കന്നി ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് ശ്രേയസും സംഘവും; താരങ്ങള്‍ പ്ലേ ഓഫിന് ഒരുങ്ങുമ്പോള്‍ തമ്മിലടിച്ച് പഞ്ചാബ് ടീം ഉടമകള്‍; തര്‍ക്കം മുറുകിയതോടെ സഹ ഉടമകള്‍ക്കെതിരെ പ്രീതി സിന്റ കോടതിയില്‍
ചണ്ഡീഗഡ്: ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ പഞ്ചാബ് കിംഗ്‌സ് ഐപിഎല്ലിലെ കന്നി കിരീടം ലക്ഷ്യമിട്ട് പ്ലേ ഓഫിന് ഒരുങ്ങുമ്പോള്‍ ടീം ഉടമകള്‍ തമ്മിലുള്ള അടി കോടതി കയറുന്നു. പഞ്ചാബ് കിംഗ്‌സിന്റെ സഹ ഉടമയായ പ്രീതി സിന്റ മറ്റ് ഉടമകളായ മോഹിത് ബര്‍മന്‍, നെസ് വാഡിയ എന്നിവര്‍ക്കെതിരെ കോടതിയെ സമീപിച്ചു. കമ്പനി നിയമവും, നടപടി ക്രമങ്ങളും പാലിക്കാതെ പഞ്ചാബ് ടീമിന്റെ മാതൃസ്ഥാപനമായ കെപിഎച്ച് ഡ്രീം ക്രിക്കറ്റിന്റെ അസാധാരണ പൊതുയോഗം ചേര്‍ന്നതിനും മുനീഷ് ഖന്നയെ ഡയറക്ടറായി നിയമിച്ചതിനും എതിരായാണ് പ്രീതി സിന്റ കോടതിയെ സമീപിച്ചത്.
ഏപ്രില്‍ 21ന് നടന്ന യോഗത്തില്‍ താനും മറ്റൊരു ഡയറക്ടറായ കരണ്‍ പോളും പങ്കെടുത്തിരുന്നെങ്കിലും 2013ലെ കമ്പനി നിയമം അനുസരിച്ചല്ല ഈ യോഗം ചേര്‍ന്നതന്നും അതിനാല്‍ ഈ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ അസാധുവാക്കണമെന്നും മുനീഷ് ഖന്നയെ ഡയറ്കടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും പ്രീതി സിന്റ കോടതിയില്‍ ആവശ്യപ്പെട്ടു.
യോഗം ചേരാനുള്ള അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 10ന് തന്നെ ഇ മെയിലിലൂടെ താന്‍ എതിര്‍പ്പ് അറിയിച്ചിരന്നുവെന്നും എന്നാല്‍ തന്റെ എതിര്‍പ്പ് അവഗണിച്ച് നെസ് വാഡിയയുടെ പിന്തുണയില്‍ മോഹിത് ബര്‍മന്‍ യോഗവുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നു പ്രീതി സിന്റ പരാതിയില്‍ ആരോപിച്ചു.
യോഗത്തില്‍ മുനീഷ് ഖന്നയെ ഡയറക്ടറായി നിയമിക്കാനുള്ള തീരുമാനത്തെ താനും കരണ്‍ പോളും എതിര്‍ത്തെങ്കിലും മോഹിത് ബര്‍മനും നെസ് വാഡിയയും തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. പ്രശ്‌നം പരിഹരിക്കുന്നത് വരെ വീണ്ടും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാനോ മുനീഷ് ഖന്നയെ ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ ഇടപെടാനോ അനുവദിക്കരുതെന്നും പ്രീതി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിന്റയും മറ്റൊരു ഡയറക്ടറായ കരണ്‍ പോളും യോഗത്തില്‍ പങ്കെടുത്തുവെങ്കിലും, അത് അസാധുവായി പ്രഖ്യാപിക്കണമെന്നാണ് അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യോഗത്തില്‍ വെച്ച് മുനീഷ് ഖന്നയെ ഡയറക്ടറായി നിയമിച്ചതാണ് എതിര്‍പ്പുകള്‍ക്കിടയാക്കിയത്. കരണ്‍ പോളും പ്രീതി സിന്റയും ഈ നീക്കത്തിന് എതിരാണ്.
ഖന്ന ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് തടയണം, ആ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ കമ്പനി നടപ്പാക്കുന്നത് തടയണമെന്നും സിന്റ കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് തീര്‍പ്പാകുന്നതുവരെ കമ്പനി ബോര്‍ഡ് യോഗങ്ങള്‍ നടത്തുന്നത് തടയാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടയിലും പഞ്ചാബ് കിംഗ്‌സിന്റെ എല്ലാ മത്സരങ്ങള്‍ക്കും പിന്തുണക്കാനായി പ്രീതി സിന്റ ഗ്യാലറിയില്‍ എത്തിയിരുന്നു. പത്ത് വര്‍ഷത്തിനുശേഷം ആദ്യമായി ഐപിഎല്ലില്‍ പ്ലേ ഓഫിന് യോഗ്യത നേടിയ പഞ്ചാബ് 12 കളികളില്‍ 17 പോന്റുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. ശനിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആണ് പഞ്ചാബിന്റെ അടുത്ത മത്സരം. 26ന് മുംബൈ ഇന്ത്യന്‍സുമായും പഞ്ചാബിന് മത്സരമുണ്ട്.