തുടക്കം തകര്‍ച്ചയോടെ; ബാറ്റിങ് വെടിക്കെട്ടുമായി നേഹല്‍ വധേരയും ശശാങ്ക് സിങും ഒമര്‍സായിയും; രാജസ്ഥാന് 220 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പഞ്ചാബ്

രാജസ്ഥാന് 220 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പഞ്ചാബ്

Update: 2025-05-18 12:09 GMT

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 220 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പഞ്ചാബ് കിങ്‌സ്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. 37 പന്തുകളില്‍ അഞ്ചു വീതം സിക്‌സുകളും ഫോറുകളും പറത്തി 70 റണ്‍സെടുത്ത നേഹല്‍ വധേരയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ശശാങ്ക് സിങ് (30 പന്തില്‍ 59) അര്‍ധ സെഞ്ചറി നേടി പുറത്താകാതെനിന്നു.

പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 34 റണ്‍സിനിടെ പഞ്ചാബിന് മൂന്ന് വിക്കറ്റ് നഷ്ടമായി. പിന്നാലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും നേഹല്‍ വധേരയും ചേര്‍ന്ന കൂട്ടുകെട്ടാണ് പഞ്ചാബിനെ രക്ഷിച്ചത്. ശ്രേയസ് അയ്യര്‍ (25 പന്തില്‍ 30), പ്രബ്‌സിമ്രന്‍ സിങ് (10 പന്തില്‍ 21), അസ്മത്തുല്ല ഒമര്‍സായി (ഒന്‍പതു പന്തില്‍ 21) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശശാങ്ക് സിങ്ങും അസ്മത്തുല്ല ഒമര്‍സായിയും ചേര്‍ന്നാണ് പഞ്ചാബിനെ 200 കടത്തിയത്. ഐപിഎല്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന പഞ്ചാബിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ ഒവന്‍ പൂജ്യത്തിനു പുറത്തായി. രാജസ്ഥാനു വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ക്വെന മഫാക, റിയാന്‍ പരാഗ്, ആകാശ് മധ്‌വാള്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇല്ലാതായ രാജസ്ഥാന്‍ അവസാന രണ്ടു കളികളും ജയിച്ച് സീസണ്‍ അവസാനിപ്പിക്കാനാണു ശ്രമിക്കുന്നത്.12 കളികളില്‍ മൂന്നെണ്ണം മാത്രം ജയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. പ്ലേ ഓഫ് കാത്തിരിക്കുന്ന പഞ്ചാബ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. 11 കളികള്‍ പൂര്‍ത്തിയാക്കിയ പഞ്ചാബ് ഏഴ് വിജയങ്ങള്‍ സ്വന്തമാക്കി.

സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ്, സൂപ്പര്‍ കിങ്‌സ് പഞ്ചാബ് ടീമുകള്‍ ഇന്ത്യന്‍ സായുധ സേനയ്ക്ക് ആദരമര്‍പ്പിച്ചു. ദേശീയഗാനത്തിനൊപ്പം ഗാലറി ഒന്നടങ്കം എഴുന്നേറ്റു നിന്ന് രാജ്യത്തിന് രക്ഷാകവചമേകുന്നവര്‍ക്ക് ആദരമേകി. സ്റ്റേഡിയത്തിലെ സ്‌ക്രീനുകളില്‍ 'സായുധ സേനയ്ക്ക് നന്ദി' എന്ന് തെളിയുകയും ചെയ്തു.

പാക്കിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ പുനഃരാരംഭിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ മത്സരമാണ് രാജസ്ഥാന്‍-പഞ്ചാബ് പോരാട്ടം. ശനിയാഴ്ചയാണ് മത്സരം പുനഃരാരംഭിച്ചതെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള പോരാട്ടം ടോസ് പോലും ഇടാതെ മഴ കാരണം ഉപേക്ഷിച്ചിരുന്നു.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിച്ചതിന് ഇന്ത്യന്‍ സായുധ സേനയ്ക്ക് ടോസിനിടെ പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നന്ദി പറയുകയും ചെയ്തിരുന്നു. 'രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ഞങ്ങളെ സുരക്ഷിതമായ ഒരു സ്ഥാനത്ത് എത്തിക്കുകയും ചെയ്ത സൈനികര്‍ക്ക് അഭിനന്ദനങ്ങള്‍' ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചശേഷം ടോസ് സമയത്ത് ശ്രേയസ് അയ്യര്‍ പറഞ്ഞു.

Similar News