ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്താന്‍ ഇന്ത്യയുടെ കൗമാരപ്പടയില്‍ ഒരു 'മലയാളിപ്പയ്യന്‍സ്'; വഴിയൊരുക്കിയത്, ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മിന്നും പ്രകടനം; ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ മുഹമ്മദ് ഇനാന്‍ ഇടംനേടിയതോടെ പ്രതീക്ഷയില്‍ ആരാധകര്‍
ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ മുഹമ്മദ് ഇനാന്‍ ഇടംനേടിയതോടെ പ്രതീക്ഷയില്‍ ആരാധകര്‍
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കൗമാര സെന്‍സേഷന്‍ ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ 'വണ്ടര്‍ ബോയ്' വൈഭവ് സൂര്യവംശിയും ഇത്തവണ ടീമിലിടം പിടിച്ചു. ഇന്ത്യയുടെ കൗമാരപ്പടയില്‍ ഇത്തവണ മലയാളി താരവും ഇടം പിടിച്ചിരിക്കുകയാണ്. ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാനാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ സ്ഥാനം ലഭിച്ച മലയാളി താരം.
ജൂണ്‍ 24 മുതല്‍ ജൂലയ് 23 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലും മുഹമ്മദ് ഇനാന്‍ ഇടംപിടിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍-19 ടെസ്റ്റ്, ഏകദിന പരമ്പരയില്‍ ഇനാന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടെസ്റ്റ് മത്സരവും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായക ശക്തിയായത് മുഹമ്മദ് ഇനാന്റെ മിന്നുന്ന പ്രകടനമായിരുന്നു. ഏകദിനത്തില്‍ 6 വിക്കറ്റും ടെസ്റ്റില്‍ 16 വിക്കറ്റും നേടി മികച്ച പ്രകടനമാണ് ഇനാന്‍ ഈ മത്സരങ്ങളിലുടെനീളം പുറത്തെടുത്തത്. 5 ഏകദിനങ്ങളും രണ്ട് ചതുര്‍ ദിന മത്സരങ്ങളുമായാണ് ടൂര്‍ണമെന്റ് ക്രമീകരിച്ചിരിക്കുന്നത്.
2025 ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. പര്യടനത്തില്‍ 50 ഓവര്‍ സന്നാഹ മത്സരവും തുടര്‍ന്ന് അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയും ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീമിനെതിരായ രണ്ട് മള്‍ട്ടി ഡേ മത്സരങ്ങളും ഉള്‍പ്പെടും.
ടീം അംഗങ്ങള്‍: ആയുഷ് മാത്രേ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ഷി, വിഹാന്‍ മല്‍ഹോത്ര, മൌല്യരാജ് സിംഗ് ചൌവ്ദ, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു, ഹര്‍വന്‍ഷ് സിംഗ്, ആര്‍.എസ് അംബരീഷ്, കനിഷ്‌ക് ഹൌഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുദ്ധജിത് ഗുഹ, പ്രണവ് രാഗവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോള്‍ജീത് സിംഗ്