മത്സരശേഷം ഹസ്ത്ദാനം നല്‍കാനായി ഗ്രൗണ്ടിലേക്ക് പോകാനൊരുങ്ങിയ ജസ്പ്രീത് ബുമ്രയെ തിരിച്ചുവിളിച്ച് സാനിറ്റൈസര്‍ ഒഴിച്ചുകൊടുത്ത് നിത അംബാനി; രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുമ്പോള്‍ കരുതലുമായി മുംബൈ ഇന്ത്യന്‍സ് ഉടമ; 'മുതലാളി'യുടെ ജാഗ്രതയ്ക്ക് കൈയടിച്ച് ആരാധകര്‍

'മുംബൈ മുതലാളി'യുടെ ജാഗ്രതയ്ക്ക് കൈയടിച്ച് ആരാധകര്‍

Update: 2025-05-22 06:30 GMT

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയ തകര്‍പ്പന്‍ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ബാറ്റിംഗില്‍ സൂര്യകുമാര്‍ യാദവും ബൗളിംഗില്‍ ജസ്പ്രീത് ബുമ്രയും മിച്ചല്‍ സാന്റ്‌നറുമായിരുന്നു മുംബൈക്കായി ജയമൊരുക്കിയത്. സൂര്യകുമാര്‍ 43 പന്തില്‍ 73 റണ്‍സുമാി പുറത്താകാതെ നിന്നപ്പോള്‍ ബുമ്രയും സാന്റ്‌നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഡല്‍ഹിയെ എറിഞ്ഞൊതുക്കി.

എന്നാല്‍ മത്സര ശേഷം മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്കായി ഉടമ നിത അംബാനി പുലര്‍ത്തിയ ജാഗ്രതയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മുംബൈ ജയിച്ചശേഷം കളിക്കാര്‍ പതിവ് ഹസ്തദാനത്തിനായി തയാറെടുക്കുമ്പോള്‍ നിത അംബാനി പേസര്‍ ജസ്പ്രീത് ബുമ്രയെ വിളിച്ച് കൈകള്‍ സാനിറ്റൈസ് ചെയ്യാനായി ആവശ്യപ്പെടുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

മത്സരശേഷം കളിക്കാര്‍ക്ക് പതിവ് ഹസ്ത്ദാനം നല്‍കാനായി ഗ്രൗണ്ടിലേക്ക് പോകാനൊരുങ്ങിയ ജസ്പ്രീത് ബുമ്രയെ തിരിച്ചുവിളിച്ച് കൈകളിലേക്ക് സാനിറ്റൈസര്‍ ഒഴിച്ചുകൊടുത്ത നിത അംബാനി പിന്നീട് മുംബൈ ബൗളറായ കരണ്‍ ശര്‍മയുടെ കൈകളിലേക്കും സാനിറ്റൈസര്‍ ഒഴിച്ചുകൊടുത്തു. ഇതിനുശേഷമാണ് ബുമ്രയും കരണ്‍ ശര്‍മയും ഡല്‍ഹി താരങ്ങള്‍ക്ക് കൈ കൊടുക്കാനായി ഗ്രൗണ്ടിലേക്ക് നീങ്ങിയത്. കൊവഡ് 19 കാലത്തായിരുന്നു കളിക്കാര്‍ കൂടുതലായും ഇത്തരത്തില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചിരുന്നത്.

എന്നാല്‍ സമീപകാലത്ത് രാജ്യത്തെ വിവിധ സ്ഥാനങ്ങളില്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ടീം ഉടമ നിത അംബാനി കളിക്കാരുടെ കാര്യത്തില്‍ കരുതലെടുത്തത്. സമീപകാലത്തായി കേരളത്തിലും ഉത്തര്‍പ്രേദേശിലും മഹാരാഷ്ട്രയിലുമായി 250ഓളം കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് 19 വീണ്ടും പടരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ കളിക്കാര്‍ക്ക് പരസ്പരം കൈ കൊടുക്കുന്നതിന് പകരം മുഷ്ടികള്‍ കൂട്ടിയിടിക്കുന്ന പഴയ രീതിയാണ് മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തിനുശേഷം പിന്തുടര്‍ന്നത്.

ഇന്ത്യയുടെ പേസ് ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രിത് ബുംമ്രയെ മുംബൈ സ്വന്തമാക്കിയതിന് പിന്നിലെ കഥ മുമ്പൊരിക്കല്‍ ടീം ഉടമയായ നിത അംബാനി വെളിപ്പെടുത്തിയിരുന്നു.


'വിചിത്രമായ ശരീരഭാഷയുള്ള, ബോളിങ് ആക്ഷനുള്ള ഒരു യുവ ക്രിക്കറ്ററെ ഞങ്ങളുടെ സ്‌കൗട്ടുകള്‍ കണ്ടെത്തി. അദ്ദേഹം പന്തെറിയുന്നത് ഒന്ന് കണ്ടുനോക്കൂ എന്ന് സ്‌കൗട്ടുകള്‍ എന്നോട് പറഞ്ഞു. അദ്ദേഹത്തിന് പന്തിനോട് സംസാരിക്കാന്‍ കഴിയുന്നുണ്ടെന്ന് എനിക്ക് തോന്നി. അതായിരുന്നു ഞങ്ങളുടെ ബുംമ്ര. പിന്നീട് നടന്നത് ചരിത്രമാണ്', നിത അംബാനി പറഞ്ഞു.

'കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ തിലക് വര്‍മ്മയെയും ഞങ്ങള്‍ പുറത്തിറക്കി. ഇപ്പോള്‍ അദ്ദേഹം ടീം ഇന്ത്യയുടെ അഭിമാന താരമാണ്' നിത അംബാനി പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഴ്‌സറി എന്ന് വിളിച്ചാലും തെറ്റില്ലെന്ന് നിത അംബാനി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഐപിഎല്‍ 2025 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനോടാണ്. മാര്‍ച്ച് 23 ന് ചെന്നൈയില്‍ വെച്ചാണ് ഐപിഎല്ലിലെ എല്‍ ക്ലാസികോ എന്നറിയപ്പെടുന്ന ചെന്നൈ-മുംബൈ ആവേശപ്പോരാട്ടം. ഈ സീസണിലും ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് മുംബൈയെ നയിക്കുക. എങ്കിലും ഈ സീസണിലെ ആദ്യ മത്സരം കഴിഞ്ഞ സീസണിലെ ഓവര്‍ റേറ്റിനെത്തുടര്‍ന്നുണ്ടായ സസ്‌പെന്‍ഷന്‍ കാരണം ഹാര്‍ദിക്കിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News