളിച്ച മെന്‍ഡിസ് 143 റണ്‍സാണു പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നേടിയത്.