ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ശ്രേയസ് അയ്യരും ദേവ്ദത്ത് പടിക്കലുമില്ല; സര്‍പ്രൈസായി മറ്റൊരു മലയാളി താരത്തിന്റെ എന്‍ട്രി; ഗെയ്ക്വാദിനെ തഴഞ്ഞ് ധ്രുവ് ജുറേലിന് വൈസ് ക്യാപ്റ്റന്‍സി; സഞ്ജുവിനെ ഒഴിവാക്കി; ഇഷാന്‍ കിഷന്റെ തിരിച്ചുവരവ്; തലമുറ മാറ്റത്തിന് ടീം ഇന്ത്യ

തലമുറ മാറ്റത്തിന് ടീം ഇന്ത്യ

Update: 2025-05-16 17:37 GMT

മുംബൈ: ഈ മാസം അവസാനം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടക്കുന്ന അനൗദ്യോഗിക ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിത എന്‍ട്രിയായി കരുണ്‍ നായര്‍. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളാണ് കരുണ്‍ നായര്‍ക്ക് വീണ്ടും ദേശീയ ടീമിലേക്ക് വഴിതുറന്നത്. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ സീനിയര്‍ ടീമിലേക്ക് കരുണിന് വഴിതുറക്കും. അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീമില്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിച്ച ആറ് താരങ്ങള്‍ ഇടം നേടി. അതേ സമയം ടീമിലിടം നേടുമെന്ന് പ്രതീക്ഷിച്ച ശ്രേയസ് അയ്യരും മലയാളി താരം ദേവ്ദത്ത് പടിക്കലും എ ടീമിലെത്തിയില്ല.

2016ല്‍ നടന്ന ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചറി നേടിയ താരമാണ് കരുണ്‍. രഞ്ജി സീസണില്‍ വിദര്‍ഭയ്ക്കായി 863 റണ്‍സടിച്ച് ടോപ് സ്‌കോറര്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. ഡിവിഷന്‍ വണ്‍ കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ നോര്‍ത്താംപ്ടന്‍ ടീമിനു വേണ്ടിയും കരുണ്‍ കളിച്ചിട്ടുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയും ഒഴിയുമ്പോള്‍ ടെസ്റ്റ് ടീമില്‍ വരുന്ന വിടവ് നികത്താന്‍ കരുണ്‍ നായരെയും അഭിമന്യു ഈശ്വരനെയും ബിസിസിഐ പരിഗണിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സീനിയര്‍ ടീമിനെയും ബിസിസിഐ വൈകാതെ പ്രഖ്യാപിക്കും.

യശസ്വി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, ഹര്‍ഷിത് റാണ, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ എന്നിവരാണ് എ ടീമില്‍ ഇടം നേടിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടീമിലുണ്ടായിരുന്ന താരങ്ങള്‍,. മികച്ച ഫോമിലായിരുന്ന ശ്രേയസ് ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ഐപിഎല്ലിനിടേയേറ്റ പരിക്കാണ് തിരിച്ചടിയായത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത മാനവ് സുത്താര്‍, തനുഷ് കൊടിയാന്‍, ഹര്‍ഷ് ദുബെ, അന്‍ഷുല്‍ കാംബോജ് എന്നിവരും ടീമിലെത്തി. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളാണ് ഇന്ത്യ എ ടീം കളിക്കുക. മെയ് 30 മുതല്‍ ജൂണ്‍ രണ്ട് വരെയും ജൂണ്‍ ആറ് മുതല്‍ ഒമ്പത് വരെയും ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ കളിക്കുന്ന ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമുമായി ജൂണ്‍ 13 മുതല്‍ 16 വരെ പരിശീലന മത്സരത്തിലും കളിക്കും.

ജൂണ്‍ ആറ് മുതല്‍ നടക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റിനുള്ള ടീമില്‍ ടെസ്റ്റ് ടീം നായകനാകുമെന്ന് കരുതുന്ന ശുഭ്മാന്‍ ഗില്ലിനെയും സായ് സുദര്‍ശനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷംയുവതാരം ഇഷാന്‍ കിഷന്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് ഇടംകണ്ടെത്താനായില്ല,. രണ്ടാം മത്സരത്തിനു മുന്‍പ് യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരും ഇന്ത്യ എ ടീമിനൊപ്പം ചേരും. രാജസ്ഥാന്‍ റോയല്‍സ് താരം ധ്രുവ് ജുറേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ സ്‌ക്വാഡ്: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഷാര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍, മാനവ് സുത്താര്‍, തനുഷ് കൊടിയന്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്, റുതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷ് ദുബെ. രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേരും.

Tags:    

Similar News